അന്ന് കടുപ്പിച്ച് ഗോയങ്ക, ഇക്കുറി പന്തിന്റെ പ്രകടനം കണ്ട് വികാരനിർഭരനായി, വീഡിയോ

#സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിനാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് കീഴടക്കിയത്. ഹൈദരാബാദ് ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ ലഖ്നൗ മറികടന്നു. അർധസെഞ്ചുറിയുമായി നായകൻ ഋഷഭ് പന്താണ് ടീമിനെ ജയത്തിലെത്തിച്ചത്. 50 പന്തിൽ നിന്ന് 68 റൺസുമായി പന്ത് പുറത്താവാതെ നിന്നു. അവസാന ഓവർ വരെ ആവേശം നീണ്ട മത്സരത്തിൽ വിജയറൺ കുറിച്ചതും പന്തായിരുന്നു. ലഖ്നൗവിന്റെ വിജയനിമിഷത്തിൽ ടീം ഉടമ സഞ്ജീവ് ഗോയങ്ക വികാരനിർഭരനായി. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

അവസാന രണ്ടോവറിൽ 13 റൺസായിരുന്നു ലഖ്‌നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഹർഷൽ പട്ടേൽ എറിഞ്ഞ 19-ാം ഓവറിൽ നാല് റൺസ് മാത്രമാണ് ലഖ്‌നൗവിന് നേടാനായത്. അതോടെ മത്സരം കടുത്തു. അവസാന ഓവറിൽ വേണ്ടത് 9 റൺസായി മാറി. ജയദേവ് ഉദ്‌നക്കട്ട് എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തും ഫോറടിച്ച് പന്ത് സ്‌കോർ തുല്യമാക്കി. പിന്നീടുള്ള രണ്ട് പന്തുകളും താരത്തിന് റണ്ണെടുക്കാനായില്ല. അതോടെ അവസാന രണ്ട് പന്തിൽ ലക്ഷ്യം ഒരു റണ്ണായി മാറി. അഞ്ചാം പന്തിൽ ഫോറടിച്ച് പന്ത് ടീമിനെ ജയത്തിലെത്തിച്ചു. വിജയ റൺ കുറിച്ച നിമിഷത്തിൽ ക്യാമറകൾ സഞ്ജീവ് ഗോയങ്കയെ ഒപ്പിയെടുത്തു. വികാരനിർഭരനായ അദ്ദേഹം താരങ്ങൾക്കായി കയ്യടിച്ചു. ഇത് ആരാധകർക്കിടയിൽ വൈറലായി. 

നേരത്തേ ആദ്യ മത്സരത്തിൽ ഡൽഹിയോട് തോറ്റതിന് പിന്നാലെ ഋഷഭ് പന്തും ടീം ഉടമ സഞ്ജീവ് ഗോയങ്കയും തമ്മിലുള്ള ചർച്ച വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലഖ്‌നൗ തോറ്റതിന് പിന്നാലെ ഗോയങ്ക മൈതാനത്തെത്തി ക്യാപ്റ്റൻ പന്തുമായി കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. പന്തുമായി ഏറെനേരം ഗോയങ്ക സംസാരിച്ചു. ലഖ്‌നൗ പരിശീലകൻ ജസ്റ്റിൻ ലാംഗറും ഒപ്പമുണ്ടായിരുന്നു.ഇതിന് മുൻപ് പല തവണ ഗോയങ്ക, മൈതാനത്തെത്തി ടീം നായകന്മാരുമായി സംവദിച്ചിരുന്നു. 2024 ൽ കെ.എൽ. രാഹുലുമായി തർക്കത്തിലുമേർപ്പെട്ടു.

Content Highlights: LSG secured a 5-wicket victory over SRH chasing 157 runs in the 2026 IPL season., Rishabh Pant remained unbeaten with a match-winning 68 off 50 balls., The match reached a climax in the final over with Pant hitting the winning boundary., Viral footage captured LSG owner Sanjiv Goenka's emotional reaction following the victory., Contextualizes the victory against the backdrop of previous owner-captain discussions.