സ്പിന്നിനു മുന്നില്‍ പതറുന്നു; കോലി ആഭ്യന്തര ക്രിക്കറ്റ് കളിച്ച് പരിഹരിക്കണമായിരുന്നു- കുംബ്ല

പുണെ: ടെസ്റ്റ് സീസണിനു മുമ്പായി വിരാട് കോലി ആഭ്യന്തര ക്രിക്കറ്റ് കളിച്ച് പരിശീലിക്കണമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനും കളിക്കാരനുമായിരുന്ന അനില്‍ കുംബ്ലെ. പുണെ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ കോലി വെറും ഒരു റണ്ണിന് പുറത്തായ ശേഷമായിരുന്നു കുംബ്ലെയുടെ പ്രതികരണം.
ഒമ്പത് പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്‌സിനൊടുവില്‍ മിച്ചല്‍ സാന്റ്‌നറുടെ ഒരു ഫുള്‍ ടോസ് പന്തില്‍ സ്വീപ്പിനു ശ്രമിച്ചാണ് കോലി പുറത്തായത്. താരത്തിന്റെ മോശം ഷോട്ട് സെലക്ഷനും വിമര്‍ശിക്കപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ ഇറാനി കപ്പിലോ മറ്റോ കോലി പരിശീലിക്കണമായിരുന്നുവെന്നാണ് കുംബ്ലെ ചൂണ്ടിക്കാട്ടിയത്.
കോലിയെ ഏറെ നാളായി ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് സ്പിന്‍ ബൗളിങ്. സ്പിന്നര്‍മാര്‍ക്കെതിരായ കോലിയുടെ ദൗര്‍ബല്യം സാന്റ്‌നര്‍ ഫലപ്രദമായി മുതലെടുത്തു. കേവലം നെറ്റ്‌സിലെ പരിശീലനത്തിലൂടെയല്ല ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുത്ത് ഈ പ്രശ്‌നത്തിന് കോലി പരിഹാരം കാണണമായിരുന്നുവെന്ന് കുംബ്ലെ അഭിപ്രായപ്പെട്ടു.
പുണെയില്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 24-ാം ഓവറില്‍ സാന്റ്‌നറിന്റെ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കോലി ബൗള്‍ഡായത്. വിക്കറ്റ് തെറിച്ച നിരാശയില്‍ കുറച്ചുനേരം ഗ്രൗണ്ടില്‍ ബാറ്റുകുത്തി നിന്ന ശേഷം തലകുനിച്ചാണ് കോലി ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയത്. ബെംഗളൂരു ടെസ്റ്റില്‍ കിവീസിനെതിരേ അര്‍ധ സെഞ്ചുറി നേടിയതാണ് കോലിയുടെ സമീപകാലത്തെ ടെസ്റ്റിലെ ഭേദപ്പെട്ട പ്രകടനം.
Content Highlights: Former India coach Anil Kumble criticizes Virat Kohli`s poor form