അഭിഷേകും സഞ്ജുവും നിരാശപ്പെടുത്തി, രക്ഷയായി വൈഭവും ഇഷാനും; ലങ്കയ്ക്കെതിരേ 170 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

#സ്പോർട്സ് ഡെസക്
ഇഷാൻ കിഷൻ | PTI
ഇഷാൻ കിഷൻ | PTI

നിഷിൻ: ഏഷ്യൻ ഗെയിംസ് സെമിയിൽ ശ്രീലങ്കയ്ക്കെതിരേ 170 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഇഷാൻ കിഷന്റെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് ടീമിനെ രക്ഷിച്ചത്. ഇഷാൻ 46 പന്തിൽ 80 റൺസെടുത്ത് പുറത്താവാതെ നിന്നു. മത്സരത്തിൽ ജയിക്കുന്നവർ ഫൈനലിൽ പാകിസ്താനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇതുവരെ ഒറ്റമത്സരംപോലും കളിക്കാതെയാണ് സെമിയിലെത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണിങ് സഖ്യത്തിന് മിന്നും തുടക്കം സമ്മാനിക്കാനായില്ല. അഭിഷേക് ശർമ വെറും ഏഴ് റൺസ് മാത്രമെടുത്ത് പുറത്തായി. വൺഡൗണായി ഇറങ്ങിയ സഞ്ജുവും ഏഴ് റൺസെടുത്ത് മടങ്ങി. അതോടെ ടീം 24-2 എന്ന നിലയിലായി. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ ബുദ്ധിമുട്ടുന്നതാണ് കണ്ടത്. ഓപ്പണർ വൈഭവ് സൂര്യവംശി പതിയെ അടിച്ചുകളിക്കാൻ തുടങ്ങിയതോടെയാണ് ഇന്ത്യൻ സ്‌കോർ അമ്പത് കടന്നത്. താരം 21 പന്തിൽ നിന്ന് 38 റൺസെടുത്ത് പുറത്തായി. ആറുഫോറുകളും രണ്ട് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.

ക്യാപ്റ്റൻ ശ്രേയസ് അയ്യരും(13) അക്ഷർ പട്ടേലും(8) പിന്നാലെ മടങ്ങി. വിക്കറ്റുകൾ പോകുമ്പോഴും ഒരുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ഇഷാൻ കിഷനാണ് ടീമിനെ കരകയറ്റിയത്. ഇഷാൻ ലങ്കൻ ബൗളർമാരെ അടിച്ചുതകർത്തു. അതോടെയാണ് സ്‌കോർ നൂറുകടന്നത്. തിലക് വർമ വെറും രണ്ട് റൺസെടുത്ത് പുറത്തായി. അവസാനഓവറുകളിൽ ഇഷാൻ കിഷൻ വെടിക്കെട്ടോടെ നിറഞ്ഞു. അതോടെ ലങ്ക പ്രതിരോധത്തിലായി. ഏറെക്കുറെ ഒറ്റയ്ക്കാണ് ഇഷാൻ ടീമിനെ മുന്നോട്ടുകൊണ്ടുപോയത്. ഇഷാൻ 46 പന്തിൽ 80 റൺസെടുത്തു. അതോടെ 169 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.

ഇന്ത്യൻ ടീം: വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദൂബെ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ

Content Highlights: India vs Sri Lanka, 2nd Semi-Final