ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു, ഹാർദിക് പാണ്ഡ്യ തിരിച്ചെത്തി, ചതുർദിന മത്സരങ്ങളിൽ ദേവ്ദത്ത് നയിക്കും

ഹര്‍ദിക് പാണ്ഡ്യ | Photo : AFP
ഹര്‍ദിക് പാണ്ഡ്യ | Photo : AFP

ചെന്നൈ: ഒരിടവേളയക്ക് ശേഷം ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ ഹാർദിക് പാണ്ഡ്യ. ഓസ്‌ട്രേലിയ എ ടീമിനെതിരായ പരമ്പയ്ക്കുള്ള ഇന്ത്യ എ ടീമിൽ ഹാർദിക് പാണ്ഡ്യയേയും ഉൾപ്പെടുത്തി. സെപ്റ്റംബർ 22 മുതൽ പുതുച്ചേരിയിൽ നടക്കുന്ന പരമ്പരയിൽ രണ്ട് ചതുർദിന മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. ചതുർദിന മത്സരങ്ങളിൽ ഇന്ത്യയെ ദേവ്ദത്ത് പടിക്കൽ നയിക്കും.

ഋതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ഏകദിനത്തിനുള്ള ടീമിലാണ് ഹാർദിക് പാണ്ഡ്യ ഇടം നേടിയത്. ഐപിഎല്ലിനിടെ പരിക്കേറ്റിരുന്ന ഇന്ത്യൻ താരം പിന്നീട് ഗ്രൗണ്ടിലിറങ്ങിയിരുന്നില്ല. നിലവിൽ കാൽതുടയിലെ പരിക്കിനെ തുടർന്ന് ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഫോർ എക്‌സലൻസിലാണ്് താരം. കായികക്ഷമത തെളിയിച്ചാൽ മാത്രമേ ഹാർദിക്കിന് ഈ പരമ്പരയിൽ കളിക്കാനാകൂ.

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രധാന താരമായ ഹാർദിക് പരിക്കിനെ തുടർന്ന് അഫ്ഗാനിസ്താനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിരുന്നില്ല. ഒക്ടോബർ അവസാനം ന്യൂസീലൻഡിനെതിരായി നടക്കുന്ന പരമ്പരയിലൂടെ ഹാർദിക് സീനിയർ ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് തയ്യാറെടുപ്പുകൾ നടത്തുന്ന ഇന്ത്യൻ ടീമിനെ സംബന്ധിച്ച് പാണ്ഡ്യയുടെ തിരിച്ചുവരവ് നിർണായകമാണ്.

അതേസമയം, കാൽവിരലിനേറ്റ പരിക്കിനെ തുടർന്ന് വിട്ടുനിന്ന സായ് സുദർശനും കളിക്കളത്തിലേക്ക് തിരിച്ചെത്തും. ചതുർദിന മത്സരങ്ങളിൽ സായ് സുദർശനാണ് വൈസ് ക്യാപ്റ്റൻ.

ദുലീപ് ട്രോഫി ഫൈനലിൽ സെഞ്ചുറി നേടിയ ജാർഖണ്ഡ് വിക്കറ്റ് കീപ്പർ-ബാറ്റർ കുമാർ കുഷാഗ്രയും ഇന്ത്യ എ ടീമിൽ ഇടം നേടി. ചതുർദിന മത്സരങ്ങൾക്കുള്ള ടീമിൽ എൻ. ജഗദീശനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Hardik Pandya included in India A one-day squad against Australia subject to fitness., Devdutt Padikkal to lead the red-ball side with B Sai Sudharsan as deputy., Matches will be played in Puducherry starting from September 22., Ruturaj Gaikwad will lead the one-day team.