‘ആദ്യം ഭയന്നു, ലേലം അവസാനിച്ചപ്പോൾ കണ്ണീരടക്കാനായില്ല’; 14.20 കോടിക്ക് ചെന്നൈ ടീമിലെത്തിച്ചതിന് പിന്നാലെ കാർത്തിക്

ദുബായ്: ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി യുവതാരം കാർത്തിക് ശർമ. ലേലത്തിൽ താൻ തിരഞ്ഞെടുക്കപ്പെടാതെ പോകുമോ എന്ന് ഭയപ്പെട്ടിരുന്നതായും എന്നാൽ ചെന്നൈ സ്വന്തമാക്കിയപ്പോൾ കണ്ണീരടക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. 14.20 കോടി രൂപ മുടക്കിയാണ് ചെന്നൈ കാർത്തിക്കിനെ ടീമിലെത്തിച്ചത്. സഞ്ജു സാംസണിനെ ട്രേഡ് ഡീലിലൂടെ തട്ടകത്തിലെത്തിച്ച ചെന്നൈ ലേലത്തില്‍ വന്‍ തുകയാണ് മുടക്കിയത്. യുപി ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറിനെ റെക്കോഡ് തുക കൊടുത്ത് വാങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചെന്നൈ കാര്‍ത്തിക് ശര്‍മയ്ക്കും 14.20 കോടി തന്നെ മുടക്കിയത്.
"ഇതുവരെ മഹി ഭായിയോടൊപ്പം കളിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. അദ്ദേഹത്തോടൊപ്പം കളിക്കാനും അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനും കഴിയുന്നതിൽ ഞാൻ ആവേശഭരിതനാണ്. ഇന്ന് ലേലത്തിൽ ഞാൻ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. വളരെ സന്തോഷമുണ്ട്." കാർത്തിക് പറഞ്ഞു.
"ഞാൻ അത്രയധികം സന്തോഷിച്ചു, കരഞ്ഞുപോയി. എൻ്റെ ലേലം ആരംഭിച്ചപ്പോൾ, തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലോ എന്ന് ഭയന്നു. എന്നാൽ ലേലം ആരംഭിച്ചയുടൻ അത് മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ആ നിമിഷം എനിക്ക് കണ്ണീരടക്കാൻ കഴിഞ്ഞില്ല. ലേലം കഴിഞ്ഞിട്ടും ഞാൻ കരഞ്ഞുകൊണ്ടിരുന്നു. എല്ലാവരും നൃത്തം ചെയ്യുകയായിരുന്നു, ഞാൻ കരയുകയായിരുന്നു. അത്രയധികം സന്തോഷത്തിലായിരുന്നു ഞാൻ."- കാർത്തിക് കൂട്ടിച്ചേർത്തു.
പ്രശാന്തിനായി റെക്കോഡ് തുക മുടക്കി മിനിറ്റുകള്‍ക്ക് ശേഷമാണ് കാര്‍ത്തിക് ശര്‍മയ്ക്കായും ചെന്നൈ ഇതേ തുക മുടക്കിയത്. അതായത് രണ്ട് അണ്‍ക്യാപ്ഡ് താരങ്ങള്‍ക്കായും സിഎസ്‌കെ മുടക്കിയത് 28.40 കോടിയാണ്. അണ്‍ക്യാപ്ഡ് താരങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. പ്രശാന്ത് വീര്‍ ഓള്‍റൗണ്ടറാണെങ്കില്‍ കാര്‍ത്തിക് ശര്‍മ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്.
രാജസ്ഥാന്‍ സ്വദേശിയായ കാര്‍ത്തിക് ശര്‍മയും ആഭ്യന്തര ടൂര്‍ണമെന്റുകളിലെ മിന്നും പ്രകടനത്തിലൂടെയാണ് ഫ്രാഞ്ചൈസികളുടെ റഡാറിലെത്തുന്നത്. 19 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയ താരമാണ് കാര്‍ത്തിക്. ഉത്തരാഖണ്ഡിനെതിരായിരുന്നു ഇത്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും മികച്ച ബാറ്റിങ്ങാണ് താരം കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ രാജസ്ഥാന്റെ ടോപ് സ്‌കോററും കാര്‍ത്തിക്കായിരുന്നു. എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി താരം 445 റണ്‍സാണ് അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലിയിലും മിന്നിച്ച താരം മികച്ച ഫിനിഷര്‍ കൂടിയാണ്.
Content Highlights: Kartik Sharma in tears after fetching record Rs 14.2 crore from CSK