ഓസ്‌ട്രേലിയന്‍ മുന്‍ താരം ഷെയ്ന്‍ വാട്‌സനെ പാകിസ്താന്‍ പരിശീലകനാക്കാന്‍ നീക്കം

Photo | twitter.com/ImTanujSingh
Photo | twitter.com/ImTanujSingh

ഇസ്‌ലാമാബാദ്: ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടറും ഐ.പി.എലില്‍ ചെന്നൈയുടെ മുന്‍ താരവുമായ ഷെയ്ന്‍ വാട്‌സനെ പാകിസ്താന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി നിയമിക്കാന്‍ നീക്കം. ഷെയ്ന്‍ വാട്‌സനെ ലഭിക്കുന്നതിനായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പാക് ടീമിന് പരിശീലകനില്ല. 

ഏപ്രിലില്‍ ന്യൂസീലന്‍ഡുമായി നടക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി പുതിയ പരിശീലകനെ നിയമിക്കാനായിരിക്കും പി.സി.ബി.യുടെ ശ്രമം. വാട്‌സണ്‍ നിലവില്‍ പാക് ആഭ്യന്തര ക്രിക്കറ്റ് ലീഗായ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ പരിശീലകനാണ്. വാട്‌സനെക്കൂടാതെ വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമിയെയും പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം, വാട്‌സനെ സമീപിച്ചെന്നും താരത്തില്‍നിന്ന് ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ കുടുംബത്തോടൊപ്പം കഴിയുന്ന വാട്‌സണ്‍ ഈ വര്‍ഷമാണ് പാക് പി.എസ്.എല്‍. ടീമിന്റെ പരിശീലക ചുമതല ഏറ്റത്. മേജര്‍ ലീഗ് ക്രിക്കറ്റില്‍ സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സിന്റെ കൂടി പരിശീലകനായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഐ.സി.സി.യുടെയും ഐ.പി.എലിന്റെയും കമന്ററി രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്.

Content Highlights: pcb sounds out shane watson to coach pakistan