ശ്രീശാന്തിനെ റൂംമേറ്റായി കിട്ടാൻ ആഗ്രഹം, പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, ഭാജി പ്രശ്നപരിഹാരത്തിനോ?

മുംബൈ: 2008-ലെ ഐപിഎലിന്റെ കന്നി സീസണിനിടെ അന്ന് മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർഭജൻ സിങ് അന്നത്തെ കിങ്സ് ഇലവൻ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം ഏറെ വിവാദമായിരുന്നു. അതിനുശേഷം ഇരുവരും പല വേദികളിലും ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ വീണ്ടുമൊരു പരാമർശം നടത്തിയിരിക്കുകയാണ് ഹർഭജൻ. ശ്രീശാന്തും താനും ഒരേ മുറിയിലാണെങ്കിൽ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമെന്നും, അതിനാൽ ശ്രീശാന്തിനെ തന്റെ റൂംമേറ്റായി കിട്ടാൻ ആഗ്രഹിക്കുന്നുവെന്നുമാണ് അടുത്തിയ ഒരു അഭിമുഖത്തിൽ ഭാജി പറഞ്ഞത്.
അടുത്തിടെ ഒരഭിമുഖത്തിൽ ശ്രീശാന്തും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഒരു ബോക്സിങ് റിങ്ങിൽവെച്ച് കാര്യങ്ങൾ ഒത്തുതീർപ്പാക്കാമെന്ന് ഹർഭജനെ വെല്ലുവിളിക്കുകയായിരുന്നു ശ്രീശാന്ത്. ഇരുവരും ബോക്സിങ് വേഷത്തിൽ നിൽക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അഭിമുഖത്തിനിടെ ഈ ചിത്രം കാണിച്ചപ്പോഴായിരുന്നു ശ്രീശാന്തിന്റെ വെല്ലുവിളി.
എന്നാൽ ഈ വെല്ലുവിളിയോട് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇപ്പോൾ ഹർഭജൻ പ്രതികരിച്ചിരിക്കുന്നത്. ''ഞങ്ങൾ രണ്ടുപേരും ഒരേ മുറിയിലാണെങ്കിൽ ഒരുപാട് കാര്യങ്ങൾ പരിഹരിക്കപ്പെടും. ആ കാഴ്ചപ്പാടിലൂടെയാണ് ഞാൻ ഇതിനെ കാണുന്നത്. അവനെ എന്റെ റൂംമേറ്റായി നിങ്ങൾക്ക് തിരഞ്ഞെടുക്കാം, എനിക്ക് അതിൽ കുഴപ്പമില്ല.''-പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഭാജി പറഞ്ഞു.
2008-ലെ ആദ്യ ഐ.പി.എൽ സീസണിലാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായ സംഭവമുണ്ടായത്. ഒരു മത്സരത്തിന് ശേഷം ഹർഭജൻ സിങ് ശ്രീശാന്തിനെ മൈതാനത്ത് വെച്ച് തല്ലിയതാണ് വിവാദമായത്. കരഞ്ഞുകൊണ്ട് നിൽക്കുന്ന ശ്രീശാന്തിന്റെ ദൃശ്യങ്ങൾ അന്ന് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഈ സംഭവത്തെത്തുടർന്ന് ഹർഭജന് 11 മത്സരങ്ങളിൽ നിന്ന് വിലക്കും വലിയ തുക പിഴയും ലഭിച്ചു. ഈ കടുത്ത പിണക്കത്തിന് ശേഷവും 2007-ലെ ടി20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും കിരീടം നേടിയ ഇന്ത്യൻ ടീമിൽ ഇരുവരും ഒന്നിച്ച് കളിച്ചിരുന്നു.
Content Highlights: Harbhajan Singh expressed a desire to have Sreesanth as his roommate to resolve past issues., This follows Sreesanth's recent lighthearted boxing ring challenge to Harbhajan in an interview., The 2008 IPL slap gate controversy remains one of the most talked-about incidents in Indian cricket history., Despite their past fallout, both players won World Cups together for India in 2007 and 2011.