ആരാധകര്‍ ഇനിയും കാത്തിരിക്കണം; ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം മാറ്റിവെച്ചു

-
-

മുംബൈ: ഈ മാസം അവസാനം നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം കോവിഡ്-19 വ്യാപനത്തെ തുടർന്ന് മാറ്റിവെച്ചു. ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ഐ.സി.സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങൾക്ക് ശ്രീലങ്കയിലേക്ക് വരാനാകില്ലെന്ന് ബി.സി.സി.ഐ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ അറിയിക്കുകയും ചെയ്തു.

മൂന്നു വീതം ഏകദിനങ്ങളും ട്വന്റി-20 മത്സരങ്ങളുമായിരുന്നു പരമ്പയിലുണ്ടായിരുന്നത്. ജൂൺ അവസാനം തുടങ്ങി ജൂലായ് തുടക്കംവരെ എന്ന രീതിയിലായിരുന്നു മത്സരത്തിന്റെ സമയക്രമം. മത്സരത്തിന്റെ കൃത്യമായ തിയ്യതികളും എണ്ണവും തീരുമാനിച്ചിരുന്നില്ല.

'ടീമംഗങ്ങൾ കുറേ നാളുകളായി പരിശീലനം നടത്തുന്നില്ല. അന്താരാഷ്ട്ര യാത്രാ വിലക്കുകൾ നീക്കുമെന്ന കാര്യത്തിലും ഉറപ്പില്ല. അതുകൊണ്ടുതന്നെ ജൂൺ-ജൂലായ് മാസങ്ങളില്‍ ശ്രീലങ്കൻ പര്യടനം നടത്താനാകില്ല', ബി.സി.സി.ഐ ട്രഷറർ അരുൺ ധുമാൽ വാർത്താ ഏജൻസിയായ പി.ടി.ഐയോട് വ്യക്തമാക്കി.

അതേസമയം, ശ്രീലങ്കൻ പര്യടനം ഓഗസ്റ്റിൽ നടന്നേക്കുമെന്നും സൂചനകളുണ്ട്. ഇരു ക്രിക്കറ്റ് ബോർഡുകളും തമ്മിൽ ഇത്തരത്തിൽ ചർച്ച നടക്കുന്നുണ്ടെന്നും അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും മത്സരമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Highlights: