‘ഈ തീരുമാനത്തിന് 10/10 മാർക്ക്’;ഗില്ലിനെ പുറത്താക്കിയതിന് പിന്നാലെ മാനേജ്മെന്റിനെ അഭിനന്ദിച്ച് ഹർഭജൻ

#സ്പോർട്സ് ഡെസ്ക്
ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ, മുഖ്യ സെലക്ടർ അജിത് അ​ഗാർക്കർ, സൂര്യകുമാർ യാദവ് എന്നിവർ | PTI
ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ, മുഖ്യ സെലക്ടർ അജിത് അ​ഗാർക്കർ, സൂര്യകുമാർ യാദവ് എന്നിവർ | PTI

മുംബൈ: 2026 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യ സെലക്ടർ അജിത് അഗാർക്കറിനെയും ടീം മാനേജ്മെന്റിനെയും അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയതടക്കമുള്ള മാനേജ്മെന്റിന്റെ തീരുമാനത്തിന് പത്തിൽ പത്ത് മാർക്കും നൽകുന്നതായി ഹർഭജൻ സിങ് വ്യക്തമാക്കി. ലോകകപ്പ് ടീമിൽ നിന്ന് ഉപനായകനായിരുന്ന ഗില്ലിനെയും ജിതേഷ് ശർമയേയും ഒഴിവാക്കുകയും ഇഷാൻ കിഷൻ, റിങ്കു സിങ് എന്നിവരെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഗില്ലിന് പകരം മലയാളി താരം സഞ്ജുവിനെ ഓപ്പണറാക്കാനുള്ള തീരുമാനത്തിലും മാനേജ്മെന്റെത്തി.

ഈ ടീം തിരഞ്ഞെടുപ്പിന് എന്റെ ഭാഗത്തുനിന്നും മുഴുവൻ മാർക്കുമുണ്ട്. അജിത് അഗാർക്കറിനും മാനേജ്‌മെന്റിനും ഞാൻ പത്തിൽ പത്ത് മാർക്കും നൽകും. ശുഭ്മാൻ ഗില്ലിന് ഇടം കിട്ടിയില്ല എന്ന തോന്നൽ ഉണ്ടായിരിക്കാം. പക്ഷേ അത് ശരിയാണെന്ന് ഞാൻ കരുതുന്നു. - ഹർഭജൻ പറഞ്ഞു.

ടീം കോമ്പിനേഷന് മുൻഗണന നൽകിയ സന്ദർഭങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെന്നും ഹർഭജൻ കൂട്ടിച്ചേർത്തു. അഗാർക്കർ, സൂര്യ എന്നിവരിൽ നിന്ന് ഞങ്ങൾ കേട്ടത് അവർക്ക് ടീമിനെ എങ്ങനെ സജ്ജീകരിക്കണം എന്നതിനെക്കുറിച്ചാണ്. റിങ്കു ടീമിൽ ഉള്ളതിൽ ഞാൻ വളരെ സന്തോഷവാനാണ്. അതേസമയം ഇഷാൻ കിഷനും തിരിച്ചെത്തിയിരിക്കുന്നു. സ്റ്റാൻഡ്‌ബൈയിൽ കണ്ടിരുന്ന ഒരാളാണ് അദ്ദേഹം, എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് സ്ഥാനം കിട്ടി. പ്രകടനത്തിന് അനുസരിച്ച് അവസരം ലഭിക്കുന്നു."- ഹർഭജൻ പറഞ്ഞു.

തുടർച്ചയായി അവസരം കിട്ടിയിട്ടും ടി20 ഫോർമാറ്റിൽ നിരാശപ്പെടുത്തി കൊണ്ടേയിരിക്കുന്നതാണ് ഗില്ലിന് തിരിച്ചടിയായത്. കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പരമ്പരയിലടക്കം ഗിൽ പരാജയമായിരുന്നു. തുടർച്ചയായി താരം മോശം പ്രകടനം കാഴ്ചവെക്കുന്നത് കടുത്ത അതൃപ്തിയുമുണ്ടാക്കി. പിന്നാലെ ആരാധകരും മുൻ താരങ്ങളടക്കം ഗില്ലിനെ ടീമിലുൾപ്പെടുത്തുന്നത് ചോദ്യം ചെയ്ത് രംഗത്തെത്തി. ഏകദിന, ടെസ്റ്റ് ഫോർമാറ്റിലടക്കം ടീമിലെ അനിഷേധ്യ സാന്നിധ്യമായിരുന്നിട്ടും ടി20 യിൽ പിഴച്ചതോടെയാണ് മാനേജ്മെന്റ് കടുത്ത തീരുമാനത്തിലേക്ക് കടന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ നിരാശപ്പെടുത്തുന്നതായിരുന്നു ഗില്ലിന്റെ ബാറ്റിങ്. ആദ്യ മത്സരത്തിൽ വെറും നാലുറൺസ് മാത്രമാണ് നേടാനായത്. രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി മടങ്ങി. മൂന്നാം ടി20 യിൽ 28 പന്തിൽ 28 റൺസാണ് താരത്തിന്റെ സമ്പാദ്യം. അതായത് ആദ്യ മൂന്ന് മത്സരങ്ങളിലും ഓപ്പണായിറങ്ങിയ ഗിൽ നേടിയത് വെറും 32 റൺസ് മാത്രം. ഗിൽ ടീമിലെത്തിയതോടെ ഓപ്പണറായിരുന്ന മലയാളി താരം സഞ്ജു സാംസണിന് പുറത്തിരിക്കേണ്ടിയും വന്നു. എന്നാൽ നാലാം മത്സരത്തിന് മുമ്പ് പരിക്കേറ്റതോടെ ഗിൽ പരമ്പരയിൽ നിന്ന് പുറത്തായി. നാലാം മത്സരത്തിൽ സഞ്ജു തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും മത്സരം മഴമൂലം ഉപേക്ഷിച്ചു. അഞ്ചാം മത്സരത്തിൽ സഞ്ജു ഓപ്പണറായെത്തി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

Content Highlights: Harbhajan Singh gives 10/10 to Ajit Agarkar and Co. after they drop Shubman Gill from India’s T20 World Cup squad