ദുബെയ്ക്ക് പകരം ഹര്‍ഷിത്; ഇന്ത്യയുടെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് നീക്കത്തെ വിമര്‍ശിച്ച് ബട്ട്‌ലര്‍

Photo: AFP, PTI
Photo: AFP, PTI

പുണെ: ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരത്തില്‍ മികച്ച തുടക്കമിട്ട ഇംഗ്ലണ്ടിനെതിരേ 15 റണ്‍സിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര നേടിയത്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ ഉപയോഗിച്ച കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ ചുറ്റിപ്പറ്റി വിവാദം പുകയുകയാണ്.

ടീമിലെ ഏതെങ്കിലും താരത്തിന് തലയ്ക്ക് പരിക്കേറ്റാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഒരു ടീമിന് പരിക്കേറ്റ താരത്തെ മാറ്റി മറ്റൊരു താരത്തെ കളിക്കാനിറക്കാന്‍ സാധിക്കുന്നതാണ് ഐസിസിയുടെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് നിയമം. ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന ഓവറില്‍ പന്ത് ഹെല്‍മറ്റിലിടിച്ച ശിവം ദുബെയ്ക്ക് പകരം പേസര്‍ ഹര്‍ഷിത് റാണയെ ഇന്ത്യ കളത്തിലിറക്കിയതാണ് വിവാദമായത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി 34 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം ദുബെ 53 റണ്‍സെടുത്തിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും താരം തന്നെ. എന്നാല്‍ പന്ത് ഹെല്‍മറ്റിലിടിച്ചതോടെ ഇന്ത്യയ്ക്കായി ദുബെ ഫീല്‍ഡ് ചെയ്തില്ല. പകരം ഹര്‍ഷിത് റാണയെ ഇറക്കിയ ഇന്ത്യ, ഒരു പേസറുടെ അധിക ആനുകൂല്യവും നേടി. ഹര്‍ഷിതിന്റെ ടി20 അരങ്ങേറ്റം കൂടിയായിരുന്നു ഇത്. മൂന്നു വിക്കറ്റുമായി ഹര്‍ഷിത് തിളങ്ങുകയും ചെയ്തതോടെ വിമര്‍ശനവുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.

''ഒരേ പോലുള്ള കളിക്കാരനെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനായി ഉപയോഗിക്കണമെന്നാണ് നിയമമെങ്കിലും ഇത് അങ്ങനെയല്ല. ഞങ്ങള്‍ ഇതിനോട് യോജിക്കുന്നില്ല. ഒന്നുകില്‍ ശിവം ദുബെ ബൗളിങ്ങില്‍ 25 മൈല്‍ വേഗം കൂടി ആര്‍ജിച്ചിട്ടുണ്ടാകണം. അല്ലെങ്കില്‍ ഹര്‍ഷിത് റാണയുടെ ബാറ്റിങ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടാകണം. ഇതൊക്കെ മത്സരത്തിന്റെ ഭാഗമാണെന്ന് അറിയാം. ഞങ്ങള്‍ ജയിക്കേണ്ടിയിരുന്ന മത്സരമാണ്. എന്തായാലും ഈ  തീരുമാനത്തോട് ഞങ്ങള്‍ വിയോജിക്കുന്നു'' - ബട്ട്‌ലര്‍ പറഞ്ഞു.

കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് അനുവദിക്കുന്ന സമയത്ത് തങ്ങളുടെ അഭിപ്രായം തേടിയിരുന്നില്ലെന്നും ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ഫീല്‍ഡില്‍ ഹര്‍ഷിത് റാണയെ കണ്ട് ആര്‍ക്കു പകരമാണ് ഇദ്ദേഹം ഇറങ്ങിയതെന്ന് താന്‍ ആലോചിക്കുകയും ചെയ്തതായി ബട്ട്‌ലര്‍ കൂട്ടിച്ചേര്‍ത്തു. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായാണ് ഹര്‍ഷിത് ഇറങ്ങിയതെന്ന് അറിയുന്നതു തന്നെ അപ്പോഴാണ്. ഇതിനോട് യോജിക്കാനാകില്ലെന്നും ഒരുപോലെയുള്ള കളിക്കാരല്ല ഇരുവരുമെന്നും ബട്ട്‌ലര്‍ വ്യക്തമാക്കി.

Content Highlights: India clinched the T20 series against England, but a controversial concussion substitute decision in