ലങ്ക ഞെട്ടിയ നാല് സിക്‌സർ, ചിരിയോടെ ഗംഭീർ; സിറാജിന്റെ ബാറ്റ് പരിശോധിച്ച് താരങ്ങൾ

#സ്പോർട്സ് ഡെസ്ക്
മത്സരശേഷം മടങ്ങുന്ന താരങ്ങൾ
 | X.com/CricCrazyJohns
മത്സരശേഷം മടങ്ങുന്ന താരങ്ങൾ | X.com/CricCrazyJohns

കൊളംബോ: സമനിലയിൽ കലാശിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽനിന്ന് അവിശ്വസനീയമാംവിധമാണ് ശ്രീലങ്ക ക്രിക്കറ്റ് ഇലവനെ ഇന്ത്യ കീഴടക്കിയത്. അവസാനഓവറിൽ ജയിക്കാൻ വേണ്ടിയിരുന്ന 16 റൺസ്, ആദ്യ മൂന്ന് പന്തിൽനിന്നുതന്നെ ഇന്ത്യ കണ്ടെത്തി. മൂന്ന് സിക്‌സറടിച്ച് മുഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചത്. ജയത്തോടെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ തയ്യാറെടുത്തു. ഓഗസ്റ്റ് 15-നാണ് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്.

മത്സരത്തിൽ മൂന്നോവർ മാത്രം ബാക്കിനിൽക്കേയാണ് സിറാജ് മൈതാനത്തിറങ്ങുന്നത്. ആ ഘട്ടത്തിൽ 26 റൺസാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. 43-ാം ഓവറിൽ ആകെ പിറന്നത് മൂന്ന് റൺസാണ്. അതോടെ രണ്ടോവറിൽ ജയിക്കാൻ 23 റൺസ് വേണമെന്ന സ്ഥിതി. 44-ാം ഓവറിൽ സിറാജ് ഒരു സിക്‌സറുൾപ്പെടെ ഏഴ് റൺസെടുത്തു. അവസാന ഓവറിൽ ലക്ഷ്യം 16 റൺസായി മാറി. മത്സരം സമനിലയിൽ കലാശിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. സ്‌ട്രൈക്കിങ് എൻഡിലുള്ള സിറാജ് അദ്ഭുതങ്ങളൊന്നും കാട്ടില്ലെന്നും കരുതി. എന്നാൽ, സിറാജിന്റെ വെടിക്കെട്ടിനാണ് മൈതാനം സാക്ഷ്യം വഹിച്ചത്.

കേശാര നുവാന്ത എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തും സിറാജ് അതിർത്തികടത്തി. ആദ്യ രണ്ട് സിക്‌സർ ലോങ് ഓണിലേക്കും മൂന്നാമത്തെ സിക്‌സർ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെയും അതിർത്തി കടന്നു. അതോടെ സിറാജ് ചിരിച്ചു. മാത്രമല്ല, പരിശീലകൻ ഗൗതം ഗംഭീറും ബാറ്റിങ് കോച്ച് സിതാൻഷു കോട്ടകും ചിരിയോടെയാണ് സിറാജിന്റെ ബാറ്റിങ്ങിനെ നോക്കികണ്ടത്. വിജയിച്ചിട്ടും ഇന്ത്യ ശേഷിക്കുന്ന മൂന്ന് പന്തുകൾകൂടി നേരിട്ടു. അഞ്ചാം പന്തിൽ ഫോർ കൂടി നേടിയാണ് സിറാജ് കളംവിട്ടത്. സിറാജ് 15 പന്തിൽനിന്ന് 32 റൺസെടുത്തു. മത്സരശേഷം സിറാജിന്റെ ബാറ്റ് പരിശോധിക്കുന്ന ലങ്കൻ താരങ്ങളെയും കണ്ടു.

മൂന്നാം ദിനം മത്സരം ആരംഭിക്കും മുൻപേതന്നെ ഇന്ത്യ ആദ്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തിരുന്നു. ആറുവിക്കറ്റിന് 357 റൺസിനാണ് ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയർ ചെയ്തത്. ലങ്കയെക്കാൾ ആറുറൺസിന് പിന്നിൽ നിൽക്കുന്ന ഘട്ടത്തിലായിരുന്നു ഡിക്ലയർ. അതോടെ ആറുറൺസ് ലീഡോടെയാണ് ലങ്ക ഇലവൻ രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയത്. 200 റൺസിൽ നിൽക്കേ ലങ്ക രണ്ടാമിന്നിങ്സ് ഡിക്ലയർ ചെയ്തതോടെ ഇന്ത്യയുടെ ലക്ഷ്യം 207 റൺസായി മാറി.

Content Highlights: ndia secured a thrilling win against Sri Lanka XI with Mohammed Siraj hitting three consecutive sixes in the final over., India needed 16 runs in the final over, which Siraj chased down in just three balls., The victory serves as ideal preparation for India's upcoming two-match Test series starting August 15.