സിറാജിനെ ചൊല്ലി കോൺഗ്രസ്-ബി.ജെ.പി പോര്

#സ്പോർട്സ് ഡെസ്ക്

വെല്ലിംഗ്ടൺ: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെ ചൊല്ലി ഇന്ത്യയിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വാക്‌പോര്. മികച്ച പ്രകടനം നടത്തിയിട്ടും സിറാജിനെ ടീമിൽ ഉൾപ്പെടുത്താത്തതിന് പിന്നിൽ വിവേചനമാണെന്നും, അദ്ദേഹത്തിന്റെ പേര് 'സിറാജ്' എന്നായതുകൊണ്ടാണ് തഴയപ്പെട്ടതെന്നും കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് ആരോപിച്ചു. എന്നാൽ, ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയവും വർഗീയതയും കലർത്തുകയാണെന്ന് ആരോപിച്ച് ബി.ജെ.പി ശക്തമായി തിരിച്ചടിച്ചു.

വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് ഇമ്രാൻ മസൂദ് വിവാദ പരാമർശം നടത്തിയത്. മികച്ച പ്രകടനം നടത്തിയിട്ടും അദ്ദേഹത്തിന് ടീമിൽ ഇടം നൽകിയില്ല. അദ്ദേഹത്തിന്റെ പേര് സിറാജ് എന്നാണ്, അതുകൊണ്ടാണ് ഇടം ലഭിക്കാത്തത്. മികച്ച പ്രകടനമുണ്ടായിട്ടും ഒരാളെ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ അവിടെ വിവേചനം വ്യക്തമാണ്-ഇമ്രാൻ മസൂദ് ആരോപിച്ചു.

എം.പിയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്.

കോൺഗ്രസിന്റെ നിലപാട് ലജ്ജാകരമാണെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചു. 'കോൺഗ്രസിന് നാണമില്ലേ! ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് ഇപ്പോൾ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. മുസ്ലിം ആയതുകൊണ്ടാണ് സിറാജിനെ ഒഴിവാക്കിയതെന്നാണ് കോൺഗ്രസ് പറയുന്നത്. രവീന്ദ്ര ജഡേജയെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്! ഓരോ ക്രിക്കറ്റ് താരവും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ജേഴ്‌സിയാണ് അണിയുന്നത്. വോട്ട് ബാങ്കിനും വർഗീയ രാഷ്ട്രീയത്തിനും വേണ്ടി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഭിന്നിപ്പിക്കുന്നത് നിർത്തുക,' പ്രദീപ് ഭണ്ഡാരി കുറിച്ചു.

Also Read: 'ഇന്ത്യയുടെ മികച്ച നാല് പേസ് ബൗളർമാരിൽ സിറാജില്ലേ?'-ആ തീരുമാനം ഞെട്ടിച്ചുവെന്ന് ഗാവസ്‌കർ

രാഷ്ട്രീയ വിവാദങ്ങൾക്ക് പുറമെ, ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനിൽ ഗാവസ്‌കറും രവി ശാസ്ത്രിയും സിറാജിനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. സിറാജിന്റെ അനുഭവസമ്പത്തും കഠിനാധ്വാനവും ടീം മാനേജ്മെന്റ് പരിഗണിക്കണമായിരുന്നുവെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയിൽ പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അൻഷുൽ കാംബോജ് എന്നിവർക്കാണ് സിറാജിന് പകരം അവസരം നൽകിയത്.

Also Read: ‘സിറാജിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമല്ല’, ടീം തിരഞ്ഞെടുപ്പിനെ ന്യായീകരിച്ച് ബാറ്റിങ് കോച്ച്

അതേസമയം, സാധ്യമായ ഏറ്റവും മികച്ച പ്ലേയിങ് ഇലവനെയാണ് കളത്തിലിറക്കിയതെന്ന നിലപാടിലാണ് നായകൻ ശുഭ്മാൻ ഗില്ലും ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക്കും. 'എല്ലാ ഫാസ്റ്റ് ബൗളർമാരും മികച്ച ഫോമിലായതിനാൽ ഏത് കോമ്പിനേഷൻ തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങൾ ആലോചിക്കുകയായിരുന്നു. സിറാജിനും ഗുർനൂറിനും അവസരം നഷ്ടമായത് പ്രയാസകരമായ തീരുമാനമായിരുന്നു,' ശുഭ്മാൻ ഗിൽ പറഞ്ഞു. സിറാജിന്റെ പ്രകടനത്തിൽ യാതൊരു കുഴപ്പവുമില്ലെന്നും, സാഹചര്യങ്ങൾക്കനുസരിച്ച് ഏറ്റവും മികച്ച ഇലവനെയാണ് തിരഞ്ഞെടുത്തതെന്നും ബാറ്റിംഗ് പരിശീലകൻ കൊട്ടക്കും വ്യക്തമാക്കി.

Content Highlights: Mohammed Siraj was dropped from India's playing XI for the first Test against New Zealand., Congress MP Imran Masood alleged discrimination based on his name., BJP leader Pradeep Bhandari hit back, accusing Congress of playing vote-bank politics., Cricket legends Sunil Gavaskar and Ravi Shastri also questioned the decision to drop Siraj., Captain Shubman Gill and the team management defended the selection as based on conditions.