വിവാദ നായകനായ ചാപ്പലിന് പോലും ഇതിലും മികച്ച റെക്കോഡ്; ഗംഭീറിനേക്കാള്‍ മോശം ആ സിംബാബ്‌വെക്കാരന്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഗുവാഹാട്ടി ടെസ്റ്റിലും തോറ്റതോടെ ആരാധകരെല്ലാം പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെയാണ്. 408 റണ്‍സിന്റെ തോല്‍വി റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ്. ഇതാദ്യമായാണ് ഇന്ത്യ ടെസ്റ്റില്‍ 400 റണ്‍സിന് മുകളില്‍ തോല്‍വി വഴങ്ങുന്നത്.
ഗംഭീര്‍ ചുമതലയേറ്റ ശേഷം ഇന്ത്യ 18 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. അതില്‍ ഏഴ് വിജയങ്ങള്‍. ഒമ്പത് മത്സരങ്ങള്‍ തോറ്റു. രണ്ട് കളികള്‍ സമനിലയിലായി. 38.8 ശതമാനമാണ് ഗംഭീറിന്റെ വിജയ നിരക്ക്. 15 ടെസ്റ്റുകളിലെങ്കിലും ഇന്ത്യന്‍ ടീമിന്റെ മേല്‍നോട്ടം വഹിച്ച പരിശീലകരില്‍ ഡങ്കന്‍ ഫ്‌ളെച്ചറിന് (33.3 ശതമാനം) മാത്രം മുകളിലാണ് ഗംഭീറിന്റെ സ്ഥാനം.
ഇന്ത്യയുടെ വിവാദ പരിശീലകനായിരുന്ന ഓസ്‌ട്രേലിയയുടെ ഗ്രെഗ് ചാപ്പല്‍ പോലും ഗംഭീറിനേക്കാള്‍ മികച്ച വിജയശതമാനമുള്ളയാളായിരുന്നു. 2005-നും 2007-നും ഇടയില്‍, 18 മത്സരങ്ങളില്‍ ടീമിന്റെ പരിശീലകനായിരുന്നു ചാപ്പല്‍. ഏഴ് കളികള്‍ വിജയിക്കുകയും ഏഴ് കളികള്‍ സമനിലയിലാകുകയും ചെയ്തു. നാല് മത്സരങ്ങളില്‍ മാത്രമാണ് ചാപ്പലിന്റെ ടീം തോറ്റത്.
ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ പരിശീലകരായവരില്‍ മൂന്നുപേര്‍ക്ക് മാത്രമാണ് 50-ന് മുകളില്‍ വിജയ ശതമാനമുള്ളത്. മുന്‍ താരം കൂടിയായ അനില്‍ കുംബ്ലെയാണ് പട്ടികയില്‍ മുന്നില്‍. 2016-17 കാലത്ത് 17 ടെസ്റ്റുകളുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹത്തിനു കീഴില്‍ 12 ടെസ്റ്റുകളിലും ഇന്ത്യ ജയിച്ചു. തോറ്റത് ഒന്നില്‍ മാത്രം. നാല് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. 70.6 ശതമാനമായിരുന്നു വിജയ നിരക്ക്. കുറഞ്ഞത് 15 മത്സരങ്ങളിലെങ്കിലും ടീമിന്റെ ചുമതല വഹിച്ചിട്ടുള്ള പരിശീലകരിലെ ഏറ്റവും മികച്ച വിജയശതമാനം കുംബ്ലെയുടെ പേരിലാണ്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സി കാലം കൂടിയായിരുന്നു ഇത്. കോലിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കുംബ്ലെ പരിശീലക സ്ഥാനം രാജിവെച്ച് പോകുന്നത്.
രാഹുല്‍ ദ്രാവിഡാണ് പട്ടികയില്‍ രണ്ടാമത്. 2021-24 കാലത്ത് 24 ടെസ്റ്റുകളുടെ ചുമതല വഹിച്ച അദ്ദേഹത്തിനു കീഴില്‍ ടീം 14 വിജയങ്ങള്‍ നേടി. ഏഴ് തോല്‍വികളും മൂന്ന് സമനിലകളുമാണ് ഇക്കാലത്ത്. 58.3 ആയിരുന്നു ദ്രാവിഡിനു കീഴിലെ ടീം ഇന്ത്യയുടെ വിജയ ശതമാനം.
രവി ശാസ്ത്രിയാണ് മൂന്നാമത്. 2017 മുതല്‍ 2021 വരെ 43 ടെസ്റ്റുകളിലാണ് അദ്ദേഹം ടീമിന്റെ ചുമതലയിലുണ്ടായിരുന്നത്. അതില്‍ 25 വിജയങ്ങളും 13 തോല്‍വികളും അഞ്ച് സമനിലകളുമുണ്ട്. ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി വിജയമടക്കം ശാസ്ത്രിയുടെ ക്രെഡിറ്റിലുണ്ട്. 58.1 ആണ് ശാസ്ത്രിയുടെ വിജയ ശതമാനം.
ഇതിനു മുമ്പ് 2000-ലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. ഹാന്‍സി ക്രോണ്യയായിരുന്നു അന്ന് ക്യാപ്റ്റന്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ക്യാപ്റ്റനും. അതിനു ശേഷം പിന്നീട് ഓസ്‌ട്രേലിയ (2004), ഇംഗ്ലണ്ട് (2012), ന്യൂസീലന്‍ഡ് (2024) ടീമുകളോട് മാത്രമേ നാട്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റിരുന്നുള്ളൂ. ഇതില്‍ ന്യൂസീലന്‍ഡിനോടുള്ള തോല്‍വിയും ഗംഭീറിനു കീഴിലായിരുന്നു.
നാല് പതിറ്റാണ്ട് മുമ്പാണ് ഇന്ത്യ നാട്ടില്‍ തുടര്‍ച്ചയായി രണ്ട് ടെസ്റ്റ് പരമ്പരകള്‍ തോറ്റത്. 1983-ല്‍ വെസ്റ്റിന്‍ഡീസിനെതിരെയും 1984/85ല്‍ ഇംഗ്ലണ്ടിനെതിരേയും.
Content Highlights: Gautam Gambhir`s coaching record faces criticism after India`s heavy Test defeat. Comparing his stats to Greg Chappell and other former coaches.