IPL-നുവേണ്ടി കരിയർ ബലികഴിച്ചു, ECB മാധ്യമങ്ങളെ ഉപയോഗിച്ച് വേട്ടയാടി -വെളിപ്പെടുത്തലുമായി പീറ്റേഴ്സൺ

ലണ്ടൻ: ഐ.പി.എലിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡുമായുണ്ടായ (ഇ.സി.ബി.) തർക്കമാണ് തന്റെ അന്താരാഷ്ട്ര കരിയർ നേരത്തെ അവസാനിക്കാൻ കാരണമായതെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ. യുട്യൂബറായ രൺവീർ അല്ലാബാദിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പീറ്റേഴ്‌സൺ ഇ.സി.ബി.ക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഐ.പി.എലിന്റെ ആദ്യവർഷങ്ങളിൽ തനിക്കെതിരേ മാധ്യമങ്ങളെ ഉപയോഗിച്ച് ഇ.സി.ബി. ബോധപൂർവം നീക്കങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
2008-ലെ ആദ്യ ഐ.പി.എൽ. സീസണിൽ കരാറുള്ള കളിക്കാരെ പങ്കെടുക്കുന്നതിൽനിന്ന് ഇ.സി.ബി. വിലക്കിയിരുന്നു. എന്നാൽ, 2009-ൽ മൂന്നാഴ്ചത്തെ സമയപരിധിയിൽ കളിക്കാൻ അനുമതി നൽകിയതോടെ പീറ്റേഴ്‌സൺ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ ചേർന്നു. രാജ്യത്തേക്കാൾ ഉപരിയായി ലീഗിന് മുൻഗണന നൽകുന്നു എന്നാരോപിച്ച് ഇ.സി.ബി. തനിക്കെതിരേ തിരിയുകയായിരുന്നുവെന്ന് പീറ്റേഴ്‌സൺ വെളിപ്പെടുത്തി. ഈ തീരുമാനത്തിനായി തനിക്ക് കരിയർതന്നെ ബലികഴിക്കേണ്ടി വന്നുവെന്നും 33-ാം വയസ്സിൽ തന്റെ ഇംഗ്ലണ്ട് കരിയർ അവസാനിച്ചത് ഇതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
104 ടെസ്റ്റുകളിൽ നിന്ന് 8,181 റൺസാണ് പീറ്റേഴ്‌സൺ നേടിയത്. എന്നാൽ, തനിക്ക് 150-160 ടെസ്റ്റുകൾ കളിക്കാനും 13,000 റൺസോളം നേടാനും സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തന്നെ വേട്ടയാടാൻ ഇ.സി.ബി. മാധ്യമങ്ങളെ ഉപയോഗിച്ചെങ്കിലും ഇപ്പോൾ താൻ സമാധാനപരമായ ജീവിതമാണ് നയിക്കുന്നത്. കരിയറിനെ ഇത് ബാധിച്ചെങ്കിലും, വരുംതലമുറയിലെ ഇംഗ്ലണ്ട് താരങ്ങൾക്ക് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമാകാൻ തന്റെ പോരാട്ടം വഴിയൊരുക്കിയതായും പീറ്റേഴ്‌സൺ അവകാശപ്പെട്ടു.
നിലവിലെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ ഉൾപ്പെടെയുള്ള താരങ്ങൾ തനിക്ക് നന്ദി പറഞ്ഞിട്ടുണ്ടെന്നും പീറ്റേഴ്‌സൺ വ്യക്തമാക്കി. താൻ അന്ന് നടത്തിയ വിട്ടുവീഴ്ചകളുടെ ഫലമാണ് ഇന്നത്തെ കളിക്കാർ അനുഭവിക്കുന്നത്. ഐ.പി.എലിൽ ഡൽഹി ഡെയർഡെവിൾസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമുകൾക്കായും പീറ്റേഴ്‌സൺ കളിച്ചിട്ടുണ്ട്. 2025-ൽ ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററായും നിയമിതനായി.
Content Highlights: Kevin Pietersen alleges ECB orchestrated a media campaign against him over IPL participation