സ്മിത്ത് സി.എസ്.എ ഡയറക്ടര്‍; ഡികോക്ക് ക്യാപ്റ്റനാകില്ലെന്ന് ആദ്യ പ്രഖ്യാപനം

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ഡയറക്ടറായി മുന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിന് സ്ഥിരനിയമനം. ഡിസംബറില്‍ അദ്ദേഹത്തെ താത്കാലിക ഡയറക്ടറായി നിയമിച്ചിരുന്നു.
ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ ക്വിന്റണ്‍ ഡികോക്ക് തുടരില്ലെന്നായിരുന്നു സ്മിത്തിന്റെ ആദ്യപ്രഖ്യാപനം. ഏകദിന ക്യാപ്റ്റന്‍ ഡികോക്ക് തന്നെയായിരിക്കും. മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ സ്ഥാനം ഒരുമിച്ച് കൊണ്ടുപോകുക പ്രയാസമാണെന്ന് സ്മിത്ത് അഭിപ്രായപ്പെട്ടു. ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ പരിഗണനയില്‍ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ഥാനമൊഴിഞ്ഞ ഫാഫ് ഡൂപ്ലെസിക്ക് പകരം ആര് ആ സ്ഥാനത്തേക്ക് വരുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എന്നാല്‍ അത് ഡിക്കോക്ക് ആയിരിക്കില്ലെന്ന് ഉറപ്പിച്ച് പറയാമെന്നും സ്മിത്ത് വ്യക്തമാക്കി. ഡിക്കോക്ക് ടീമിന്റെ പ്രധാന ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ്, അതിനാല്‍ തന്നെ ടെസ്റ്റിലും കൂടി ക്യാപ്റ്റനാക്കി താരത്തിന്റെ ജോലി ഭാരംകൂട്ടാനില്ലെന്നാണ് സ്മിത്ത് പറയുന്നത്.
അദ്ദേഹത്തെ സ്വതസിദ്ധമായ ശൈലിയില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കാൻ അനുവദിക്കുക എന്നതാണ് ടീമിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
Content Highlights: Graeme Smith appointed as CSA Director rules Quinton de Kock out of Test captaincy
Content Highlights: