ഇൻഡോറിൽ ചരിത്രംതിരുത്തി കിവീസ്, ഇന്ത്യക്ക് പരമ്പര നഷ്ടം;തോൽവിയിലും തലയുയർത്തി കോലി, ഗംഭീറിന് സമ്മർദം

#സ്പോർട്സ് ഡെസ്ക്ക്
സെഞ്ചുറി നേടിയ ഡറിൽ മിച്ചൽ ഗ്ലെൻ ഫിലിപ്സുമായി ആഹ്ലാദം പങ്കിടുന്നു, സെഞ്ചുറി കുറിച്ച ശേഷം കോലി | ഫോട്ടോ - എപി, എഎഫ്പി
സെഞ്ചുറി നേടിയ ഡറിൽ മിച്ചൽ ഗ്ലെൻ ഫിലിപ്സുമായി ആഹ്ലാദം പങ്കിടുന്നു, സെഞ്ചുറി കുറിച്ച ശേഷം കോലി | ഫോട്ടോ - എപി, എഎഫ്പി

ഇൻഡോർ: വിരാട് കോലിയുടെ സെഞ്ചുറിയോ നിതീഷ് കുമാർ റെഡ്ഡിയുടേയോ ഹർഷിത് റാണയുടേയോ പോരാട്ടവീര്യമോ കൊണ്ടുമാത്രം ഇന്ത്യക്ക് രക്ഷപ്പെടാനാവുമായിരുന്നില്ല. പരമ്പര നേടാൻ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഇന്ത്യ കിവികളോട് പരാജയപ്പെട്ടു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ന്യൂസീലൻഡ് 2-1ന് സ്വന്തമാക്കി. ഏകദിന പരമ്പരയ്ക്കായി മുൻപ് 16 തവണ ഇന്ത്യയിൽ വന്നിട്ടും ജേതാക്കളായി മടങ്ങാൻ കിവികൾക്ക് കഴിഞ്ഞിരുന്നില്ല. മൈക്കീൽ ബ്രേസ്‌വെലിന്റെ കീഴിലെത്തിയ ന്യൂസീലൻഡ് ടീം, അങ്ങനെ ആ ചരിത്രത്തിന് ഒരറുതി വരുത്തി.

ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിന് പരാജയം ഉണ്ടാക്കുന്ന സമ്മർദം ഏറെയായിരിക്കും. തോൽവിയിലും കോലിക്ക് ആരാധകരുടെ നിറഞ്ഞ കൈയടി ലഭിച്ചു.

ന്യൂസീലൻഡ് ഉയർത്തിയ 338 എന്ന വലിയ ലക്ഷ്യം ഭേദിക്കാനിറങ്ങിയ ഇന്ത്യൻ നിരയിൽ, ആ സാഹചര്യത്തിനൊത്ത് പ്രകടനം നടത്തിയത് കോലിയും നിതീഷും ഹർഷിതും മാത്രമാണ്. ഓപ്പണർമാരായ രോഹിത് ശർമയും (13 പന്തിൽ 11) ശുഭ്മാൻ ഗില്ലും (18 പന്തിൽ 23) വേഗംമടങ്ങി. ശ്രേയസ് അയ്യരും (3) വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലും (1) രവീന്ദ്ര ജഡേജയും (12) നിരാശപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 337 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 46 ഓവറിൽ 296-ന് പുറത്തായി. ന്യൂസീലൻഡിന് 41 റൺസ് ജയം.

തോൽവിയിലും ഇന്ത്യൻ നിരയിലെ വിരാട് കോലിയുടെ പോരാട്ടവീര്യം വേറിട്ടുനിന്നു. കോലിയുടെ കരിയറിലെ 85-ാമത്തേയും ഏകദിനത്തിലെ 53-ാമത്തേയും സെഞ്ചുറിയാണിത്. 108 പന്തുകളിൽ മൂന്ന് സിക്‌സും പത്ത് ബൗണ്ടറിയും സഹിതം 124 റൺസാണ് താരത്തിന്റെ സമ്പാദ്യം. ക്രിസ്റ്റ്യൻ ക്ലാർക്കിന്റെ പന്തിൽ ഡറിൽ മിച്ചലിന് ക്യാച്ച് നൽകി ഒൻപതാമാനായാണ് കോലിയുടെ മടക്കം. കിവീസിനായി സകരി ഫോൾക്‌സും ക്രിസ്റ്റിയൻ ക്ലാർക്കും മൂന്നുവീതം വിക്കറ്റുകൾ നേടി. ജയ്ഡൻ ലെനക്‌സിന് രണ്ട് വിക്കറ്റുകൾ.

71-ന് നാല് എന്ന നിലയിൽ തകർന്ന ഇന്ത്യയെ കോലിയും നിതീഷും ചേർന്നാണ് കൈപിടിച്ചുയർത്തിയത്. ഇതിനിടെ ക്രിസ്റ്റ്യൻ ക്ലാർക്കിന്റെ പന്തിൽ വിൽ യങ്ങിന് ക്യാച്ച് നൽകി നിതീഷ്‌കുമാർ മടങ്ങി. 57 പന്തിൽ രണ്ടുവീതം സിക്‌സും ഫോറുമടിച്ചാണ് 53 റൺസ് നേടിയത്. തുടർന്ന് ഹർഷിത് റാണയും രക്ഷാശ്രമത്തിൽ പങ്കുകൊണ്ടു. ഹർഷിത് 43 പന്തുകളിൽ നാലുവീതം ഫോറും സിക്‌സും സഹിതം 52 റൺസ് നേടി. ലെനക്‌സിന്റെ പന്തിൽ പുറത്തായതോടെ നേരിയ പ്രതീക്ഷയും അസ്ഥാനത്തായി. പിന്നീടെത്തിയ സിറാജ് (0), കുൽദീപ് യാദവ് (5) എന്നിവരും മടങ്ങിയതോടെ ഇന്ത്യ തോൽവി സമ്മതിച്ചു. പരമ്പര നഷ്ടവും. 2019-ന് ശേഷം സ്വന്തം നാട്ടിൽ ഏകദിന പരമ്പര തോറ്റിട്ടില്ല എന്ന കണക്കിനും അന്ത്യമായി.

മിച്ചൽ-ഫിലിപ്സ് മാസ് ഇന്നിങ്സ്

നേരത്തേ ഡറിൽ മിച്ചലിന്റേയും ഗ്ലെൻ ഫിലിപ്‌സിന്റേയും സെഞ്ചുറികളാണ് സന്ദർശകർക്ക് വൻ ടോട്ടൽ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവികൾ, നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു. ഇന്ത്യക്കായി അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും മൂന്നുവീതം വിക്കറ്റുകൾ നേടി.

ഒരുഘട്ടത്തിൽ അഞ്ചിന് രണ്ട് എന്ന നിലയിലായിരുന്ന ന്യൂസീലൻഡിനെ പിന്നീട് മിച്ചലും ഫിലിപ്‌സും ചേർന്നാണ് വൻ സ്‌കോറിലെത്തിച്ചത്. 131 പന്തുകളിൽ മൂന്ന് സിക്‌സും 15 ബൗണ്ടറിയും സഹിതം 137 റൺസ് നേടിയ മിച്ചലാണ് ന്യൂസീലൻഡിന്റെ ടോപ് സ്‌കോറർ. ഫിലിപ്‌സ് 88 പന്തുകളിൽ മൂന്ന് സിക്‌സും ഒൻപത് ബൗണ്ടറിയും സഹിതം 106 റൺസും നേടി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 186 പന്തുകളിൽ 219 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇന്ത്യക്കെതിരേ ന്യൂസീലൻഡ് നേടുന്ന രണ്ടാമത്തെ ഏറ്റവുംവലിയ കൂട്ടുകെട്ടാണിത്.

ഒടുവിൽ മിച്ചലിനെ മുഹമ്മദ് സിറാജും ഫിലിപ്‌സിനെ സ്‌ക്വാഡിൽ തിരിച്ചെത്തിയ അർഷ്ദീപ് സിങ്ങും പുറത്താക്കി. മിച്ചൽ പുറത്തായപ്പോൾ വിരാട് കോലി അദ്ദേഹത്തിന് കൈയടിക്കുകയും ബഹുമാനപൂർവം അദ്ദേഹത്തെ ബൗണ്ടറി ലൈനിന് പുറത്തേക്ക് തള്ളുകയും ചെയ്തത് ശ്രദ്ധേയമായി. ദേവൻ കോൺവെ (5), ഹെന്റി നിക്കോൾസ് (0) എന്നീ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ മടക്കി ഹർഷിതും അർഷ്ദീപും മികച്ച തുടക്കം നൽകി. വിൽ യങ് 41 പന്തുകളിൽ 30 റൺസെടുത്തു. ക്യാപ്റ്റൻ മൈക്കിൾ ബ്രേസ്‌വെൽ (28*) പുറത്താവാതെ നിന്നു. വിക്കറ്റ് കീപ്പർ മിച്ചൽ ഹയ് (2), സകരി ഫോൾക്‌സ് (10), ക്രിസ്റ്റ്യൻ ക്ലാർക്ക് (11),  എന്നിങ്ങനെയാണ് മറ്റുപേരുടെ സ്കോർനില.

ഹർഷിത് റാണ പത്തോവറിൽ 84 റൺസ് വഴങ്ങിയപ്പോൾ അർഷ്ദീപ് 63 റൺസും വഴങ്ങി. സിറാജ് പത്തോവറിൽ 43 റൺസ് വിട്ടുകൊടുത്ത് ഒരുവിക്കറ്റ് നേടി. 

Content Highlights: India vs. New Zealand Crucial Third ODI