അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചു; പാക് ക്രിക്കറ്റര്‍ ഉമര്‍ അക്മലിന് മൂന്നു വര്‍ഷം വിലക്ക്

ഇസ്ലാമാബാദ്: പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ച താരം ഉമര്‍ അക്മലിന് ബോര്‍ഡ് മൂന്നു വര്‍ഷം വിലക്കേര്‍പ്പെടുത്തി. പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ഏജന്‍സിയാണ് ഉമറിന് വിലക്കേര്‍പ്പെടുത്തിയത്.
ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ കോഡിലെ 4.7.1 നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് താരത്തിനെതിരേ നടപടിയെടുത്തത്. ഇതോടെ പാക് താരത്തിന് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനത്തിലും പങ്കെടുക്കാന്‍ പറ്റില്ല.
ഒത്തുകളിക്കാനുള്ള വാഗ്ദാനം ലഭിച്ച വിവരം അധികാരികളെ അറിയിക്കാതിരുന്നതാണ് അക്മലിന് വിനയായത്. ടീം മാനേജരെ ഒത്തുകളി ഓഫര്‍ വന്നാല്‍ അറിയിച്ചിരിക്കണമെന്ന ചട്ടമുണ്ട്. നേരത്തെ വിഷയത്തില്‍ അഴിമതി വിരുദ്ധ ട്രൈബ്യൂണല്‍ വാദം കേള്‍ക്കണമെന്ന ആവശ്യം അക്മല്‍ ഉന്നയിക്കാതിരുന്നതിനാല്‍ പി.സി.ബി ഇക്കാര്യം മുന്‍ ലാഹോര്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട. ഫസല്‍ മിറാന്‍ ചോഹാന്‍ അധ്യക്ഷനായുള്ള അച്ചടക്ക സമിതിക്ക് വിട്ടിരുന്നു.
പാകിസ്താന് സൂപ്പര്‍ ലീഗിനിടെ ഒത്തുകളിക്കാനായി വാതുവെപ്പുകാര്‍ സമീപിച്ച വിവിരം മറച്ചുവെച്ചതിനാണ് താരത്തിനെതിരേ നടപടിയെടുത്തിരിക്കുന്നത്. ആരോപണത്തെ തുടര്‍ന്ന് താരത്തെ നേരത്തെ തന്നെ താത്കാലികമായി വിലക്കിയിരുന്നു.
Content Highlights: Pakistan cricketer Umar Akmal gets three-year ban for anti-corruption code breaches
Content Highlights: