‘വൈഭവ് എന്റെ റൂമിലിരുന്ന് ഐസ്ക്രീം കഴിക്കും, വീഡിയോകൾ കാണും’; വിവാദത്തിൽ വിശദീകരണവുമായി ജിതേഷ് ശർമ

ന്യൂഡൽഹി: കൗമാരതാരം വൈഭവ് സൂര്യവംശിയുടേത് പ്രൊഫഷണൽ സമീപനമല്ലെന്ന് ആവർത്തിച്ച് ആർസിബി താരം ജിതേഷ് ശർമ. ഒരു പോഡ്കാസ്റ്റിലാണ് ജിതേഷിന്റെ പ്രതികരണം. വൈഭവ് താൻ പറയുന്നത് കേൾക്കാറില്ലെന്നും മൈതാനത്തിന് പുറത്ത് ഒട്ടും പ്രൊഫഷണൽ അല്ലെന്നും എബിഡി വില്ല്യേഴ്സുമായുള്ള ചർച്ചയ്ക്കിടെ ജിതേഷ് പറഞ്ഞിരുന്നു. ഇത് സാമൂഹികമാധ്യമങ്ങളിലടക്കം വൻ ചർച്ചയായ പശ്ചാത്തലത്തിലാണ് ജിതേഷ് പ്രതികരണത്തിൽ വ്യക്തത വരുത്തിയത്.
വൈഭവ് തൻ്റെ നല്ലൊരു സുഹൃത്താണെന്നും ആ ബന്ധത്തിന്റെ പുറത്താണ് അത്തരത്തിലുള്ള പ്രതികരണം നടത്തിയതെന്നും ജിതേഷ് പറഞ്ഞു. അന്ന് യൂട്യൂബ് ചാനലിൽ മുൻ ദക്ഷിണാഫ്രിക്കൻ താരം എബിഡി വില്ല്യേഴ്സുമായുള്ള ചർച്ചയ്ക്കിടെയുണ്ടായ സംഭവങ്ങളും അദ്ദേഹം വിശദീകരിച്ചു. ഏത് യുവതാരമാണ് ഇന്ത്യൻ ടീമിലെ ഒരു താരമായി ഉയർന്നുവരികയെന്ന് അന്ന് എബിഡി ചോദിച്ചു. എൻ്റെ ഉടനടിയുള്ള മറുപടി വൈഭവ് സൂര്യവംശി എന്നായിരുന്നു. എന്തുകൊണ്ട് എന്ന് അദ്ദേഹം ചോദിച്ചപ്പോൾ, ഞാൻ അവന്റെ സാങ്കേതിക മികവ്, മാനസികാവസ്ഥ, കഠിനാധ്വാനം എന്നിവ ചൂണ്ടിക്കാണിച്ചു. വൈഭവിന് മൂന്ന് ഫോർമാറ്റുകളിലും ആധിപത്യം സ്ഥാപിക്കാൻ കഴിയുമെന്നും, ഗ്രൗണ്ടിൽ അവൻ വളരെ പ്രൊഫഷണലാണെന്നും ഞാൻ പറഞ്ഞു. എന്നാൽ യഥാർഥത്തിൽ അത്ര പ്രൊഫഷണൽ അല്ലെന്നാണ് ഞാൻ പറഞ്ഞത്.
"അവൻ ഐസ്ക്രീം ഇഷ്ടപ്പെടുന്ന പതിനഞ്ച് വയസ്സുള്ള ഒരു കുട്ടിയാണ്. അവൻ എൻ്റെ റൂമിൽ വന്ന് എൻ്റെ കൂടെ അത് കഴിക്കാറുണ്ട്. ഞാൻ കഴിക്കാറില്ല, പക്ഷെ അവൻ കഴിക്കും. ഒരു കുട്ടിക്ക് ഐസ്ക്രീം വേണ്ടെങ്കിൽ പിന്നെ എന്താണ് വേണ്ടത്? അവൻ ഞങ്ങളുടെ വീട്ടിൽ വരും, എൻ്റെ ഭാര്യയോട് സംസാരിക്കും, യൂട്യൂബിൽ വീഡിയോകൾ കാണും. ഞങ്ങൾ അടുത്ത ബന്ധം പുലർത്തുന്നവരാണ്. അവൻ എൻ്റെ ഇളയ സഹോദരനെ പോലെയാണ്. അതേസമയം താരത്തിൽ നിന്ന് വളരെയധികം പ്രൊഫഷണലിസം പ്രതീക്ഷിക്കുന്നുണ്ടെന്നും ആളുകൾ പറയുന്നത് കാര്യമാക്കുന്നില്ലെന്നും ജിതേഷ് പറഞ്ഞു.
നേരത്തേ മുൻ ദക്ഷിണാഫ്രിക്കൻ താരം എബിഡി വില്ല്യേഴ്സുമായുള്ള ചർച്ചയ്ക്കിടെയാണ് ജിതേഷ് ശർമ വൈഭവിനെക്കുറിച്ച് പറഞ്ഞത്. വൈഭവ് മികച്ച കളിക്കാരനാണെന്നും പ്രൊഫഷണലാണെന്നും എബിഡി പറഞ്ഞപ്പോൾ അതിന് വിരുദ്ധമായ അഭിപ്രായമാണ് ജിതേഷ് പങ്കുവെച്ചത്. വൈഭവ് പ്രൊഫഷണലായ താരമല്ലെന്ന് ആർസിബി താരം പറഞ്ഞു. അവൻ പ്രൊഫഷണൽ അല്ല. അത് ഞാൻ പറയാം, ജിതേഷ് ഒരു ചിരിയോടെ പറഞ്ഞു.
എല്ലാവരും അദ്ദേഹത്തെ പ്രൊഫഷണൽ ആക്കാൻ ശ്രമിക്കുന്നു, പക്ഷേ അദ്ദേഹം ഒരിക്കലും അങ്ങനെയാകുമെന്ന് ഞാൻ കരുതുന്നില്ല, കുറഞ്ഞത് മൈതാനത്തിന് പുറത്തെങ്കിലും. മൈതാനത്ത് ഒരുപക്ഷേ അങ്ങനെ ആയേക്കാം. ഞാൻ എൻ്റെ പരമാവധി ശ്രമിക്കുന്നുണ്ട്. രാത്രിയിൽ ഐസ്ക്രീം കഴിക്കരുതെന്ന് ഞാൻ അവനോട് പറയാറുണ്ട്, പക്ഷേ അവൻ അത് കേൾക്കാറേയില്ലെന്നും അന്ന് ജിതേഷ് പറഞ്ഞിരുന്നു.
Content Highlights: Jitesh Sharma clarified his earlier comments regarding Vaibhav Suryavanshi's lack of professionalism., Jitesh treats Vaibhav like a younger brother, emphasizing their personal bond., Jitesh praised Vaibhav's technical skills and potential to dominate all three formats., The comments about lack of professionalism refer to off-field habits like eating ice cream, not his cricket performance.