ചെന്നൈയുടെ തലൈവർ! മെന്ററായി ധോനിയെത്തുമ്പോൾ

ഒടുവിൽ ആ പ്രഖ്യാപനമെത്തി. ഐപിഎല്ലിൽ നിന്നും മഹേന്ദ്ര സിങ് ധോനി വിരമിച്ചിരിക്കുന്നു. ഇനി ചെന്നൈയുടെ തലയായി മൈതാനത്ത് അയാളുണ്ടാകില്ല. പുതിയ റോളിൽ ഇനി ധോനിയെ കാണാനാകുമെന്ന് ചെന്നൈ അറിയിച്ചതോടെ പതിറ്റാണ്ടുകൾ നീണ്ട ആ കളിക്കാലത്തിന് വിരാമം. മൈതാനത്ത് ആ മഞ്ഞക്കുപ്പായത്തിൽ ബാറ്ററായും കീപ്പറായും ക്യാപ്റ്റനായുമൊക്കെ നിറഞ്ഞാടിയ ധോനിയെ ഇനി മൈതാനത്ത് കാണാനാവില്ല. എന്നാൽ മെന്ററായി ചെന്നൈയുടെ ഒപ്പം തന്നെ ധോനിയുണ്ടാകും. ഐപിഎല്ലിൽ നിന്ന് കൂടി വിരമിച്ചതോടെ ഇനി ധോനിയെ ക്രിക്കറ്റ് മൈതാനത്ത് കാണാനുള്ള സാധ്യതയും വിരളമാണ്.
ഐപിഎല്ലിന്റെ ഉദ്ഘാടന സീസൺ മുതൽ ചെന്നൈയുടെ നായകനായി ധോനിയുണ്ട്. പിന്നീടങ്ങോട്ട് ടീമിനെ കരുത്തുറ്റ ശക്തിയായി നയിക്കുന്നതും ധോനിയാണ്. തന്റെ നേതൃപാടവവും കൃത്യമായ തീരുമാനങ്ങളും കൊണ്ട് ചെന്നൈയുടെ ചരിത്രം തന്നെ ധോനി പുതുക്കിയെഴുതി. അഞ്ച് തവണയാണ് ധോനിയുടെ നായകത്വത്തിൽ ചെന്നൈ കിരീടം നേടിയത്. 2010, 2011, 2018, 2021, 2023 വർഷങ്ങളിലാണ് കിരീടനേട്ടം. അഞ്ച് തവണ റണ്ണേഴ്സ് അപ്പുമായിട്ടുണ്ട്. ഐ.പിഎല്ലിന് പുറമേ ചാമ്പ്യൻസ് ലീഗ് ടി20 കിരീടവും ധോനിക്ക് കീഴിൽ ചെന്നൈ നേടിയിട്ടുണ്ട്. 2010, 2014 വർഷങ്ങളിലാണ് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങൾ ചെന്നൈ നേടിയത്.
2020 ഓഗസ്റ്റ് 15-ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതുമുതൽ, ഓരോ ഐ.പി.എൽ സീസൺ അടുക്കുമ്പോഴും ഉയരുന്ന പ്രധാന ചോദ്യം "ഇത് ധോനിയുടെ അവസാന സീസണായിരിക്കുമോ?" എന്നതാണ്. കാൽമുട്ടിനേറ്റ പരിക്കും പ്രായത്തിന്റെ അവശതകളും അലട്ടുമ്പോഴും, ആരാധകരുടെ സ്നേഹത്തിന് മുന്നിൽ അദ്ദേഹം തന്റെ വിരമിക്കൽ നീട്ടിവെക്കുകയായിരുന്നു. ചെപ്പോക്ക് സ്റ്റേഡിയത്തിലെ കാണികൾക്ക് മുന്നിൽ വെച്ച് കളി മതിയാക്കണമെന്ന തന്റെ ആഗ്രഹം ധോനി പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
2023 ലെ ഐപിഎൽ കിരീടനേട്ടത്തിന് പിന്നാലെയാണ് ആ ചോദ്യം ധോനിക്ക് മുന്നിൽ ഏറ്റവും ഉച്ചത്തിൽ ഉയർന്നുകേൾക്കുന്നത്. താങ്കളുടെ അവസാന ഐപിഎൽ സീസൺ എങ്ങനെ ആസ്വദിക്കുന്നുവെന്ന് കമന്റേറ്റർ മോറിസൺ ചോദിച്ചപ്പോൾ 'നിങ്ങൾ ഇതെന്റെ അവസാന സീസണായിരിക്കുമെന്ന് തീരുമാനിച്ചോ?' എന്ന മറുപടിയാണ് ധോനി നൽകിയത്. പിന്നേയും ആ ചോദ്യം ധോനിക്ക് മുന്നിൽ ഉന്നയിക്കപ്പെട്ടു. ഹർഷ ഭോഗ്ലെ മറ്റൊരു തരത്തിലാണ് ധോനിയോട് വിരമിക്കലിനെ പറ്റി ചോദിച്ചത്. ചെപ്പോക്കിലേക്ക് കളിക്കാൻ ഇനിയും വരുമോ എന്നായിരുന്നു ചോദ്യം. ഡിസംബറിലെ കളിക്കാരുടെ ലേലത്തോട് അടുത്ത സമയത്ത് തീരുമാനിക്കുമെന്നായിരുന്നു 'തല'യുടെ അന്നത്തെ മറുപടി. കളിക്കുമ്പോഴായാലും പുറത്തായാലും ഞാൻ എപ്പോഴും സിഎസ്കെ ക്ക് ഒപ്പമുണ്ടാകുമെന്നും ധോനി കൂട്ടിച്ചേർത്തു. വിരമിക്കൽ പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല സമയം ഇതാണെന്ന് പറഞ്ഞ ധോനി ഈ സ്നേഹം കാണാതിരിക്കാനാവില്ലെന്നും മറ്റൊരു ഐപിഎൽ സീസൺ കൂടി കളിക്കാനാണ് ശ്രമമെന്നും വ്യക്തമാക്കി. അത് കഴിഞ്ഞ് മൂന്ന് വർഷത്തിനിപ്പുറമാണ് ചെന്നൈയുടെ മെന്ററായി ധോനിയെത്തുന്നത്.
2025-ലെ മെഗാ ലേലത്തിന് മുന്നോടിയായി 'അൺക്യാപ്ഡ് പ്ലെയർ' (അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അഞ്ച് വർഷം കഴിഞ്ഞ താരം) എന്ന നിയമത്തിലൂടെയാണ് ചെന്നൈ അദ്ദേഹത്തെ ടീമിൽ നിലനിർത്തിയത്. അത് വൻ വിമർശനങ്ങൾക്കും ഇടനൽകിയിരുന്നു. അഞ്ച് വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇല്ലാത്ത (ടെസ്റ്റ്, ഏകദിനം, ടി20 ഉൾപ്പെടെ) താരത്തെ അൺക്യാപ്ഡ് താരമായി കണക്കാക്കുമെന്ന പ്രഖ്യാപനം ഐപിഎൽ ലേലത്തിന് മുമ്പാണ് കൊണ്ടുവന്നത്. കൂടാതെ ബി.സി.സി.ഐ.യുടെ സെൻട്രൽ കോൺട്രാക്റ്റിൽ അഞ്ചുവർഷം ഇല്ലാത്ത ആളെയും അൺക്യാപ്ഡ് താരമായി പരിഗണിക്കും. ഇത് ഇന്ത്യൻ താരങ്ങൾക്ക് മാത്രമാണ് ബാധകമായിരുന്നത്. ഈ താരങ്ങളെ നാലുകോടി രൂപയ്ക്ക് ഫ്രാഞ്ചൈസികൾക്ക് നിലനിർത്താനുമാകും. ധോനി അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത് 2019 ഏകദിന ലോകകപ്പ് സെമി ഫൈനലിലാണ്. ധോനിയെ ചെന്നൈക്ക് നിലനിർത്താനായാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നതെന്ന് നേരത്തേ വിമർശനങ്ങളുണ്ടായിരുന്നു.
ധോനിയെ കൈവിടില്ലെന്ന ഉറച്ച നിലപാടിൽ തന്നെയായിരുന്നു ചെന്നൈ. ആ ടീമിന് അത്രത്തോളം വൈകാരികമായ അടുപ്പവും ക്യാപ്റ്റൻ കൂളുമായി ഉണ്ടായിരുന്നു. നായകസ്ഥാനത്ത് ഗെയ്ക്വാദ് എത്തിയപ്പോഴും ധോനി ടീമിൽ തന്നെ തുടർന്നു. ഇപ്പോഴിതാ കളിക്കാരനെന്ന നിലയിൽ നിന്ന് മാറുമ്പോഴും മെന്ററായി ധോനി ആ മഞ്ഞക്കടലിന് അരികിലുണ്ടാകുമെന്നുറപ്പ്. പുതിയ റോളിലെങ്കിലും ചെന്നൈയ്ക്കൊപ്പം തന്നെ ധോനിയെ കാണാം. ധോനിയെ മെന്ററാക്കുന്നതിലൂടെ ചെന്നൈയുടെ ലക്ഷ്യങ്ങൾ പലതാണ്. ധോനിയുടെ അനുഭവ സമ്പത്ത് കൂടി ടീമിന് ഗുണകരമാകുന്ന തരത്തിൽ പ്രയോജനപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനും ടീമിലെ പുതിയ താരങ്ങൾക്കും ഡ്രസ്സിങ് റൂമിലെ ധോനിയുടെ സാന്നിധ്യം വലിയ ആത്മവിശ്വാസം നൽകും. തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും ആദ്യ ഇലവനെ തിരഞ്ഞെടുക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ നിർണായകമായിരിക്കും.
പുതിയ താരങ്ങളെ കണ്ടെത്താനുള്ള ധോനിയുടെ പാടവമാണ് മറ്റൊന്ന്. പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറിൽ പുതിയ താരങ്ങളെ ലോകക്രിക്കറ്റിലേക്ക് കൊണ്ടുവരുന്നതിൽ ധോനിയുടെ ഇടപെടൽ പലകുറി ലോകം കണ്ടു. മറ്റൊരു താരത്തിനുമില്ലാത്ത നിരീക്ഷണപാടവം ധോനിക്കുണ്ട്. മെന്ററായി എത്തുമ്പോൾ ചെന്നൈ നിരയെ വാർത്തെടുക്കാൻ ധോനിക്കാകും എന്ന കണക്കുകൂട്ടലും മാനേജ്മെന്റിനുണ്ട്. ആരാധകർക്ക് ധോനിയെ ഇനിയും കാണാനാകുമെന്ന ഉറപ്പ് കൂടി നൽകുന്നു ചെന്നൈ. കളിക്കാരനായിട്ടല്ലെങ്കിലും ഡഗൗട്ടിലടക്കം ആ സാന്നിധ്യം ടീമിന് കരുത്തും പ്രചോദനവുമാണ്. അടുത്ത സീസണിൽ ധോനി മെന്ററായി എത്തുമ്പോൾ സഞ്ജുവും ഗെയ്ക്വാദും അടക്കമുള്ള ചെന്നൈ നിര എങ്ങനെ പ്രകടനം നടത്തുമെന്ന കാത്തിരിപ്പിൽ കൂടിയാണ് ആരാധകർ.
Content Highlights: MS Dhoni has officially retired as a player from the IPL., He will continue with Chennai Super Kings in a new role as a mentor