30 ലക്ഷത്തില്‍ നിന്ന് 14.20 കോടിയിലേക്ക്, 20-കാരന് റെക്കോഡ് തുക; ആരാണ് പ്രശാന്ത് വീര്‍?

ദുബായ്: ഐപിഎല്‍ മിനി ലേലത്തില്‍ താരങ്ങളെ റാഞ്ചുകയാണ് ഫ്രാഞ്ചൈസികള്‍. പൊന്നും വിലകൊടുത്താണ് കൊല്‍ക്കത്ത ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെയും ലങ്കന്‍ പേസര്‍ മതീഷ പതിരണയേയും വാങ്ങിയത്. വിദേശതാരങ്ങള്‍ക്ക് പുറമേ അണ്‍ക്യാപ്ഡ് താരങ്ങളെയും ടീമുകള്‍ കൂടാരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്. അണ്‍ക്യാപ്ഡ് താരമായ പ്രശാന്ത് വീറിനെ റെക്കോഡ് തുക മുടക്കിയാണ് ചെന്നൈ സ്വന്തമാക്കിയത്.
14.20 കോടി രൂപയ്ക്കാണ് പ്രശാന്ത് വീര്‍ ചെന്നൈയുടെ തട്ടകത്തിലെത്തിയത്. ലേലത്തില്‍ രാജസ്ഥാനും ചെന്നൈയുമാണ് പ്രശാന്തിനായി രംഗത്തെത്തിയത്. ഇരുടീമുകളും വിട്ടുകൊടുക്കാതെ കോടികളെറിഞ്ഞ് മത്സരിച്ചു. ഒടുക്കം 14 കോടിയും കഴിഞ്ഞപ്പോള്‍ രാജസ്ഥാന്‍ പിന്‍വാങ്ങി. അതോടെ പ്രശാന്ത് ചെന്നൈയുടെ തട്ടകത്തിലെത്തി. 14.20 കോടിയാണ് ഫ്രാഞ്ചൈസി മുടക്കിയത്. ഐപിഎല്‍ ലേലത്തിന്റെ ചരിത്രത്തിലെ ഒരു അണ്‍ക്യാപ്ഡ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
Entering the world of yellove and how?🥳🔥
Prashant Veer, the most expensive uncapped player in the IPL!📈📈#WhistlePodu #IPLAuction pic.twitter.com/OwJY0FhoZK— Chennai Super Kings (@ChennaiIPL) December 16, 2025
അടിസ്ഥാന വിലയായ 30 ലക്ഷത്തില്‍ നിന്നാണ് പ്രശാന്തിനെ 14.20 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കുന്നത്. 20-കാരനായ പ്രശാന്ത് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടറാണ്. ചെന്നൈ വിട്ട രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായിട്ടായിരിക്കും താരം ടീമിലെത്തുക. ഇടംകൈയ്യന്‍ സ്പിന്നറായ പ്രശാന്ത് വീര്‍ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 12 ടി20 കളില്‍ നിന്നായി 112 റണ്‍സും 12 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 167.16 ആണ് സ്‌ട്രൈക്ക് റേറ്റ്. യുപി ടി20 ലീഗില്‍ നോയിഡ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു പ്രശാന്ത് വീര്‍. താരത്തിന്റെ ആദ്യ ഐപിഎല്ലായിരിക്കും 2026-ലേത്.
Content Highlights: Who Is Prashant Veer? 20-Year-Old All-Rounder CSK Bought For 14.2 Crore