ഇന്ത്യക്കെതിരെ പാകിസ്താന്റെ വിജയം ആഘോഷമാക്കി പാക് പ്രധാനമന്ത്രി; അവധി പ്രഖ്യാപിക്കുമോയെന്ന് ട്രോളുകൾ

ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപ്പിച്ചതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ ട്രോളുകൾ. ഇത്ര ചെറിയൊരു ടൂർണമെന്റിൽ പാകിസ്താന്റെ വിജയം വലിയ രീതിയിൽ ആഘോഷമാക്കിയതിനാണ് പാക് പ്രധാനമന്ത്രി ട്രോളുകൾ ഏറ്റുവാങ്ങിയത്. ഐസിസിയോ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലോ നടത്തുന്ന ടൂർണമെന്റല്ലാതിരുന്നിട്ടും ഇത്രയും വലിയ ആഘോഷം എന്തിനാണെന്നാണ് സോഷ്യൽ മീഡിയയിൽ ഒട്ടേറെപ്പേർ ചോദിച്ചത്. പാകിസ്താന് അവധി കൊടുക്കുമോ എന്നും ചിലർ പരിഹസിച്ചു.
'ഹോങ്കോങ് സിക്സസിൽ ഇന്ത്യക്കെതിരെ വിജയം നേടിയ പാകിസ്താൻ ടീമിന് അഭിനന്ദനങ്ങൾ. ഈ വിജയത്തിനായി സമർപ്പണത്തോടെ പ്രവർത്തിച്ച പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയേയും അദ്ദേഹത്തിന്റെ ടീമിനേയും ഞാൻ അഭിനന്ദിക്കുന്നു.'-ഷഹബാസ് ഷെരീഫ് എക്സിൽ കുറിച്ചു.
ഐസിസിയുടെ അനുമതിയോടെ ഹോങ്കോങ് ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന ഈ ടൂർണമെന്റിൽ ആറ് ഓവറാണ് ഓരോ മത്സരവും. ഓരോ ടീമിലും ആറ് താരങ്ങളുമാണുണ്ടാകുക. പാകിസ്താനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ആറ് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 88 റൺസാണെടുത്തത്. ശശാങ്ക് സിങ്ങ് 11 പന്തിൽ 40 റൺസ് അടിച്ചു. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 3.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്തു. 12 പന്തിൽ 41 റൺസ് നേടിയ ഖവാജ നഫായ്, എട്ട് പന്തിൽ 35 റൺസ് അടിച്ച അബ്ബാസ് അഫ്രീദി എന്നിവരാണ് പാകിസ്താന് അനായാസ വിജയമൊരുക്കിയത്.
യുഎഇയ്ക്കെതിരായ മത്സരത്തിലും ക്രുണാൽ പാണ്ഡ്യ ക്യാപ്റ്റനായ ഇന്ത്യൻ ടീം തോൽവി വഴങ്ങി. 10 പന്ത് ശേഷിക്കെ ആറ് വിക്കറ്റിനായിരുന്നു യുഎഇയുടെ വിജയം. ഇതോടെ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകുകയും ചെയ്തു.
Content Highlights: Pakistani Prime Minister Shehbaz Sharif congratulated the Pakistan cricket team for defeating India in the Hong Kong Sixes tournament., Social media users trolled the Prime Minister for overly celebrating a minor tournament win., India was eliminated from the tournament after losses to Pakistan and the UAE., Details of the match performances including Shashank Singh, Khawaja Nafay, and Abbas Afridi.