കഗിസോ റബാദയെ 'ഹിറ്റ്മാന്' പേടിയോ? രോഹിതിനെതിരേ ഏറ്റവും വിജയിച്ച ബൗളര്‍, റെക്കോഡ്

സെഞ്ചൂറിയന്‍: കഗിസോ റബാദക്ക് ഒരു പ്രത്യേകതയുണ്ട്. കളിക്കളത്തില്‍ രോഹിത് ശര്‍മയെ കണ്ടാല്‍ വിക്കറ്റുംകൊണ്ടേ പോകൂ. ചൊവ്വാഴ്ചയും മാറ്റമുണ്ടായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ രോഹിത് അഞ്ച് റണ്‍സെടുത്തുനില്‍ക്കേ, റബാദ ഒരിക്കല്‍ക്കൂടി വില്ലനായെത്തി. ഇതോടെ ക്രിക്കറ്റില്‍ രോഹിത് ശര്‍മയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളറെന്ന ഖ്യാതി റബാദയ്ക്ക് സ്വന്തം.
13 തവണയാണ് രോഹിതിനെ റബാദ മടക്കിയയച്ചത്. ഇതുവരെ ടിം സൗത്തിയായിരുന്നു റബാദയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. അഞ്ചാം ഓവറില്‍ റബാദയുടെ ബൗണ്‍സര്‍ ഫൈന്‍ ലെഗിലേക്ക് തിരിച്ചുവിട്ടെങ്കിലും നന്ദ്രേ ബര്‍ഗറുടെ കൈകളിലൊതുങ്ങി രോഹിതിന് മടങ്ങേണ്ടിവന്നു. 14 പന്തില്‍നിന്നാണ് രോഹിത് അഞ്ച് റണ്‍സെടുത്തത്.
എയ്ഞ്ചലോ മാത്യൂസ് (10 തവണ), നഥാന്‍ ലിയോണ്‍ (ഒന്‍പത്), ട്രെന്റ് ബോള്‍ട്ട് (എട്ട്) എന്നിവരാണ് രോഹിതിന്റെ കൂടുതല്‍ വിക്കറ്റുകളെടുത്ത മറ്റു ബൗളര്‍മാര്‍. സെഞ്ചൂറിയനില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിനയക്കുകയായിരുന്നു. 26 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സാണ് സന്ദര്‍ശകരുടെ സമ്പാദ്യം.
Content Highlights: kagiso rabada becomes the most successul bowler against rohit sharma