അമിതഭാരം, അച്ചടക്കമില്ലായ്മ,മുംബൈ ടീമില്‍ നിന്ന് പുറത്തായി പൃഥ്വി ഷാ; താരത്തിന്റെ പോക്ക് ഇതെങ്ങോട്ട്

Photo: x.com/ delhi capitals
Photo: x.com/ delhi capitals

മുംബൈ: ടീം ഇന്ത്യയുടെ ഭാവിതാരമെന്ന് പേരെടുത്ത ശേഷമുള്ള പൃഥ്വി ഷായുടെ വീഴ്ച ഏതൊരു ക്രിക്കറ്റ് ആരാധകനെയും ഞെട്ടിക്കാന്‍ പോന്നതായിരുന്നു. രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി, ദുലീപ് ട്രോഫി അരങ്ങേറ്റത്തിലും സെഞ്ചുറി, 2018-ല്‍ ന്യൂസീലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍, പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി. ഇന്ത്യയുടെ ഭാവി സച്ചിനെന്നായിരുന്നു താരത്തെ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ പോലും വിശേഷിപ്പിച്ചത്. എന്നാല്‍ പിന്നീട് ആ വിശേഷണത്തോട് നീതി പുലര്‍ത്തുന്ന പ്രകടനങ്ങളൊന്നും തന്നെ ഷായുടെ ഭാഗത്തു നിന്നുണ്ടായില്ല. അച്ചടക്കമില്ലായ്മയും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും പിന്നീട് താരത്തിന്റെ ക്രിക്കറ്റ് കരിയറിന് കരിനിഴല്‍ വീഴ്ത്തി.

ഒടുവിലിതാ മുംബൈ ടീം തങ്ങളുടെ രഞ്ജി ട്രോഫി ടീമില്‍ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയിരിക്കുകയാണ്. അച്ചടക്കമില്ലായ്മയും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമായി താരത്തിന് ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴിതുറന്നത്. ടീമിന്റെ പരിശീലന സെഷനുകള്‍ മുടക്കുന്നത് പതിവാക്കിയ ഷായെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഒഴിവാക്കിയിരിക്കുന്നത്. സമയത്ത് പരിശീനത്തിന് എത്താറുമില്ലായിരുന്നു. ശരീരഭാരം കൂടിയതിനാല്‍ കളിക്കാന്‍ യോഗ്യനല്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. സീസണില്‍ രണ്ടു മത്സരങ്ങളില്‍ കളിച്ച ഷായ്ക്ക് ഭേദപ്പെട്ട പ്രകടനം പോലും പുറത്തെടുക്കാനും സാധിച്ചിരുന്നില്ല. ബറോഡയ്ക്കെതിരായ മത്സരത്തില്‍ ഏഴ്, 12 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ഒരു റണ്ണെടുത്ത് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 39 റണ്‍സെടുത്തു.

സഞ്ജയ് പാട്ടീല്‍ (ചെയര്‍മാന്‍), രവി താക്കര്‍, ജീതേന്ദ്ര താക്കറെ, കിരണ്‍ പൊവാര്‍, വിക്രാന്ത് യെലിഗെതി എന്നിവരടങ്ങുന്ന മുംബൈ സെലക്ഷന്‍ കമ്മിറ്റിയാണ് താരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. ത്രിപുരയ്‌ക്കെതിരായ മൂന്നാം റൗണ്ട് മത്സരത്തില്‍ നിന്നാണ് താരത്തെ ഒഴിവാക്കിയിരിക്കുന്നത്. തുടര്‍ന്ന് കളിപ്പിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

പൃഥ്വി ഷായ്ക്ക് പകരം 29-കാരന്‍ ഇടംകൈയന്‍ ഓപ്പണിങ് ബാറ്റര്‍ അഖില്‍ ഹെര്‍വാദ്കറെ മുംബൈ ടീമിലെടുത്തിട്ടുണ്ട്.

പരിശീലനത്തിന് എത്തിയാല്‍ പോലും മാറിനില്‍ക്കുകയും മുന്‍കൂട്ടി അറിയിക്കാതെ പരിശീലന സെഷനുകള്‍ മുടക്കുന്നതും പതിവാക്കിയ ഷായുടെ ഉത്തരവാദിത്തമില്ലായ്മ ടീം മാനേജ്‌മെന്റിന്റെയും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും കടുത്ത എതിര്‍പ്പ് വിളിച്ചുവരുത്തിയിരുന്നു. ഇന്ത്യന്‍ ടീം അംഗങ്ങളായ ശ്രേയസ് അയ്യര്‍, ശാര്‍ദൂല്‍ താക്കൂര്‍ തുടങ്ങിയവരെല്ലാം കൃത്യമായി പരിശീലനത്തിന് എത്തുമ്പോഴാണ് ഷായുടെ ഈ ഉഴപ്പ്.

Content Highlights: Prithvi Shaw, once touted as India`s future star, has been dropped from the Mumbai Ranji team