‘കിരീടം എന്റെ വീട്ടിൽ കൊണ്ടുവരില്ലല്ലോ’; പ്രവചനമെല്ലാം പാളി, രോഷത്തോടെ പ്രതികരിച്ച് ആമിർ

ലാഹോർ: ടി20 ലോകകപ്പിൽ ഇന്ത്യ മുന്നേറുമ്പോഴെല്ലാം പ്രവചനം നടത്തിയ ആളാണ് മുൻ പാക് താരം മുഹമ്മദ് ആമിർ. ഇന്ത്യ സെമിയിലെത്തില്ലെന്നും സെമി കടക്കില്ലെന്നും ആമിർ പ്രവചിച്ചു. എന്നാൽ, മുൻ പാക് താരത്തിന്റെ എല്ലാ പ്രവചനങ്ങളും പാളി. ഇന്ത്യ സെമിയും കടന്ന് ഫൈനലും ജയിച്ച് കിരീടം വരെ നേടി. അതിന് ശേഷം പ്രവചനം തെറ്റിയല്ലോ എന്ന ചോദ്യമുയർന്നു. ആമിർ പങ്കെടുത്തുകൊണ്ടിരുന്ന ഒരു ഷോയിൽ വെച്ചാണ് ചോദ്യം ചോദിച്ചത്. അതിന് പിന്നാലെ ആമിർ പുതിയ വിശദീകരണം നൽകി.
ഇന്ത്യ ജയിച്ചു. അവർ കപ്പ് വീട്ടിൽ കൊണ്ടുപോകും. അത് എന്റെ വീട്ടിലേക്ക് കൊണ്ടുവരില്ലല്ലോ. - ആമിർ അതൃപ്തിയോടെ പറഞ്ഞു. ന്യൂസീലൻഡിന്റെ ബൗളിങ് തന്ത്രത്തെ ആമിർ വിമർശിക്കുകയും ചെയ്തു. ഇന്ത്യ ക്രെഡിറ്റ് അർഹിക്കുന്നില്ല എന്നല്ല. പക്ഷേ എനിക്ക് തന്ത്രം മനസ്സിലായില്ല. ആദ്യം ഹെൻറി എറിഞ്ഞു, പിന്നെ ഓഫ് സ്പിന്നർ, പിന്നെ വീണ്ടും ഹെൻറി. രണ്ട് ഓവറിൽ ഹെൻറി വെറും 12 റൺസ് മാത്രം നൽകി. എന്നാൽ, പെട്ടെന്ന് മുഴുവൻ പദ്ധതിയും മാറ്റി. വളരെ വിചിത്രമായ ബൗളിങ്. - ആമിർ പറഞ്ഞു.
അഭിഷേക് ശർമ ഓഫ് സ്പിന്നിനെതിരെ ബുദ്ധിമുട്ടുന്നു എന്നറിയുമ്പോൾ, ഉടൻ അതിനനുസരിച്ച് കൊണ്ടുവരണം. പക്ഷേ അവർ ഡഫിയെ കൊണ്ടുവരികയും വിചിത്രമായ ബൗളിങ് നടത്തുകയുമായിരുന്നു. ലോക്കി ഫെർഗൂസൺ വളരെ സാധാരണ ബൗളർ മാത്രമായെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ 2004-05 മുതൽ ന്യൂസീലൻഡിനെ പിന്തുടരുന്നു. ഇത്രയും സമ്മർദത്തിൽ അവരെ ഞാൻ കണ്ടിട്ടില്ല. ഒരുപക്ഷേ ഇത്രയധികം കാണികളുണ്ടായതിനാലോ ഫൈനൽ ആയതുകൊണ്ടോ ആവാം. പക്ഷെ നോക്കൂ, അഭിഷേക് ശർമ ഒരു യുവതാരമാണ്. ടൂർണമെന്റ് മുഴുവൻ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. അഭിഷേകിനും സമ്മർദം ഉണ്ടായിരിക്കണം. ഈ മത്സരങ്ങളിൽ കളിക്കാരുടെ മനശക്തിക്ക് പ്രാധാന്യമുണ്ട്. ഇന്ത്യ അത് കാണിച്ചു. അതുകൊണ്ടാണ് അവർ ഫൈനൽ ജയിച്ചത്.- ആമിർ പറഞ്ഞു.
നേരത്തേ സെമിയിലെത്തില്ലെന്ന പ്രവചനം പാളിയതോടെ വൻ ട്രോളുകളാണ് മുൻ പാക് താരം മുഹമ്മദ് ആമിറിന് നേരിടേണ്ടിവന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിയും കണ്ടാണ് ആമിർ ഇന്ത്യ സെമി ടിക്കറ്റെടുക്കില്ലെന്ന് ഉറപ്പിച്ചത്. എന്നാൽ മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിങ്സിന്റെ ബലത്തിൽ വിൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ സെമിയിലെത്തി. എന്നിട്ടും ആമിർ പ്രവചനം നിർത്താൻ തയ്യാറായിരുന്നില്ല. സെമിയിൽ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ ജയിക്കില്ലെന്ന് പ്രവചിച്ചു. അതും പാളി.
ഇന്ത്യയുടെ സെമി വിജയത്തിനുശേഷവും ആമിർ തന്റെ നിലപാടിൽ ഉറച്ചുനിന്നു. താൻ നടത്തിയത് മികച്ച പ്രവചനമാണെന്നും എന്നാൽ ക്യാച്ചുകൾ കൈവിട്ടതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ക്രിക്കറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈ മത്സരത്തിൽ ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ചു. അവരുടെ കളിയെ അംഗീകരിക്കുന്നു. ഞാൻ മികച്ച പ്രവചനമാണ് നടത്തിയത്. പക്ഷെ മൈതാനത്ത് ക്യാച്ച് നഷ്ടപ്പെടുത്തുന്നത് എന്റെ കയ്യിലുള്ള കാര്യമല്ല. ഫോമിലുള്ള ഒരു ബാറ്ററുടെ ക്യാച്ച് നഷ്ടപ്പെടുത്തിയാൽ ഇങ്ങനെ സംഭവിക്കും. - ആമിർ പറഞ്ഞു.
Content Highlights: Mohammad Amir's incorrect predictions about India's T20 World Cup performance., Amir's controversial explanation regarding his failed forecasts., Critical analysis of New Zealand's bowling strategy by Amir., Emphasis on player mindset and pressure management in high-stakes matches.