സഞ്ജു ചേട്ടനേപ്പോലെ, ടീമിലെത്താന്‍ അദ്ദേഹവുമായുള്ളത് ആരോഗ്യകരമായ മത്സരം- ജിതേഷ് ശര്‍മ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
സഞ്ജു സാംസൺ, ജിതേഷ് ശര്‍മ | Photo: PTI
സഞ്ജു സാംസൺ, ജിതേഷ് ശര്‍മ | Photo: PTI

കട്ടക്ക്: സഞ്ജു സാംസണ്‍ മികച്ച കളിക്കാരനാണെന്നും ടീമില്‍ ഇടംനേടാന്‍ അദ്ദേഹവുമായി ഉള്ളത് ആരോഗ്യകരമായ മത്സരമാണെന്നും ഇന്ത്യന്‍ താരം ജിതേഷ് ശര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20-യില്‍ വിജയം നേടിയ ശേഷം സംസാരിക്കുകയായിരുന്നു ജിതേഷ്. മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ജിതേഷ് ശര്‍മയാണ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നത്.

പ്ലേയിങ് ഇലവനിലെത്താന്‍ സഞ്ജുവുമായി മത്സരമുണ്ടോ എന്ന ചോദ്യത്തിന് ആരോഗ്യകരമായ മത്സരത്തിലൂടെയാണ് നിങ്ങളുടെ കഴിവുകള്‍ പുറത്തുവരിക എന്നായിരുന്നു ജിതേഷിന്റെ മറുപടി.

''അദ്ദേഹം ടീമിലുള്ളതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. തുറന്നു പറഞ്ഞാല്‍, അദ്ദേഹം ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയാണ്. ആരോഗ്യകരമായ മത്സരത്തിലൂടെയാണ് നിങ്ങളുടെ കഴിവുകള്‍ പുറത്തുവരിക. അത് ടീമിനും നല്ലതാണ്. സഞ്ജു ഭയ്യ മികച്ച കളിക്കാരനാണ്. എനിക്ക് അദ്ദേഹവുമായി മത്സരിക്കേണ്ടതുണ്ട്. അപ്പോഴാണ് എനിക്ക് എന്റെ മികച്ച പ്രകടനം പുറത്തെടുക്കാനാകുക. ഞങ്ങള്‍ രണ്ടുപേരും ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങള്‍ സഹോദരങ്ങളെപ്പോലെയാണ്. പരസ്പരം ധാരാളം അനുഭവങ്ങള്‍ പങ്കിടുന്നു. അതില്‍ അദ്ദേഹവും എന്നെ വളരെയധികം സഹായിക്കുന്നു'', ജിതേഷ് പറഞ്ഞു.

പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുന്നതോ ടീം സെലക്ഷനോ ഒന്നും തങ്ങളുടെ ബന്ധത്തെ ബാധിക്കാറില്ലെന്നും ജിതേഷ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Indian cricketer Jitesh Sharma discusses the healthy competition with Sanju Samson for a spot in the team, emphasizing mutual support and improved performance for India.