റൊണാൾഡോ വിരമിച്ചതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ പോർച്ചുഗലിന് ഞെട്ടുന്ന തോൽവി

ലിസ്ബൺ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ പോർച്ചുഗലിന് ഞെട്ടിക്കുന്ന തോൽവി. ഒന്നിനെതിരേ നാലു ഗോളുകൾക്ക് ഡെന്മാർക്കിനോടാണ് പോർച്ചുഗൽ തോൽവി വഴങ്ങിയത്. യുവേഫ നേഷൻസ് ലീഗിലാണ് പോർച്ചുഗലിനെ ഡെന്മാർക്ക് ഞെട്ടിച്ചത്.
മികച്ച നിരയുമായാണ് പോർച്ചുഗൽ ഡെന്മാർക്കിനെതിരേ കളത്തിലിറങ്ങിയത്. റൊണാൾഡോയുടെ അഭാവത്തിൽ ഗോൺസാലോ റാമോസാണ് സ്ട്രൈക്കറായി കളിച്ചത്. ബ്രൂണോ ഫെർണാണ്ടസ്, ജാവോ ഫെലിക്സ്, റൂബൻ നെവസ് തുടങ്ങി സൂപ്പർ താരങ്ങളെല്ലാം പോർച്ചുഗീസ് നിരയിൽ പന്തുതട്ടി. എന്നാൽ മൈതാനത്ത് ഡെന്മാർക്ക് ആധിപത്യം പുലർത്തുന്നതാണ് കണ്ടത്. 43-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ പിയെരി ഹൊയ്ബെർഗാണ് ആദ്യഗോളടിക്കുന്നത്. ആദ്യ പകുതി ഈ ഗോളിന് ഡെന്മാർക്ക് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിൽ പോർച്ചുഗൽ വല നിറയ്ക്കുന്ന ഡെന്മാർക്ക് സംഘത്തെയാണ് കണ്ടത്. 50-ാം മിനിറ്റിലും 57-ാം മിനിറ്റിലും റാസ്മസ് ഹൊയ്ലൻഡ് ലക്ഷ്യം കണ്ടു. അതോടെ പോർച്ചുഗൽ വൻ പ്രതിരോധത്തിലായി. 75-ാം മിനിറ്റിൽ ജൊക്കിം ആൻഡേഴ്സണും ഗോളടിച്ചതോടെ പോർച്ചുഗൽ നാല് ഗോളിന് പിന്നിലായി. 94-ാം മിനിറ്റിൽ ബെർണാഡോ സിൽവ ആശ്വാസ ഗോൾ കണ്ടെത്തി. അന്താരാഷ്ട്ര ടൂർണമെന്റുകളിലെ പോർച്ചുഗലിന്റെ വലിയ പരാജയങ്ങളിലൊന്നാണിത്.
Content Highlights: Portugal lost 4-1 to Denmark in the UEFA Nations League