ആദ്യ ഏഴു കളികളിലും അപരാജിതർ, പിന്നീട് നിലംതൊട്ടില്ല; മത്സരശേഷം ശ്രേയസ് അയ്യർ-പ്രീതി സിന്റ ചർച്ച

#സ്പോർട്സ് ഡെസ്ക്
പ്രീതി സിന്റയും ശ്രേയസ് അയ്യരും | X.com/@IyerShreyass
പ്രീതി സിന്റയും ശ്രേയസ് അയ്യരും | X.com/@IyerShreyass

ധരംശാല: ഐപിഎല്ലിൽ ഉജ്ജ്വലമായി തുടങ്ങിയ ടീമാണ് പഞ്ചാബ് കിങ്സ്. ആദ്യ ഏഴുമത്സരങ്ങളിലും ടീം തോൽവിയറിഞ്ഞിരുന്നില്ല. എന്നാൽ, പിന്നീട് ടീം നിരനിരയായി തോറ്റു. കഴിഞ്ഞദിവസം ബെംഗളൂരുവിനെതിരേയും തോറ്റതോടെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്കടക്കം കനത്ത മങ്ങലേറ്റു. ഇനി ലഖ്നൗവിനെതിരായ മത്സരം മാത്രമാണ് ശേഷിക്കുന്നത്. പഞ്ചാബിനെ സംബന്ധിച്ച് അതിനിർണായകമാണിത്.

ആർസിബിയോടേറ്റ തോൽവിക്ക് പിന്നാലെ നായകൻ ശ്രേയസ് അയ്യരും സഹ ഉടമ പ്രീതി സിന്റയും ചർച്ച ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടുത്ത നിരാശയിലായിരുന്നു പഞ്ചാബ് ക്യാംപ്. ഗംഭീരമായി തുടങ്ങിയിട്ടും പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിലായതോടെ നായകൻ ശ്രേയസുൾപ്പെടെ സമ്മർദത്തിലാണ്. മത്സരശേഷം സിന്റ അയ്യരുമായി ഏറെനേരം സംസാരിച്ചു. ഡഗൗട്ടിൽ താരങ്ങൾ നിരാശയോടെ ഇരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ആർസിബി താരം ജിതേഷ് ശർമയുമായും പ്രീതി സിന്റ സംസാരിച്ചു.

മത്സരത്തിൽ ബെംഗളൂരു മികച്ച തുടക്കം നേടി. അതിനുശേഷം പവർപ്ലേയ്ക്ക് ശേഷം ബൗളർമാരെ നേരിടാൻ തുടങ്ങി. 222 എന്ന സ്കോറിൽ എത്തിയത് അഭിനന്ദനാർഹമായ പ്രകടനമാണ്. ബൗളിങ്ങിൽ ഞങ്ങൾക്ക് അത്രയധികം വിക്കറ്റുകൾ എടുക്കാൻ കഴിഞ്ഞില്ല. പവർപ്ലേയിൽ തന്നെ മത്സരം നഷ്ടപ്പെട്ടെന്നും മത്സരശേഷം ശ്രേയസ് പറഞ്ഞു.

തുടർച്ചയായി ആറാം തോൽവിയാണ് പഞ്ചാബിന്റേത്. പഞ്ചാബിനെ തോൽപ്പിച്ചതോടെ ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മാറി. പഞ്ചാബ് കിങ്‌സിനെ 23 റൺസിനാണ് ബെംഗളൂരു കീഴടക്കിയത്. 13 കളിയിൽ ഒൻപതു വിജയവുമായി 18 പോയിന്റോടെയാണ് നിലവിലെ ചാമ്പ്യന്മാർ പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചത്. ബെംഗളൂരു ഉയർത്തിയ 223 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനേ ആയുള്ളൂ.

Content Highlights: Punjab Kings face severe setback in IPL 2026 playoff qualification., RCB secures playoff spot after defeating Punjab Kings by 23 runs., Shreyas Iyer and Preity Zinta discussed team performance post-match., Punjab Kings' final remaining league match is against Lucknow.