ഞെട്ടിച്ച് ചെന്നൈ, 19-കാരനും 14.20 കോടി; ആരാണ് കാര്‍ത്തിക് ശര്‍മ ?

#സ്പോർട്സ് ഡെസ്ക്
കാർത്തിക് ശർമ | X.com/@SANDEEPMH07
കാർത്തിക് ശർമ | X.com/@SANDEEPMH07

ദുബായ്: ഐപിഎല്‍ താരലേലത്തില്‍ ആഭ്യന്തര താരങ്ങള്‍ക്കായി കോടികളെറിഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സഞ്ജു സാംസണിനെ ട്രേഡ് ഡീലിലൂടെ തട്ടകത്തിലെത്തിച്ച ചെന്നൈ ലേലത്തില്‍ വന്‍ തുകയാണ് മുടക്കിയത്. അണ്‍ക്യാപ്ഡ് താരങ്ങളാണ് ഫ്രാഞ്ചൈസിയുടെ റഡാറില്‍. യുപി ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറിനെ റെക്കോഡ് തുക കൊടുത്ത് വാങ്ങിയ ചെന്നൈ പിന്നാലെ മറ്റൊരു അണ്‍ക്യാപ്ഡ് താരമായ കാര്‍ത്തിക് ശര്‍മയ്ക്കും 14.20 കോടി തന്നെ മുടക്കി. ജഡേജ ടീം വിട്ട പശ്ചാത്തലത്തില്‍ ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കുകയാണ് സിഎസ്‌കെ.

പ്രശാന്തിനായി റെക്കോഡ് തുക മുടക്കി മിനിറ്റുകള്‍ക്ക് ശേഷമാണ് കാര്‍ത്തിക് ശര്‍മയ്ക്കായും ഇതേ തുക മുടക്കിയത്. അതായത് രണ്ട് അണ്‍ക്യാപ്ഡ് താരങ്ങള്‍ക്കായും സിഎസ്‌കെ മുടക്കിയത് 28.40 കോടിയാണ്. അണ്‍ക്യാപ്ഡ് താരങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. പ്രശാന്ത് വീര്‍ ഓള്‍റൗണ്ടറാണെങ്കില്‍ കാര്‍ത്തിക് ശര്‍മ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്.

രാജസ്ഥാന്‍ സ്വദേശിയായ കാര്‍ത്തിക് ശര്‍മയും ആഭ്യന്തര ടൂര്‍ണമെന്റുകളിലെ മിന്നും പ്രകടനത്തിലൂടെയാണ് ഫ്രാഞ്ചൈസികളുടെ റഡാറിലെത്തുന്നത്. 19 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയ താരമാണ് കാര്‍ത്തിക്. ഉത്തരാഖണ്ഡിനെതിരായിരുന്നു ഇത്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും മികച്ച ബാറ്റിങ്ങാണ് താരം കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ രാജസ്ഥാന്റെ ടോപ് സ്‌കോററും കാര്‍ത്തിക്കായിരുന്നു. എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി താരം 445 റണ്‍സാണ് അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലിയിലും മിന്നിച്ച താരം മികച്ച ഫിനിഷര്‍ കൂടിയാണ്.

Content Highlights: ipl auction csk kartik sharma, prashant veer