രണ്ട് സിക്‌സടിച്ച് പാകിസ്താന് വിജയം സമ്മാനിച്ച നസീം ഷായുടെ ബാറ്റ് ലേലത്തിന്

Photo: twitter.com/TheRealPCB
Photo: twitter.com/TheRealPCB

ദുബായ്: 2022 ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരമായിരുന്നു അഫ്ഗാനിസ്താന്‍-പാകിസ്താന്‍ പോരാട്ടം. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ പാകിസ്താന്‍ അവിശ്വസനീയമായി അഫ്ഗാനെ കീഴടക്കി ഫൈനലിലേക്ക് പ്രവേശനം നേടി. 

ഒരുഘട്ടത്തില്‍ അനായാസ വിജയം സ്വപ്‌നം കണ്ട അഫ്ഗാന് വലിയ തിരിച്ചടിയാണ് ഈ മത്സരം സമ്മാനിച്ചത്. അവസാന ഓവറില്‍ വാലറ്റക്കാരനായ പേസ് ബൗളര്‍ നസീം ഷായുടെ രണ്ട് പടുകൂറ്റന്‍ സിക്‌സുകളാണ് പാകിസ്താന് വിജയമേകിയത്. ഫസല്‍ ഫാറൂഖി ചെയ്ത അവസാന ഓവറില്‍ 11 റണ്‍സായിരുന്നു പാകിസ്താന്റെ വിജയലക്ഷ്യം. ഫാറൂഖിയുടെ ആദ്യ രണ്ട് പന്തും ബൗണ്ടറിയ്ക്ക് മുകളിലൂടെ പറത്തി നസീം ഷാ പാകിസ്താന് ഒരു വിക്കറ്റിന്റെ വിജയം സമ്മാനിച്ചു. 

മത്സരത്തില്‍ നസീം ഷായുടെ ആ രണ്ട് സിക്‌സുകള്‍ അതി നിര്‍ണായകമായിരുന്നു. ഈ മത്സരത്തിനുശേഷം നസീം ഷാ പാകിസ്താന് വിജയം സമ്മാനിച്ച തന്റെ ബാറ്റ് ലേലത്തിന് വെച്ചിരിക്കുകയാണ്. സിക്‌സടിച്ച ബാറ്റ് സഹതാരം മുഹമ്മദ് ഹസ്‌നൈനാണ് നസീം ഷായ്ക്ക് നല്‍കിയത്. ഈ ബാറ്റ് ലേലത്തിലൂടെ വിറ്റ് വലിയൊരു തുക സമ്മാനിക്കാന്‍ നസീം ഷാ ആഗ്രഹം പ്രകടിപ്പിച്ചു. 

ബാറ്റ് ലേലത്തിലൂടെ വില്‍ക്കുമെന്നും ലഭിക്കുന്ന തുക പാകിസ്താനിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും നസീം ഷാ അറിയിച്ചു. പാകിസ്താനിലുണ്ടായ പ്രളയം വലിയ ദുരന്തത്തിനാണ് വഴിവെച്ചത്. 1400-ഓളം പേരാണ് പ്രളയത്തിലകപ്പെട്ട് മരിച്ചത്. ഏകദേശം 7000 കിലോമീറ്ററുകളോളം റോഡുകള്‍ തകരുകയും 246 പാലങ്ങള്‍ പൊട്ടിപ്പോകുകയും ചെയ്തു. ദുരിതാശ്വാസ നിധിയിലേക്ക് മുഴുവന്‍ തുകയും നല്‍കുമെന്ന് നസീം ഷാ വ്യക്തമാക്കി. 

നസീം ഷായുടെ സിക്‌സുകളുടെ ബലത്തില്‍ ഏഷ്യാ കപ്പ് ഫൈനലിലെത്തിയ പാകിസ്താന്‍ കിരീടപ്പോരാട്ടത്തില്‍ ശ്രീലങ്കയെ നേരിടും. സെപ്റ്റംബര്‍ 11 നാണ് ഫൈനല്‍.

Content Highlights: naseem shah, naseem shah bat, naseem shah bat auction, asia cup 2022, sports news, cricket