പാണ്ഡ്യ ക്യാപ്റ്റനാകുന്നതില്‍ കളിക്കാര്‍ക്കും എതിര്‍പ്പ്; വിവാഹമോചനത്തിനു പിന്നാലെ മറ്റൊരു തിരിച്ചടി

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. യുഎസ്എയിലും വെസ്റ്റിന്‍ഡീസിലുമായി നടന്ന ലോകകപ്പില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഹാര്‍ദിക് തിളങ്ങിയിരുന്നു. അതിനു തൊട്ടുമുമ്പ് ഐപിഎല്ലില്‍ മുുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി പകരം ഹാര്‍ദിക്കിനെ കൊണ്ടുവന്ന നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെ ഒരു വിഭാഗം ആരാധകര്‍ ഹാര്‍ദിക്കിനെതിരേ തിരിയുകയും ചെയ്തു. ഐപിഎല്‍ സീസണില്‍ താരത്തിന്റെയും മുംബൈയുടെയും പ്രകടനം മോശമായതോടെ വിമര്‍ശനങ്ങള്‍ കടുത്തു. പിന്നാലെ വന്ന ടി20 ലോകകപ്പില്‍ താരത്തെ വൈസ് ക്യാപ്റ്റനായി ടീമിലെടുത്തതിനെതിരേയും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ഈ മോശം സമയം മറികടക്കാന്‍ ഹാര്‍ദിക്കിനായിരുന്നു.
ഇതിനു പിന്നാലെയാണ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുന്നതും ഗൗതം ഗംഭീര്‍ പുതിയ പരിശീലകനാകുന്നതും. രോഹിത്, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ലോകകപ്പോടെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഗംഭീറിന്റെ കീഴില്‍ ടീം അടിമുടി മാറുമെന്ന് ഉറപ്പായിരുന്നു. രോഹിത്തിനു പകരം മുമ്പ് ടീമിനെ നയിച്ചിരുന്ന ഹാര്‍ദിക് പുതിയ ടി20 ക്യാപ്റ്റനാകുമെന്ന് തന്നെയാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഏറെ സമയമെടുത്ത് വ്യാഴാഴ്ച ശ്രീലങ്കന്‍ പര്യടനത്തിനായി പ്രഖ്യാപിച്ച ടീമില്‍ സൂര്യകുമാര്‍ യാദവിനെയാണ് സെലക്ഷന്‍ കമ്മിറ്റി ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. ഹാര്‍ദിക്കിനെ മറികടന്ന് സൂര്യ ക്യാപ്റ്റനാകുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ക്യാപ്റ്റന്‍ സ്ഥാനം മാത്രമല്ല ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും ഹാര്‍ദിക്കിന് നഷ്ടമായി. യുവതാരം ശുഭ്മന്‍ ഗില്ലിനെയാണ് ഗൗതം ഗംഭീര്‍ പരിശീലകനായുള്ള ആദ്യ പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. ടി20 ലോകകപ്പിലടക്കം ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിന് ആ സ്ഥാനം പോലും നഷ്ടപ്പെട്ടത് തിരിച്ചടിയായി. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന് ഗംഭീറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത്ത് അഗാര്‍ക്കറും നേരത്തേ ഹാര്‍ദിക്കിനെ അറിയിച്ചിരുന്നു.
ഹാര്‍ദിക് രോഹിത്തിനെ പോലെയല്ല, താരങ്ങള്‍ക്കും എതിര്‍പ്പ്
ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് ഹാര്‍ദിക്കിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെടുത്തിയ മുഖ്യ കാരണങ്ങളിലൊന്ന്. ഇടയ്ക്കിടെ പരിക്കിന്റെ പിടിയിലാകുന്ന ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ ഗംഭീറിനും എതിര്‍പ്പുണ്ടായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക് പിന്നീട് ഈ വര്‍ഷത്തെ ഐപിഎല്ലിലൂടെയാണ് മടങ്ങിയെത്തുന്നത്. ഇതിനിടെ നടന്ന ഓസീസ് പരമ്പരയില്‍ ടീമിനെ നയിച്ച സൂര്യകുമാറിന്റെ പ്രകടനവും ഹാര്‍ദിക്കിനെതിരായി. എന്നാല്‍ ദിവസങ്ങളോളം ചര്‍ച്ച ചെയ്ത് തീരുമാനിച്ച ടീം തിരഞ്ഞെടുപ്പില്‍ ടീമിലെ മറ്റ് താരങ്ങളുടെ എതിര്‍പ്പും ഹാര്‍ദിക്കിന് തിരിച്ചടിയായെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഹാര്‍ദിക്കിനു കീഴില്‍ കളിക്കുന്നതില്‍ താരങ്ങള്‍ക്ക് താത്പര്യം കുറവാണെന്ന് ബിസിസിഐ കണ്ടെത്തി. എല്ലാ താരങ്ങളെയും ഒരുപോലെ പരിഗണിക്കുന്ന രോഹിത് ശര്‍മയെ പോലെയല്ല ഹാര്‍ദിക് പെരുമാറുന്നതെന്ന് ചര്‍ച്ചയില്‍ ഗംഭീറും അഗാര്‍ക്കറും ബിസിസിഐ പ്രതിനിധികളും കണ്ടെത്തി. താരങ്ങളില്‍ പലരെയും ഫോണില്‍ വിളിച്ചും ഈ യോഗം അഭിപ്രായമെടുത്തിരുന്നു. ഇതാണ് സൂര്യയ്ക്ക് നറുക്കുവീഴാന്‍ കാരണം. രോഹിത്തിനും ഹാര്‍ദിക്കിനു പകരം സൂര്യയെ ക്യാപ്റ്റനാക്കുന്നതിനാണ് താത്പര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്യാപ്റ്റനെ തീരുമാനിക്കുന്നതിനായിരുന്നു കൂടുതല്‍ സമയമെടുത്തത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായപ്പോഴും പിന്നീട് ഇന്ത്യന്‍ ടീമിനെ നയിച്ചപ്പോഴും മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിരുന്നപ്പോഴുമെല്ലാം സഹതാരങ്ങളോട് കളിക്കളത്തിലെ ഹാര്‍ദിക്കിന്റെ പെരുമാറ്റം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പരസ്യമായി സഹതാരങ്ങളെ ശാസിക്കുന്നതും താരത്തിന്റെ പ്രത്യേക ആറ്റിറ്റിയൂഡുമെല്ലാം മുന്‍കാലങ്ങളില്‍ വിമര്‍ശന വിധേയമായിരുന്നു. ഇതിനാല്‍ തന്നെ സൂര്യ ക്യാപ്റ്റനാകുന്നതില്‍ സഹതാരങ്ങള്‍ക്കും സന്തോഷമാണ്. ഇടപെടാന്‍ ഏറ്റവും അനുയോജ്യന്‍ സൂര്യയാണെന്ന് താരങ്ങളില്‍ പലരും പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
വിവാഹമോചനത്തിനു പിന്നാലെ മറ്റൊരു തിരിച്ചടി കൂടി
ഹാര്‍ദിക് പാണ്ഡ്യയും പങ്കാളി സെര്‍ബിയന്‍ മോഡല്‍ നടാഷ സ്റ്റാന്‍കോവിച്ചും പിരിയുകയാണെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നാലെ വ്യാഴാഴ്ച ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഹാര്‍ദിക് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു.
'ഒരുമിച്ചുകഴിഞ്ഞ നാല് വര്‍ഷത്തിനുശേഷം ഞാനും നടാഷയും പരസ്പരധാരണയോടെ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ എല്ലാവിധത്തിലും പരമാവധി ശ്രമിച്ചു, ഇതാണ് രണ്ടുപേര്‍ക്കും ഏറ്റവും നല്ലതെന്ന് ഞങ്ങള്‍ കരുതുന്നു. ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത് ഞങ്ങളെ സംബന്ധിച്ച് കടുപ്പമേറിയതായിരുന്നു, കാരണം പരസ്പരം സന്തോഷവും ബഹുമാനവും നല്‍കുകയും ഞങ്ങളുടെ ദാമ്പത്യം ഞങ്ങള്‍ ആസ്വദിക്കുകയും ഒരു കുടുംബമായി വളരുകയും ചെയ്തു. ഞങ്ങളിരുവരുടേയും ജീവിതങ്ങളുടെ കേന്ദ്രം ഞങ്ങളുടെ മകന്‍ അഗസ്ത്യ തന്നെയായിരിക്കും, അവന്റെ സന്തോഷത്തിനായി ഞങ്ങള്‍ രക്ഷകര്‍തൃപങ്കാളിത്തം ഉറപ്പുവരുത്തും. നിങ്ങളുടെ പിന്തുണയ്ക്കും സഹകരണത്തിനുമായി ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുകയാണ്. അതിവിഷമകരമായ ഈ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്ക് സ്വകാര്യതയേകണമെന്നും അപേക്ഷിക്കുന്നു' - എന്നായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ ഹാര്‍ദിക് പങ്കുവെച്ച കുറിപ്പ്.
ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയായിരുന്നു ഹാര്‍ദിക്കിന്റെ ഈ കുറിപ്പ്. നടാഷ കഴിഞ്ഞ ദിവസം മുംബൈയില്‍നിന്ന് ജന്മനാടായ സെര്‍ബിയയിലേക്കു പോയിരുന്നു. മകന്‍ അഗസ്ത്യയും നടാഷയ്‌ക്കൊപ്പം സെര്‍ബിയയിലേക്കു പോയി.
നേരത്തേ ഇന്‍സ്റ്റഗ്രാമിലെ ബയോയില്‍ നിന്ന് പാണ്ഡ്യ എന്ന സര്‍നെയിം നടാഷ ഒഴിവാക്കിയതോടെയാണ് വിവാഹ മോചന അഭ്യൂഹങ്ങളുണ്ടായത്. ഒപ്പം ഹാര്‍ദികിനൊപ്പമുള്ള ചില ചിത്രങ്ങളും അവര്‍ ഒഴിവാക്കിയിരുന്നു. 2020-ലാണ് ഹാര്‍ദികും ഡാന്‍സറും മോഡലും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയുമായ നടാഷയും വിവാഹിതരായത്. ലോക്ഡൗണിനിടയില്‍ രഹസ്യമായായിരുന്നു വിവാഹം. അതേവര്‍ഷം ജൂലായില്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു.. 2023-ല്‍ ആര്‍ഭാടപൂര്‍വ്വം വിവാഹം വീണ്ടും നടത്തി. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത പ്രീ വെഡ്ഡിങ് ആഘോഷവും റിസപ്ഷനുമെല്ലാം വിവാഹത്തോട് അനുബന്ധിച്ചുണ്ടായിരുന്നു.
Content Highlights: indian players trust suryakumar yadav more than hardik pandya bcci got feedback