'അങ്ങനെ കളിക്കാൻ കഴിയാത്ത പന്തുകളൊന്നുമില്ല, എല്ലാം ഇന്ത്യൻ ബാറ്റിങ് നിരയുടെ പിഴവ്'-വിമർശിച്ച് ഗംഭീർ

മൗണ്ട് മൗൻഗനൂയ്: ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റർമാരെ രൂക്ഷമായി വിമർശിച്ച് പരിശീലകൻ ഗൗതം ഗംഭീർ. ന്യൂസീലൻഡിന്റെ പേസർ മാറ്റ് ഹെന്റി എറിഞ്ഞ പന്തുകൾ നേരിടാൻ കഴിയാത്തവയാണെന്ന വാദം തള്ളിയ ഗംഭീർ പ്രശ്നം ഇന്ത്യൻ ബാറ്റർമാരുടെ ഭാഗത്താണെന്നും അതാണ് തന്റെ ആശങ്കയെന്നും വ്യക്തമാക്കി. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അന്താരാഷ്ട്ര ക്രിക്കറ്റിൽ നേരിടാൻ കഴിയാത്ത പന്തുകളൊന്നുമില്ല. ആദ്യ 10 ഓവറുകൾ ശ്രദ്ധിച്ച് കളിക്കണം എന്നത് ശരിയാണ്. മാറ്റ് ഹെന്റി നല്ല ഏരിയയിലാണ് പന്തെറിഞ്ഞത്, എന്നാൽ അതിനെ പ്രതിരോധിക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് കഴിയണം. 90 റൺസിനു താഴെ പുറത്താകുമ്പോൾ ഏത് കോച്ചും ആശങ്കപ്പെടും. ലോകകപ്പിന്റെ അതേ സാഹചര്യങ്ങളിലാണ് നമ്മൾ കളിക്കുന്നതെന്ന് ഓർമ വേണം. കഴിഞ്ഞ മത്സരത്തിലും ഇന്ത്യ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയിരുന്നു. അതാണ് കൂടുതൽ ആശങ്കപ്പെടുത്തുന്ന കാര്യം'-ഗംഭീർ ചൂണ്ടിക്കാട്ടി.
ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനവും ഗംഭീർ ഓർത്തെടുത്തു. ഡി.എൽ.എസ് നിയമപ്രകാരം ഇന്ത്യ വിജയിച്ച ആ മത്സരത്തിൽ 111 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് 7 വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ബാറ്റിങ് നിര പതിവായി ഇങ്ങനെ തകർന്നടിയുന്നതാണ് തന്നെ ആശങ്കപ്പെടുത്തുന്ന കാര്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസിലൻഡ് ആദ്യം ബാറ്റ് ചെയ്ത് 333 റൺസ് നേടിയിട്ടും ബൗളിങ് നിരയെ കുറിച്ച് ഗംഭീറിന് വലിയ പരാതികളൊന്നുമില്ലായിരുന്നു. ചില ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതിനാൽ ഇന്ത്യ ഫീൽഡിങ് നിരയിൽ കൂടുതൽ മെച്ചപ്പെടേണ്ടിയിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'ആഖ്വിബ് നബിക്ക് ഭാഗ്യമുണ്ടായിരുന്നില്ല. വിൽ യംഗിന്റെ ക്യാച്ച് എടുത്തിരുന്നെങ്കിൽ കാര്യങ്ങൾ ഇങ്ങനെ ആകുമായിരുന്നില്ല. ക്യാച്ചുകൾ നഷ്ടപ്പെടുത്തിയാൽ അതിന് വലിയ വില നൽകേണ്ടി വരും. നമ്മുടെ ബൗളിങ് നിരയെ കുറിച്ച് നമുക്കെല്ലാവർക്കും അഭിമാനിക്കാം.'-ഗംഭീർ കൂട്ടിച്ചേർത്തു.
Content Highlights: Head coach Gautam Gambhir criticized the Indian batting line-up following a heavy ODI defeat against New Zealand., Gambhir dismissed excuses regarding Matt Henry's bowling, stating there are no unplayable deliveries in international cricket., He expressed serious concern over recurring batting collapses and losing 7 wickets cheaply., Gambhir acknowledged bowling efforts but emphasized the need to improve fielding and catch-taking.