വിക്കറ്റ് വീഴ്ത്തി തിരിച്ചടിച്ച് ഇന്ത്യ, പിടിച്ചുനിൽക്കാൻ കിവീസ്

വെല്ലിങ്ടൺ: ഇന്ത്യ-ന്യൂസീലൻഡ് ടെസ്റ്റ് ആവേശകരമായ അവസാനത്തിലേക്ക്. അഞ്ചാംദിനം രണ്ടാം സെഷനിൽ കിവീസ് ബാറ്റിങ് തുടരുകയാണ്. അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 194 റൺസെന്ന നിലയിലാണ് ആതിഥേയർ. നിലവിൽ 158 റൺസ് പിന്നിലാണ്. ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്സുമാണ് ക്രീസിൽ. അഞ്ചുവിക്കറ്റ് വീഴ്ത്തി മത്സരം ജയിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 720 റൺസെന്ന നിലയിൽ ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. 352 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡാണ് ഇന്ത്യക്കുള്ളത്.
രണ്ട് വിക്കറ്റിന് 119 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ന്യൂസിലൻഡ് തുടക്കത്തിൽ തന്നെ പതറി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി ക്രീസിൽ നിലയുറപ്പിച്ചിരുന്ന ഡെവോൺ കോൺവേയെയും രചിൻ രവീന്ദ്രയെയും മടക്കി. കോൺവേയെ വാഷിങ്ടൺ സുന്ദർ പുറത്താക്കിയപ്പോൾ രചിനെ പ്രസിദ്ധ് കൃഷ്ണയും പുറത്താക്കി. അതോടെ കിവീസ് 139-4 എന്ന നിലയിലേക്ക് വീണു. കോൺവേ 65 റൺസെടുത്തപ്പോൾ 37 റൺസാണ് രചിന്റെ സമ്പാദ്യം. തുടക്കത്തിൽ തന്നെ പ്രതിരോധത്തിലായ കിവീസിനെ പിന്നീട് ഡാരിൽ മിച്ചലും ടോ ബ്ലൻഡലുമാണ് മുന്നോട്ടുനയിക്കുന്നത്. ഇരുവരും ചേർന്ന് ടീമിനെ 170 കടത്തി.
എന്നാൽ അധികനേരം ഈ കൂട്ടുകെട്ടിനെ മുന്നോട്ടുപോകാൻ ഇന്ത്യ അനുവദിച്ചില്ല. അൻഷുൽ കാംബോജ് ബ്ലൻഡലിനെ മടക്കി ഇന്ത്യക്ക് പ്രതീക്ഷ നൽകി. 15 റൺസാണ് ബ്ലൻഡലെടുത്തത്. ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്സുമാണ് ക്രീസിൽ.
നാലാം ദിനം രണ്ടാമിന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ന്യൂസീലൻഡിന് രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ ടോം ലാഥത്തെ (0) നഷ്ടമായിരുന്നു. ജസ്പ്രിത് ബുംറയുടെ പന്തിൽ കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്തു. പിന്നാലെ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഹെന്റി നിക്കോൾസും കോൺവേയുമാണ് കിവീസിനായി രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്. ഇരുവരും ചേർന്ന് ടീമിനെ അമ്പത് കടത്തി. സ്കോർ 60 ൽ നിൽക്കേ നിക്കോൾസിനെ മടക്കി പ്രസിദ്ധ് കൃഷ്ണ ന്യൂസീലൻഡിനെ പ്രതിരോധത്തിലാക്കി. 31 റൺസാണ് നിക്കോൾസിന്റെ സമ്പാദ്യം. ബാറ്ററുടെ തൊട്ടടുത്ത് ഷോർട്ട് ലെഗിൽ നിലയുറപ്പിച്ച ധ്രുവ് ജുറെൽ ഉഗ്രൻ ക്യാച്ചുമായി നിക്കോൾസിനെ മടക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ രചിൻ രവീന്ദ്രയുമായി ചേർന്നാണ് നാലാം ദിനം കോൺവേ കിവീസിനെ ടീം നൂറുകടത്തുന്നത്.
ആദ്യ ഇന്നിങ്സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 720 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ആദ്യ അഞ്ച് ബാറ്റർമാരിൽ നിന്ന് ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറികളും പിറന്നു. കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവരുടെ സെഞ്ചുറികളും യശസ്വി ജയ്സ്വാൾ, ദേവദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ, ധ്രുവ് ജുറെൽ എന്നിവരുടെ അർധസെഞ്ചുറികളുമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ന്യൂസീലൻഡിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. ഒരു ടെസ്റ്റ് ഇന്നിങ്സിൽ ആദ്യ ഏഴ് വിക്കറ്റിലും അമ്പതിലധികം റൺസ് കൂട്ടുകെട്ട് നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഇന്ത്യ സ്വന്തമാക്കി.ന്യൂസീലൻഡ് ആദ്യ ഇന്നിങ്സിൽ 368 റൺസിന് പുറത്തായിരുന്നു.
Content Highlights: New Zealand vs India, 1st Test, India tour of New Zealand 2026