'അതുപോലെ ഒരു ദിവസം നമ്മളറിയും ധോനി വിരമിച്ചെന്ന്'

Image Courtesy: Twitter
Image Courtesy: Twitter

മുംബൈ: ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്ക് ആഗ്രഹമുണ്ടെന്ന് തോന്നുന്നില്ലെന്ന് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ളെ.

ടെസ്റ്റില്‍ നിന്ന് വിരമിച്ച പോലെയും ക്യാപ്റ്റന്‍സി ഉപേക്ഷിച്ച പോലെയും ആളും ആരവങ്ങളും ഒന്നും ഇല്ലാതെയാകും അദ്ദേഹത്തിന്റെ വിരമിക്കലെന്നും ഭോഗ്‌ളെ പറയുന്നു. ക്രിക്ബസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

''ധോനി എന്താണ് ചിന്തിക്കുന്നതെന്ന് മനസിലാക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എനിക്ക് തോന്നുന്നില്ല ധോനി എന്താണ് ചിന്തിക്കുന്നതെന്ന് അദ്ദേഹത്തിന്‍രെ നിഴലിനു പോലും മനസിലാകുമെന്ന്. അത്രയ്ക്ക് രഹസ്യമായിട്ടാണ് ധോനി കാര്യങ്ങള്‍ ചെയ്യുക'', ഭോഗ്‌ളെ കൂട്ടിച്ചേര്‍ത്തു.

''ധോനി ടെസ്റ്റില്‍ നിന്ന് വിരമിച്ചപ്പോഴും ക്യാപ്റ്റന്‍സി ഉപേക്ഷിച്ചപ്പോഴും ഞാനിത് പറഞ്ഞതാണ്. അതുപോലെ തന്നെ ആരവങ്ങളൊന്നും ഇല്ലാതെയാകും ധോനിയുടെ വിടപറച്ചില്‍. ഒരു ദിവസം നമ്മള്‍ തിരിച്ചറിയും ധോനി വിടപറഞ്ഞെന്ന്. മെല്ലെ എല്ലാറ്റില്‍ നിന്നും വഴുതിമാറി സ്വന്തം കാര്യം നോക്കിയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം. അതുകൊണ്ടുതന്നെയാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള ധോനിയുടെ ആഗ്രഹം അവസാനിച്ചിരിക്കാമെന്ന് ഞാന്‍ പറയുന്നത്. വരുന്ന ട്വന്റി 20 ലോകകപ്പിനായി അദ്ദേഹം കാത്തിരിക്കുകയാണെന്നും എനിക്കു തോന്നുന്നില്ല. നല്ലൊരു ഐ.പി.എല്‍ സീസണ്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ധോനി മറിച്ച് ചിന്തിച്ചേനേ. എന്നാലിപ്പോള്‍ അതെല്ലാം കഴിഞ്ഞിരിക്കുന്നു'', ഭോഗ്‌ലെ വ്യക്തമാക്കി.

അതേസമയം ധോനി ക്രിക്കറ്റിനോട് വിടപറയാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ധോനിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സ്പോര്‍ട്സ്‌കീഡയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിരമിക്കലിനെ കുറിച്ച് ബി.സി.സി.ഐയോട് ധോനി ഔദ്യോഗികമായി സംസാരിച്ചിട്ടില്ലെങ്കിലും തീരുമാനം അദ്ദേഹം കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോട് പങ്കുവച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2019-ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ടീം പുറത്തായതിനുശേഷം ധോനി ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചിട്ടില്ല. അനിശ്ചിതകാലമായി ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കുകയാണ് അദ്ദേഹം.

Content Highlights: Harsha Bhogle has a gut feeling that MS Dhoni’s India ambitions might be over

Content Highlights: