ശരീരം ലക്ഷ്യമാക്കി പന്തുകൾ; വൈഭവിന് വിലങ്ങിടാൻ 'ബോഡി-ലൈൻ'; ഗുജറാത്ത് ടൈറ്റൻസിനെതിരേ വിമർശനം

മുല്ലൻപുർ: ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം 15-കാരൻ വൈഭവ് സൂര്യവംശിയെ പ്രതിരോധത്തിലാക്കാൻ ബോഡി-ലൈൻ തന്ത്രം പ്രയോഗിച്ച ഗുജറാത്ത് ടൈറ്റൻസിനെതിരേ കടുത്ത വിമർശനം. മികച്ച ഫോമിലുള്ള വൈഭവിനെ കുരുക്കാൻ ഗുജറാത്ത് ബൗളർമാർ തുടർച്ചയായി ശരീരം ലക്ഷ്യമാക്കി ബൗൺസറുകൾ എറിഞ്ഞത് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനെ ചൊടിപ്പിച്ചു.
ഒരു ക്രിക്കറ്റ് താരം എന്നതിലുപരി ഒരു അച്ഛൻ കൂടിയായ തനിക്ക് ക്രൂരമായ ഈ തന്ത്രത്തോട് ഒട്ടും യോജിക്കാൻ സാധിക്കില്ലെന്ന് പത്താൻ എക്‌സിൽ കുറിച്ചു. '15 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിയെ തടയാൻ വേണ്ടി ബോഡി-ലൈൻ ബൗളിങ് പ്രയോഗിക്കുന്നത് ഒട്ടും ശരിയായി തോന്നുന്നില്ല. അവൻ കളിക്കുന്നത് മുതിർന്ന കളിക്കാർക്കെതിരെയാണെന്ന് അറിയാം, പക്ഷേ, എന്റെ ഉള്ളിലെ അച്ഛന് അതിനോട് യോജിക്കാൻ കഴിയില്ല', പത്താൻ വ്യക്തമാക്കി.
കഗിസോ റബാദയും മുഹമ്മദ് സിറാജും തുടർച്ചയായി വൈഭവിനെതിരേ ബോഡി-ലൈനിലായിരുന്നു ബൗൺസറുകൾ എറിഞ്ഞത്. പലപ്പോഴും പന്ത് ദേഹത്ത് തട്ടാതിരിക്കാൻ വൈഭവ് ഒഴിഞ്ഞുമാറുന്നതും കാണാമായിരുന്നു. റബാദയുടെ ഒരു ബൗൺസർ വൈഭവിന്റെ ഹെൽമറ്റിൽ തട്ടുകയും ചെയ്തു. എന്നിട്ടും ഗുജറാത്തിന്റെ ശക്തമായ ബൗളിങ് ആക്രമണത്തിനെതിരേ പിടിച്ചുനിന്ന് 47 പന്തിൽനിന്ന് വൈഭവ് 96 റൺസ് നേടി. സെഞ്ചുറിക്കടുത്തുവെച്ച് വീണ്ടും നിർഭാഗ്യം വൈഭവിന് വില്ലനാകുകയായിരുന്നു.
ഗുജറാത്തിന്റെ ഈ തന്ത്രത്തിനെതിരേ സോഷ്യൽ മീഡിയയിലും വലിയ വിമർശനമാണ് ഉയരുന്നത്. ഒരു 15-കാരന്റെ കരിയർതന്നെ അപകടത്തിലാക്കാൻ പോന്ന പന്തുകൾ എറിയുന്നത് സ്‌പോർട്‌സ്മാൻ സ്പിരിറ്റിന് നിരക്കുന്നതാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
അതേസമയം, ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറി മികവിൽ രാജസ്ഥാനെ ഏഴു വിക്കറ്റിന് കീഴടക്കി ഗുജറാത്ത് ഫൈനലിലേക്ക് മുന്നേറി.
Content Highlights: Gujarat Titans used aggressive body-line bouncers against 15-year-old Vaibhav Sooryavanshi., Irfan Pathan expressed strong disapproval of the tactic on social media., Vaibhav Suryavanshi showcased resilience by scoring 96 runs despite physical targeting., The incident has sparked a debate on sportsmanship in professional cricket.