കേരളത്തിന് വീണ്ടും തകർപ്പൻ ജയം; രോഹനും സഞ്ജുവിനും സെഞ്ചുറി, ഝാർഖണ്ഡിനെ 8 വിക്കറ്റിന് തോൽപ്പിച്ചു

അഹമ്മദാബാദ്: സഞ്ജു സാംസണിന്റെയും രോഹൻ കുന്നുമ്മലിന്റെയും തകർപ്പൻ സെഞ്ചുറികളുടെ ബലത്തിൽ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വീണ്ടും വിജയം. ഝാർഖണ്ഡിനെ എട്ടു വിക്കറ്റിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 311 എടുത്തപ്പോൾ കേരളം 42.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഓപ്പണർമാരായ സഞ്ജു 95 പന്തിൽനിന്ന് 101 റൺസ് നേടിയപ്പോൾ 78 പന്തിൽനിന്ന് രോഹൻ 124 അടിച്ചെടുത്തു. ഇരുവരുടെയും വിക്കറ്റുകൾ മാത്രമാണ് കേരളത്തിന് നഷ്ടമായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡിനായി കുമാർ കുഷ്ഗ്ര 143, അനുകുൽ റോയ് 72 റൺസെടുത്തു. കേരളത്തിനായി എം.ഡി.നിധീഷ് നാലും ബാബ അപരാജിത് രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ കേരളത്തിനായി സഞ്ജുവും രോഹൻ മികച്ച കൂട്ടുക്കെട്ടാണ് പടുത്തുയർത്തിയത്. 212-ൽ നിൽക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. രോഹൻ കുന്നുമ്മൽ ആദ്യം പുറത്തായി 248-ൽ എത്തിനിൽക്കെ സഞ്ജുവിനെയും നഷ്ടമായി. പുറത്താകാതെ ബാബ അപരാജിത് 41, വിഷ്ണു വിനോദ് 40 റൺസ് വീതമെടുത്ത് കേരളത്തെ വിജയത്തിലേക്കെത്തിച്ചു. കഴിഞ്ഞ മത്സരത്തിലും മിന്നുംവിജയമാണ് കേരളം സ്വന്തമാക്കിയത്. രാജസ്ഥാനെതിരെ 343 റൺസ് പിന്തുടർന്നായിരുന്നു ജയം. ഈ മാസം ആറിന് പുതുച്ചേരിക്കെരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.