മാര്‍ക്ക് ബൗച്ചര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നു; കാരണം ഐ.പി.എല്‍?

Photo: twitter.com/OfficialCSA
Photo: twitter.com/OfficialCSA

ജൊഹാനസ്ബര്‍ഗ്: ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് ശേഷം മാര്‍ക്ക് ബൗച്ചര്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയും. തിങ്കളാഴ്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-2ന് പിന്നില്‍ പോയതിന് തൊട്ടുപിന്നാലെയായിരുന്നു ബൗച്ചറുടെ തീരുമാനം.

തന്നെ കാത്തിരിക്കുന്ന മറ്റ് അവസരങ്ങള്‍ക്കായും ഭാവി കരിയറിനും വേണ്ടിയാണ് ബൗച്ചറുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം താരം ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2019-ല്‍ ഓട്ടിസ് ഗിബ്‌സണില്‍ നിന്ന് ചുമതലയേറ്റെടുത്ത ബൗച്ചര്‍ക്ക് 2023-ല്‍ ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെ കാലാവധിയുണ്ടായിരുന്നു. ബൗച്ചറിനു കീഴില്‍ 11 ടെസ്റ്റിലും 12 ഏകദിനങ്ങളിലും 23 ട്വന്റി 20-കളിലും ദക്ഷിണാഫ്രിക്ക വിജയം നേടിയിട്ടുണ്ട്. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്ക ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുണ്ട്.

Content Highlights: Mark Boucher to step down as South Africa coach after T20 World Cup