ക്രിക്കറ്റിൽ വീണ്ടും ഇന്ത്യ-പാക് പോര്, ജയം തുടരാൻ തിലകും സംഘവും

ദോഹ: അണ്ടർ-19 ഏഷ്യകപ്പിലെ ആവേശം തീരുംമുൻപ് ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ പോരാട്ടം. ഇത്തവണ ഏഷ്യകപ്പ് റൈസിങ് സ്റ്റാർ ടൂർണമെന്റിലാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 -നാണ് മത്സരം.
നേപ്പാളിനെതിരേ വൻജയം നേടിയതിന്റെ ആവേശത്തിലാണ് ഇന്ത്യ അയൽപ്പോരിന് ഇറങ്ങുന്നത്. 306 റൺസിനായിരുന്നു ജയം. 332 റൺസടിച്ച ഇന്ത്യ നേപ്പാളിനെ 26 റൺസിന് പുറത്താക്കി. ശക്തമായ നിരയെയാണ് ഇന്ത്യ ടൂർണമെന്റിൽ ഇറക്കുന്നത്. തിലക് വർമ നയിക്കുന്ന ടീമിൽ വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, കുമാർ കുശാഗ്ര, ആയുഷ് ബദോനി എന്നിവരാണ് ബാറ്റിങ് കരുത്ത്. നേപ്പാളിനെതിരേ തിലകും കുശാഗ്രയും സെഞ്ചുറി നേടിയിരുന്നു.
ബൗളിങ്ങിൽ നേപ്പാളിനെതിരേ അഞ്ച് വിക്കറ്റെടുത്ത പ്രിൻസ് യാദവും നാല് വിക്കറ്റെടുത്ത ഹർഷിത് റാണയുമാണ് ശ്രദ്ധാകേന്ദ്രം. .
പാകിസ്താൻ ആദ്യകളിയിൽ യു.എ.ഇ.യെ തോൽപ്പിച്ചിരുന്നു. ക്യാപ്റ്റൻ അബ്ദുൾ സമദ്, ഹസൻ നവാസ്, ഷമ്യാൽ ഹസൻ, ഫർഹാൻ യൂസഫ് എന്നിവരാണ് ബാറ്റിങ് കരുത്ത്. സയിദ് മസൂദ്, സുഫിയാൻ മോക്വീം, അക്വിബ് ജാവേദ് എന്നിവർ ബൗളിങ് പ്രതീക്ഷകളാണ്.
Content Highlights: India faces Pakistan in the Asia Cup Rising Star tournament