തകർത്തടിച്ച് രോഹിത്തും റിക്കിൽട്ടനും; കൊൽക്കത്തയെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ

#സ്പോർട്സ് ഡെസ്ക്
Photo: ANI
Photo: ANI

മുംബൈ: ഐപിഎല്ലിൽ സീസണിലെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നാല് വിക്കറ്റിന് 220 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

രോഹിത് ശർമയുടേയും റിയാൻ റിക്കിൽട്ടന്റെയും കൂറ്റനടിയാണ് മുംബൈയെ അനായാസ ജയത്തിലെത്തിച്ചത്. ഇരുവരും ചേർന്ന് 148 റൺസിന്റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റിൽ സൃഷ്ടിച്ചത്. 38 പന്തിൽ 6 ഫോറും സിക്സും ഉൾപ്പെടെ 78 റൺസെടുത്ത് രോഹിത് പുറത്തായി. മൂന്നാമനായെത്തിയ സൂര്യകുമാർ യാദവ് 8 പന്തിൽ 3 ഫോറടക്കം 16 റൺസെടുത്ത് പുറത്തായി. റിയാൻ റിക്കിൽട്ടൺ 43 പന്തിൽ നാല് ഫോറും 8 സിക്സും അടക്കം 81 റൺസെടുത്തു.

ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെയും അങ്ക്രിഷ് രഘുവംശിയുടെയും തകർപ്പൻ അർധസെഞ്ചുറിയുടെ ബലത്തിലാണ് കൊൽക്കത്ത മികച്ച ടോട്ടൽ കണ്ടെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടീം നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു.

മുംബൈ ബൗളർമാരെ തുടക്കം മുതൽ സമ്മർദത്തിലാക്കിയ പ്രകടനമാണ് രഹാനെ കാഴ്ചവെച്ചത്. വെറും 40 പന്തിൽ അഞ്ച് സിക്‌സറുകളും മൂന്ന് ഫോറുകളും അടക്കം 67 റൺസ് നേടിയാണ് രഹാനെ മടങ്ങിയത്. പതിയെ തുടങ്ങിയ രഘുവംശി, രഹാനെ മടങ്ങിയതോടെ വെടിക്കെട്ടിന് തിരികൊളുത്തി. 29 പന്തിൽ രണ്ട് സിക്‌സും ആറ് ഫോറും സഹിതം 51 റൺസാണ് കൊൽക്കത്തയുടെ പുതിയ വിക്കറ്റ് കീപ്പറുടെ സമ്പാദ്യം. റിങ്കു സിങ് 21 പന്തിൽ പുറത്താവാതെ 33 റൺസ് നേടി.

പവർപ്ലേ ഓവറുകളിൽ മുംബൈ ബൗളർമാരെ നിഷ്പ്രഭരാക്കിയ കൊൽക്കത്ത, ആദ്യ 6 ഓവറിൽ തന്നെ 78 റൺസ് അടിച്ചുകൂട്ടിയിരുന്നു. രഹാനെ ഫിൻ അലനൊപ്പം ചേർന്ന് ഒന്നാംവിക്കറ്റിൽ 69 റൺസിന്റെ വെടിക്കെട്ട് കൂട്ടുകെട്ട് പടുത്തുയർത്തി. ഫിൻ അലൻ 17 പന്തിൽ 37 റൺസ് (മൂന്ന് ഫോർ, അഞ്ച് സിക്‌സ്) നേടി പുറത്തായി. കാമറോൺ ഗ്രീൻ 10 പന്തിൽ 18 റൺസും രമൺദീപ് സിങ് പുറത്താവാതെ നാലുറൺസും നേടി.

മുംബൈ ബൗളർമാരിൽ നാലോവറിൽ 39 റൺസ് വഴങ്ങി ശാർദുൽ ഠാക്കൂർ മൂന്ന് വിക്കറ്റുകൾ നേടി. നാലാം ഓവറെറിഞ്ഞ ഹാർദികിനെ അജിങ്ക്യ രഹാനെയും ഫിൻ അലനും ചേർന്ന് ഒരു മാർദവവുമില്ലാതെ ആക്രമിച്ചു. ഓവറിൽ രഹാനെ തുടർച്ചയായ രണ്ട് സിക്‌സുകളും അലൻ മൂന്ന് ഫോറുകളും നേടി. 26 റൺസാണ് ഹാർദിക് ഓവറിൽ വിട്ടുകൊടുത്തത്.