വെള്ളമെന്നു കരുതി ദ്രാവകം കുടിച്ചു; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മായങ്ക് അഗര്‍വാള്‍ ഐ.സി.യു.വില്‍

അഗര്‍ത്തല: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയുടെ രഞ്ജി ട്രോഫി ടീം ക്യാപ്റ്റനായ താരത്തിന് സൂറത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. റെയില്‍വേസിനെതിരായ മത്സരത്തിന് ടീമംഗങ്ങള്‍ക്കൊപ്പം യാത്രചെയ്യുന്നതിനിടെയാണ് സംഭവം.
വിമാനത്തില്‍വെച്ച് മുന്‍പില്‍ ഒരു പൗച്ച് കാണുകയും വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് അതെടുത്ത് കുടിക്കുകയുമായിരുന്നുവെന്ന് ത്രിപുര ആരോഗ്യ സെക്രട്ടറി കിരണ്‍ ഗിറ്റെ അറിയിച്ചു. തുടര്‍ന്ന് വായില്‍ പൊള്ളലേല്‍ക്കുകയും തൊണ്ടയില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തു. ഛര്‍ദിയും അനുഭവപ്പെട്ടതോടെ ഉടന്‍ അഗര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അഗര്‍ത്തലയിലെ ഐ.എല്‍.എസ്. ആശുപത്രിയില്‍ ഐ.സി.യു.വിലാണ് മായങ്കിനെ പ്രവേശിപ്പിച്ചത്. നിലവില്‍ അപകടനില തരണംചെയ്തതായും നാളെ ആശുപത്രി വിടുമെന്നും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. അതേസമയം, ബാക്കി ടീമംഗങ്ങള്‍ യാത്ര തുടര്‍ന്നു. അടുത്ത കളിയില്‍ മായങ്ക് അഗര്‍വാള്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഡിഗോ വിമാനനം 6E5177-ലായിരുന്നു യാത്ര.
Content Highlights: mayank agarwal suffered health scare admitted icu