ലഖ്നൗവിനെയും തകർത്തു, ഐപിഎല്ലിൽ തോൽവിയറിയാതെ പഞ്ചാബിന്റെ കുതിപ്പ്

ചണ്ഡീഗഢ്: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തകർത്തെറിഞ്ഞ് പഞ്ചാബ്. 54 റൺസിനാണ് ജയം. പഞ്ചാബ് ഉയർത്തിയ 255 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന്റെ ഇന്നിങ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ അവസാനിച്ചു. ഐപിഎല്ലിൽ അപരാജിതക്കുതിപ്പ് തുടരുകയാണ് പഞ്ചാബ്. ഒരു മത്സരം പോലും ടീം തോറ്റിട്ടില്ല. നേരത്തേ പ്രിയാൻഷ് ആര്യയുടെയും കൂപ്പർ കൊണോലിയുടെയും തകർപ്പൻ ബാറ്റിങ്ങാണ് പഞ്ചാബിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ഇരുവരും അർധസെഞ്ചുറി തികച്ചു.
പഞ്ചാബ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗ തകർത്തടിച്ചാണ് തുടങ്ങിയത്. ഓപ്പണർമാരായ മിച്ചൽ മാർഷും ആയുഷ് ബദോനിയും അതിവേഗം സ്‌കോറുയർത്തി. ടീം അഞ്ചോവറിൽ 55 ലെത്തി. പിന്നാലെ 21 പന്തിൽ നിന്ന് 35 റൺസെടുത്ത് ബദോനി കൂടാരം കയറി. വൺ ഡൗണായി ഇറങ്ങിയ ക്യാപ്റ്റൻ ഋഷഭ് പന്തും മിച്ചൽ മാർഷും പഞ്ചാബ് ബൗളർമാരെ കണക്കിന് പ്രഹരിക്കുന്നതാണ് പിന്നീട് കണ്ടത്. ഏഴാം ഓവറിൽ 17 റൺസും എട്ടാം ഓവറിൽ 13 റൺസും പിറന്നു. പത്തോവറിൽ 102-1 എന്ന നിലയിലായിരുന്നു ടീം.
എന്നാൽ മാർഷും പന്തും പുറത്തായതോടെ ലഖ്‌നൗ പ്രതിരോധത്തിലായി. മാർഷ് 28 പന്തിൽ നിന്ന് 40 റൺസെടുത്തപ്പോൾ പന്ത് 23 പന്തിൽ നിന്ന് 43 റൺസെടുത്തു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ലഖ്‌നൗവിനായില്ല. നിക്കൊളാസ് പുരാൻ ഒൻപത് റൺസെടുത്തു. 16-ാം ഓവറിൽ ടീം 150 റൺസ് കടന്നു. എയ്ഡൻ മാർക്രമും മുകുൾ ചൗധരിയും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ടീമിന്റെ തോൽവിഭാരം കുറച്ചെന്നുമാത്രം. മാർക്രം 22 പന്തിൽ നിന്ന് 42 റൺസെടുത്തു.
പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണെടുത്തത്. ആദ്യം ബാറ്റുചെയ്യാനിറങ്ങിയ പഞ്ചാബിന്റേത് ഉജ്ജ്വല തുടക്കമായിരുന്നു. പ്രഭ്‌സിമ്രാൻ സിങ് ആദ്യ ഓവറിൽ തന്നെ ഡക്കായി മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ ഒന്നിച്ച കൂപ്പർ കൊണോലിയും പ്രിയാൻഷ് ആര്യയും തകർത്തടിച്ചു. പ്രിയാൻഷായിരുന്നു കൂടുതൽ അപകടകാരി. ഇരുവരും ലഖ്‌നൗ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. പവർപ്ലേയിൽ 63 റൺസാണ് പഞ്ചാബ് അടിച്ചെടുത്തത്. വെടിക്കെട്ട് തുടർന്ന ഇരുവരും ഒൻപതാം ഓവറിൽ തന്നെ ടീമിനെ നൂറുകടത്തി. പ്രിയാൻഷ് അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു.
കൊണോലിയും വേഗത്തിൽ റൺസ് കണ്ടെത്തിയതോടെ ലഖ്‌നൗ പ്രതിരോധത്തിലായി. 11-ാം ഓവറിൽ താരത്തിന്റെ അർധസെഞ്ചുറിയുമെത്തി. പിന്നീടങ്ങോട്ട് ഇരുവരുടെയും വെടിക്കെട്ട് പൂരത്തിനാണ് മൈതാനം സാക്ഷ്യം വഹിച്ചത്. ആവേശ് ഖാൻ എറിഞ്ഞ 12-ാം ഓവറിൽ 18 റൺസും എയ്ഡൻ മാർക്രമെറിഞ്ഞ 13-ാം ഓവറിൽ 32 റൺസുമാണ് പിറന്നത്. ആ ഓവറിൽ അഞ്ച് സിക്‌സറുകളാണ് പിറന്നത്. 13 ഓവറിൽ ടീം 179 ലെത്തി. പിന്നീട് വിക്കറ്റുകൾ വീണതോടെ പഞ്ചാബിന്റെ റണ്ണൊഴുക്ക് കുറഞ്ഞു.
കൊണോലി 46 പന്തിൽ നിന്ന് 87 റൺസെടുത്തും പ്രിയാൻഷ് 37 പന്തിൽ നിന്ന് 93 റൺസെടുത്തും പുറത്തായി. ശ്രേയസ് അയ്യർ(5), നേഹൽ വധേര(13) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. അവസാനഓവറുകളിൽ മാർക്കസ് സ്‌റ്റോയിനിസും(29) ശശാങ്ക് സിങ്ങും(17) മിന്നിച്ചതോടെ ടീം 250 കടന്നു.
Content Highlights: Punjab Kings vs Lucknow Super Giants ipl match