ഷമി 10 കോടിക്ക് LSG-യിൽ, ജഡേജ പ്രതിഫലം കുറച്ചു, സഞ്ജുവിന് നിലവിലെ പ്രതിഫലംതന്നെ; കൈമാറ്റങ്ങൾ ഔദ്യോഗികമായി

ന്യൂഡല്‍ഹി: ഐപിഎല്‍ 2026-ന് മുന്നോടിയായുള്ള താരങ്ങളുടെ കൈമാറ്റപ്പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടു. ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ രാജസ്ഥാന്‍ റോയല്‍സിലേക്കും പകരമായി സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുന്നതുമാണ് ഏറ്റവും ശ്രദ്ധേയമായ കൈമാറ്റം. കരാറിന്റെ ഭാഗമായി ജഡേജ ലീഗ് ഫീ 18 കോടി രൂപയില്‍നിന്ന് 14 കോടി രൂപയാക്കി കുറച്ചു. ചെന്നൈക്കായി 12 സീസണുകളില്‍ കളിച്ച ജഡേജ, 250-ലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
അതേസമയം സഞ്ജു സാംസണ്‍, നിലവിലെ മാച്ച് ഫീയായ 18 കോടി രൂപയ്ക്ക് തന്നെയാണ് സിഎസ്‌കെയിലെത്തിയത്. 177 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച സഞ്ജു ഇത് മൂന്നാമത്തെ ഐപിഎല്‍ ടീമിലാണ് കളിക്കുന്നത്. മുന്‍പ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു.
ഓള്‍റൗണ്ടര്‍ സാം കറന്‍ നിലവിലെ ലീഗ് ഫീയായ 2.4 കോടി രൂപയ്ക്കാണ് സിഎസ്‌കെയില്‍നിന്ന് രാജസ്ഥാന്‍ റോയല്‍സിലെത്തിയത്. മുന്‍പ് പഞ്ചാബ് കിങ്‌സിനെ പ്രതിനിധീകരിച്ചിരുന്നു. വെറ്ററന്‍ താരം മുഹമ്മദ് ഷമി സണ്‍ റൈസേഴ്‌സ് ഹൈദരാബാദില്‍നിന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തി. നിലവിലെ മാച്ച് ഫീയായ 10 കോടി രൂപയ്ക്ക് തന്നെയാണ് പുതിയ കൂടുമാറ്റം.
ലെഗ് സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍നിന്ന് മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിലെത്തി. നിലവിലെ ഫീസായ 30 രൂപയ്ക്കാണ് കൈമാറ്റം. അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ 30 ലക്ഷം രൂപയ്ക്ക് എല്‍എസ്ജിയിലെത്തി. രാജാസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന നിതീഷ് റാണ ഡല്‍ഹി ക്യാപിറ്റല്‍സിലും, ഡല്‍ഹി താരമായിരുന്ന ഡൊണോവന്‍ ഫെരേര രാജസ്ഥാന്‍ റോയല്‍സിലുമെത്തി.