ഞാൻ ചെയർമാനായിരുന്നുവെങ്കിൽ ഗോയങ്കയെ വിലക്കിയേനെ; ബിസിസിഐ അത് നടപ്പിലാക്കണമെന്ന് ലളിത് മോദി

#സ്പോർട്സ് ഡെസ്ക്
​ഗോയങ്കയും പന്തും ചർച്ചയിൽ | X.com/@FaiyazWhat
​ഗോയങ്കയും പന്തും ചർച്ചയിൽ | X.com/@FaiyazWhat

ന്യൂഡൽഹി: ഡൽഹിയോട് തോറ്റതിന് പിന്നാലെ ലഖ്നൗ ക്യാപ്റ്റൻ ഋഷഭ് പന്തും ടീം ഉടമ സഞ്ജീവ് ഗോയങ്കയും തമ്മിലുള്ള ചർച്ച വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് മുൻപ് പല തവണ ഗോയങ്ക, മൈതാനത്തെത്തി ടീം നായകന്മാരുമായി സംവദിച്ചിരുന്നു. 2024 ൽ കെ.എൽ. രാഹുലുമായി തർക്കത്തിലുമേർപ്പെട്ടു. ഗോയങ്കയുടെ ഈ സമീപനത്തിനെതിരേ വൻ വിമർശനങ്ങളുയരുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ വൻ വിമർശനവുമായി രംഗത്തെത്തിയിരിക്കുയാണ് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി. ടൂർണമെന്റിൽ ഒരു മത്സരം മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നും ഇതിന്റെ ആവശ്യമില്ലെന്നും മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ പ്രതികരിച്ചിരുന്നു. ഇതിന് മറുപടി നൽകിക്കൊണ്ടാണ് ലളിത് മോദിയും രൂക്ഷ വിമർശനമുയർത്തിയത്.

ഗോയങ്കയുടെ പെരുമാറ്റത്തിൽ ലജ്ജിക്കുന്നതായി ലളിത് മോദി പ്രതികരിച്ചു. ആരാധകർക്കും കളിക്കാർക്കും വേണ്ടിയാണ് ഞാൻ ഐപിഎൽ രൂപീകരിച്ചത്. എല്ലാ വർഷവും ഇങ്ങനെയൊക്കെ സംഭവിക്കാനല്ല. ഞാൻ ഇപ്പോഴും ചെയർമാനായിരുന്നെങ്കിൽ അദ്ദേഹത്തെ ഉടൻ തന്നെ വിലക്കുമായിരുന്നു. ടീമിന്റെ ഉടമസ്ഥാവകാശം എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുമായിരുന്നു.-ലളിത് മോദി എക്സിൽ കുറിച്ചു.

അദ്ദേഹം ഒരു വിഡ്ഢിയാണ്. ഈ വിഷയത്തിനായി ഫ്രാഞ്ചൈസി ഉടമ്പടിയിൽ ഒരു വ്യവസ്ഥയുണ്ട്. ബിസിസിഐ അത് നടപ്പിലാക്കണമെന്നും മറ്റെന്തിനേക്കാളും സത്യസന്ധതയ്ക്ക് പ്രാധാന്യം നൽകണമെന്നും ലളിത് മോദി കൂട്ടിച്ചേർത്തു.

യുവതാരം സമീർ റിസ്‌വിയുടെയും ട്രിസ്റ്റ്യൻ സ്റ്റബ്‌സിന്റേയും അവസരോചിത ബാറ്റിങ്ങിലാണ് ഡൽഹി, ലഖ്നൗവിനെതിരേ ജയം പിടിച്ചെടുത്തത്. ലഖ്നൗ ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. നായകൻ ഋഷഭ് പന്തുൾപ്പെടെ ലഖ്നൗവിന്റെ ഒട്ടുമിക്ക മുൻനിര താരങ്ങളും നിരാശപ്പെടുത്തിയിരുന്നു.

ലഖ്‌നൗ തോറ്റതിന് പിന്നാലെ ഗോയങ്ക മൈതാനത്തെത്തി ക്യാപ്റ്റൻ പന്തുമായി കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. പന്തുമായി ഏറെനേരം ഗോയങ്ക സംസാരിച്ചു. ലഖ്‌നൗ പരിശീലകൻ ജസ്റ്റിൻ ലാംഗറും ഒപ്പമുണ്ടായിരുന്നു. ടീം തോറ്റാൽ ഗോയങ്ക ക്യാപ്റ്റൻമാരുമായും കോച്ചുമാരുമായും ചർച്ചയിലേർപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ സീസണിലും പന്ത്-ഗോയങ്ക ചർച്ച ചർച്ചയായി. 2024 ൽ അന്നത്തെ നായകൻ കെ.എൽ. രാഹുലുമായി ഗോയങ്ക തർക്കത്തിലേർപ്പെട്ടത് വൻ വാർത്തയായിരുന്നു.

ലഖ്നൗ ക്യാപ്റ്റനായിരുന്ന കെ.എൽ രാഹുലിനോട് പരാജയപ്പെട്ട ഒരു മത്സരത്തിനു ശേഷം സഞ്ജീവ് ഗോയങ്ക അതൃപ്തി പ്രകടിപ്പിച്ചതാണ് വലിയ വിവാദമായിരുന്നു. കഴിഞ്ഞ തവണ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരശേഷമായിരുന്നു ആ സംഭവം. മത്സരശേഷം ലഖ്നൗ ഡഗ്ഔട്ടിനടുത്തുവെച്ചാണ് ഗോയങ്ക, രാഹുലിനോട് അതൃപ്തി പ്രകടമാക്കിയത്. തുടർച്ചയായി തന്നോട് സംസാരിക്കുന്ന സഞ്ജീവിനു മുന്നിൽ രാഹുൽ മറുപടിയില്ലാതെ നിസ്സഹായനായി നിന്നത് ആരാധകർ ഇന്നും മറന്നിട്ടില്ല. സീസണിനു പിന്നാലെ രാഹുൽ ടീം വിടുകയും ചെയ്തിരുന്നു.

Content Highlights: Lalit Modi demands strict action against team owners publicly confronting players., Sanjiv Goenka faces backlash for his aggressive behavior toward Rishabh Pant., Historical context of Goenka's conflicts with previous captains like KL Rahul., Call for BCCI to enforce stricter franchise conduct policies in 2026.