ബിസിസിഐ അതൃപ്തി അറിയിച്ചിട്ടും നഖ്‌വി തന്നെ അതിഥിയായെത്തി; ഫൈനലിൽ ജയിച്ചിട്ടും ഇന്ത്യൻ ടീമിന് ട്രോഫിയില്ല!

ഇന്ത്യന്‍ വനിതാ ടീം/ മൊഹ്‌സിന്‍ നഖ്‌വി | Photo: BCCI/ AFP
ഇന്ത്യന്‍ വനിതാ ടീം/ മൊഹ്‌സിന്‍ നഖ്‌വി | Photo: BCCI/ AFP

ദുബായ്: ഏഷ്യാ കപ്പ് കിരീടം ഇന്ത്യൻ വനിതകൾ നേടിയതിന് പിന്നാലെ അതേ വേദിയിൽ വീണ്ടും അതേ കാര്യം തന്നെ സംഭവിച്ചു. കഴിഞ്ഞ വർഷം സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള പുരുഷ ടീമാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാതിരുന്നെങ്കിൽ ഇത്തവണ ഹർമൻപ്രീത് കൗർ നയിച്ച ഇന്ത്യൻ വനിതാ ടീമാണ് വീണ്ടും ട്രോഫിയില്ലാതെ കിരീടനേട്ടം ആഘോഷിച്ചത്.

ദുബായിയിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് തോൽപ്പിച്ച് തങ്ങളുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമാണ് ഇന്ത്യൻ വനിതകൾ നേടിയത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടിയായ നഖ്‌വിയാണ് സമ്മാനദാനത്തിന് എത്തുന്നതെങ്കിൽ ട്രോഫി സ്വീകരിക്കില്ലെന്ന് ബിസിസിഐ നേരത്തെ തന്നെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധികൃതരെ അറിയിച്ചിരുന്നു. ഇത്തവണ ട്രോഫി പോഡിയത്തിലേക്ക് കൊണ്ടുവന്നില്ലെങ്കിലും ഔദ്യോഗിക ചാനലുകൾ വഴി പിന്നീട് ട്രോഫി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.

എസിസിയുടെ ഡെപ്യൂട്ടി ചെയർമാൻ ഖാലിദ് അൽ സറൂനിയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ ടീം തയ്യാറായിരുന്നു. എന്നാൽ നഖ്‌വി ഈ നിർദേശം തള്ളിക്കളഞ്ഞതോടെ ബിസിസിഐ സമ്മാനദാന ചടങ്ങിൽ നിന്ന് പിന്മാറുകയായിരുന്നു.

'ഒന്നര വർഷം മുമ്പുള്ള ഞങ്ങളുടെ നിലപാടിന് അനുസൃതമായി തന്നെയാണ് ഇത്തവണയും പ്രവർത്തിച്ചത്. പുരുഷ ടീമിന് ഇതുവരെ ഏഷ്യാ കപ്പ് ട്രോഫി ലഭിച്ചിട്ടില്ല. രാജ്യത്തിനായി ജീവൻ നൽകിയ ഞങ്ങളുടെ ധീരജവാന്മാരെ ആദരിച്ചുകൊണ്ട് നിലപാടിൽ മാറ്റമില്ലാതെ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.'-സൈകിയയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

'ഏഷ്യാ കപ്പിൽ തകർപ്പൻ വിജയം നേടിയ വനിതാ ടീമിനെ ബിസിസിഐ അഭിനന്ദിക്കുന്നു. രാജ്യം മുഴുവൻ ഞങ്ങളുടെ ക്രിക്കറ്റ് താരങ്ങളിൽ അതീവ സന്തോഷത്തിലും അഭിമാനത്തിലുമാണ്. ഏതെങ്കിലും ഘട്ടത്തിൽ ഞങ്ങൾക്ക് രണ്ട് ട്രോഫികളും തിരികെ ലഭിക്കും,' അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: India women's cricket team won their 8th Asia Cup title by defeating Sri Lanka by 72 runs., The team refused to accept the trophy from ACC and PCB Chairman Mohsin Naqvi, maintaining BCCI's diplomatic stance., BCCI secretary Devajit Saikia confirmed the team's position aligns with the men's team protest from the previous year., BCCI expects to receive both men's and women's Asia Cup trophies at a later stage.