ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കും, തീരുമാനവുമായി ക്വിന്റണ്‍ ഡി കോക്ക്

Photo: AFP
Photo: AFP

ജൊഹന്നാസ്ബര്‍ഗ്: 2023 ക്രിക്കറ്റ് ലോകകപ്പിനുശേഷം അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ക്വിന്റണ്‍ ഡി കോക്ക്. ലോകകപ്പ് ടീമിലിടം നേടിയതിന് പിന്നാലെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഡി കോക്കിന്റെ വെളിപ്പെടുത്തല്‍. 

2013-ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച താരം പ്രോട്ടീസിനായി ഇതുവരെ 140 മത്സരങ്ങളില്‍ പാഡണിഞ്ഞു. 44.85 ശരാശരിയില്‍ 5966 റണ്‍സ് നേടി. 17 സെഞ്ചുറിയും 29 അര്‍ധസെഞ്ചുറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 2016-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നേടിയ 178 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വിക്കറ്റ് കീപ്പറെന്ന നിലയില്‍ 183 ക്യാച്ചുകളും 14 സ്റ്റംപിങ്ങുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. 

30 വയസ്സ് മാത്രം പ്രായമുള്ള ഡി കോക്ക് കഴിഞ്ഞ രണ്ട് ഏകദിന ലോകകപ്പുകളിലും കളിച്ചിരുന്നു. ലോകകപ്പില്‍ 17 മത്സരങ്ങള്‍ കളിച്ച താരം 450 റണ്‍സ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ടീമിനെ എട്ട് ഏകദിനത്തില്‍ നയിക്കാനും താരത്തിന് സാധിച്ചു. അതില്‍ നാല് മത്സരങ്ങളില്‍ വിജയിച്ചു. മൂന്നെണ്ണം തോറ്റു. 

ലോകകപ്പില്‍ ഒക്ടോബര്‍ ഏഴിന് ശ്രീലങ്കയ്‌ക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. ഇതുവരെ ലോകകപ്പില്‍ മുത്തമിടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടില്ല.

Content Highlights: quinton de cock set to retire from ODIs after 2023 World Cup