മകനായി വീടുവിറ്റു, ജയിലിലുമായി, അച്ഛനെ ഭ്രാന്തനെന്ന് വിളിച്ചവർക്ക് ബാറ്റുകൊണ്ട് മുകുളിന്റെ മറുപടി

കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ഉറപ്പായ തോൽവിയിൽനിന്നാണ് കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പർ ജയന്റ്സ് ജയം പിടിച്ചെടുത്തത്. മഹേന്ദ്രസിങ് ധോനിയെ അനുസ്മരിപ്പിക്കുംവിധം ഹെലികോപ്ടർ ഷോട്ടുകൾ കളിച്ച് കളംനിറഞ്ഞ മുകുൾ ചൗധരിയെന്ന യുവതാരത്തിന്റെ ബാറ്റിങ് മികവിലായിരുന്നു ലഖ്‌നൗ ടീമിന്റെ ആവേശ ജയം.
അവസാന രണ്ടോവറിൽ ലഖ്നൗവിന് ജയിക്കാൻ 30 റൺസ് വേണമായിരുന്നു. 19-ാം ഓവർ എറിഞ്ഞ കാമറൂൺ ഗ്രീനിനെ രണ്ട് സിക്സിനും ഒരു ഫോറിനും ശിക്ഷിച്ച മുകുൾ അവസാന ഓവറിൽ ലക്ഷ്യം 14 റൺസാക്കി മാറ്റി. 20-ാം ഓവറിൽ വൈഭവ് അറോറയെ രണ്ടുവട്ടം സിക്സിന് പറത്തിയാണ് മുകുൾ ജയം പിടിച്ചെടുത്തത്.
27 പന്തിൽ ഏഴ് സിക്സും രണ്ട് ഫോറും സഹിതം 54 റൺസുമായി പുറത്താകാതെ നിന്ന മുകുൾ വിജയത്തിനു ശേഷം കൈകൾ കൂപ്പി ആകാശത്തേക്ക് നോക്കി ദൈവത്തിന് നന്ദി പറയുന്നുണ്ടായിരുന്നു. ദൈവത്തിനൊപ്പം തന്നെ മുകുൾ നന്ദി പറഞ്ഞിരിക്കുക അച്ഛൻ ദലിപ് ചൗധരിക്കു കൂടിയാകും. മുകുളിനെ ഒരു ക്രിക്കറ്റ് താരമാക്കാൻ ആ അച്ഛൻ സഹിച്ച ത്യാഗങ്ങൾ ചില്ലറയൊന്നുമല്ല.
രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ഖേദാരോ കി ധാനി എന്ന ചെറിയ ഗ്രാമത്തിൽ നിന്നാണ് 21-കാരനായ മുകുൾ വരുന്നത്. മുകുൾ ജനിക്കുന്നതിന് മുമ്പ് തന്നെ അവനെ ഒരു ക്രിക്കറ്റ് താരമാക്കണമെന്ന് ദലിപ് ചൗധരി തീരുമാനിച്ചിരുന്നു. മകന്റെ ക്രിക്കറ്റ് പരിശീലനത്തിനായി അദ്ദേഹം സ്വന്തം വീട് 21 ലക്ഷം രൂപയ്ക്ക് വിറ്റു. അതും പോരാഞ്ഞ് വലിയൊരു തുക വായ്പയായി എടുക്കുകയും ചെയ്തു. വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനെത്തുടർന്ന് അദ്ദേഹത്തിന് ജയിലിൽ പോകേണ്ടതായി പോലും വന്നു.
മകനെ ക്രിക്കറ്ററാക്കാൻ നടന്ന ദലിപ് ചൗധരി ബന്ധുക്കൾക്ക് പറഞ്ഞു ചിരിക്കാനുള്ള ഒരു വിഷയമായി. അടുത്ത ബന്ധുക്കൾ പോലും 'ഭ്രാന്തൻ' എന്ന് വിളിക്കുന്നത് അദ്ദേഹത്തിന് കേൾക്കേണ്ടതായി വന്നു. മകനുവേണ്ടി സ്വന്തം ജീവിതം തന്നെ നശിപ്പിച്ചുവെന്ന് അവർ അദ്ദേഹത്തെ കളിയാക്കി. എന്നാൽ ദലിപ് തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.
2016-ൽ വീട്ടിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള സിക്കറിലെ അക്കാദമിയിലാണ് മുകുൾ പരിശീലനം തുടങ്ങിയത്. 2025-26 അണ്ടർ-23 ലിസ്റ്റ് എ ട്രോഫിയിൽ 617 റൺസ് നേടി അദ്ദേഹം ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി മാറി. 39 സിക്‌സറുകൾ അടിച്ച് ആ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരമെന്ന നേട്ടവും മുകുൾ സ്വന്തം പേരിലാക്കി.
തുടർന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രാജസ്ഥാൻ ടീമിൽ ഇടംനേടുകയും മിന്നും പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 2026-ലെ ഐപിഎൽ ലേലത്തിൽ തന്റെ അടിസ്ഥാന വിലയുടെ 13 മടങ്ങ് അധികം തുകയായ 2.60 കോടി രൂപയ്ക്കാണ് ലഖ്‌നൗ സൂപ്പർ ജയന്റ്സ് മുകുളിനെ സ്വന്തമാക്കിയത്. എം.എസ്. ധോണിയെ ആരാധിക്കുകയും മാതൃകയാക്കുകയും ചെയ്യുന്ന മുകുൾ ഹെലികോപ്റ്റർ ഷോട്ടുകൾ കളിക്കുന്നതിൽ മിടുക്കനാണ്. കൊൽക്കത്തയ്‌ക്കെതിരേ അത് നമ്മൾ കണ്ടു.
താൻ ക്രിക്കറ്റിലൂടെ നേടുന്ന പണം കൊണ്ട് പിതാവ് എടുത്ത വായ്പകളെല്ലാം വീട്ടുക എന്നതാണ് തന്റെ ആദ്യത്തെ ലക്ഷ്യമെന്ന് മുകുൾ പറഞ്ഞിട്ടുണ്ട്. ഒരു മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ നിരാശനായ മുകുൾ, അടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്തി തന്റെ പിതാവിന് നൽകിയ വാക്ക് പാലിക്കുകയും ചെയ്തു.
2025-26 അണ്ടർ 23 ലിസ്റ്റ് എ ട്രോഫിയിൽ 142.49 എന്ന സ്‌ട്രൈക്ക് റേറ്റിൽ രണ്ട് സെഞ്ചുറികളും നാല് അർദ്ധസെഞ്ചുറികളും ഉൾപ്പെടെയാണ് മുകുൾ 617 റൺസ് നേടിയത്. പിന്നാലെ മുഷ്താഖ് അലി ട്രോഫിയിൽ അഞ്ച് മത്സരങ്ങൾ കളിച്ച അദ്ദേഹം 198.85 എന്ന സ്‌ട്രൈക്ക് റേറ്റിൽ 173 റൺസ് നേടി.
കൊൽക്കത്തയ്‌ക്കെതിരായ തന്റെ ഇന്നിങ്‌സ് മുകുൾ സമർപ്പിച്ചത് തന്റെ പിതാവിനും തന്റെ ആരാധനാപാത്രമായ എം.എസ്. ധോണിക്കുമാണ്.
Content Highlights: Mukul Chaudhary's match-winning performance for Lucknow Super Giants in 2026., The extreme sacrifices made by his father, Dalip Chaudhary, to fund his training., Overcoming social stigma and financial debt to reach the IPL stage., Exceptional performance in the 2025-26 Under-23 List A Trophy., Mukul's dedication to repaying his family's debt through his cricket career.