അർദ്ധ സെഞ്ചുറിയുമായി മൂന്ന് ബാറ്റർമാർ; പാകിസ്താൻ എയ്ക്കെതിരെ ഇന്ത്യ എയ്ക്ക് 314 റൺസ് വിജയലക്ഷ്യം

ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ പാകിസ്താൻ എയ്ക്കെതിരെ ഇന്ത്യ എയ്ക്ക് 314 ൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ 49.2 ഓവറിൽ 313 റൺസിന് എല്ലാവരും പുറത്തായി. അർദ്ധ സെഞ്ചുറി നേടിയ മാസ് സദാഖത്, ഹസൻ നവാസ്, ഫർഹാൻ യൂസഫ് എന്നിവരാണ് പാകിസ്താന് മികച്ച സ്കോർ സമ്മാനിച്ചത്.
ഷാമിൽ ഹുസൈനും മാസ് സദാഖതും ചേർന്ന് മികച്ച തുടക്കമാണ് പാകിസ്താന് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 66 റൺസ് കൂട്ടിച്ചേർത്തു. 23 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 33 റൺസ് നേടിയ ഷാമിൽ ഹുസൈനെ പുറത്താക്കി ബദോനിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിലെത്തിയ റൊഹെയ്ൽ നാസിർ മമൂന്ന് പന്ത് നേരിട്ട് പുറത്തായി. ഹർഷിത് റാണയ്ക്കാണ് വിക്കറ്റ്. പിന്നീട് സദാഖതും ഹസൻ നവാസും ചേർന്ന് അർദ്ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 63 പന്തിൽ 59 റൺസായിരുന്നു സദാഖതിന്റെ സംഭാവന.
സദാഖത് പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ അബ്ദുൽ സമദ് 35 പന്തിൽ 28 റൺസ് നേടി. ഹസൻ നവാസ് 82 പന്തിൽ 79 റൺസെടുത്ത് പുറത്തായി. 48 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 56 റൺസ് നേടിയ ഫർഹാൻ യൂസഫിന്റെ ഇന്നിങ്സ് നിർണായകമായി. മുഹമ്മദ് ഇമ്രാൻ 14 പന്തിൽ 23 റൺസ് അടിച്ചു സ്കോറിങ് വേഗത കൂട്ടി. പിന്നീട് വാലറ്റക്കാർ രണ്ടക്കം കാണാതെ പുറത്തായി. സാദ് മസൂദ് ഒമ്പത് റൺസെടുത്തപ്പോൾ അഹമ്മദ് ദാനിയലിന്റെ സമ്പാദ്യം എട്ട് റൺസായിരുന്നു. അലി റാസ രണ്ട് റൺസെടുത്തും ക്രീസ് വിട്ടു. സുഫ്യാൻ മോഖിം മൂന്ന് റൺസോടെ പുറത്താകാതെ നിന്നു.
ഇന്ത്യ എ ടീമിനായി ഹർഷിത് റാണ, പ്രിൻസ് യാദവ്, സൂര്യാൻഷ് ഷെഡ്ഗെ, വിപ്രജ് നിഗം എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു. ആയുഷ് ബദോനി ഒരു വിക്കറ്റ് വീഴ്ത്തി.
Content Highlights: Pakistan A scored 313 runs in 49.2 overs against India A, Maaz Sadaqat, Hasan Nawaz, and Farhan Yousaf scored half-centuries, Harshit Rana, Prince Yadav, Suryansh Shedge, and Vipraj Nigam took two wickets each for India A, India A requires 314 runs to win in the Asia Cup Rising Stars tournament