വനിതാലോകകപ്പ്: ദക്ഷിണാഫ്രിക്കയെ 137 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍

Photo: twitter.com/ICC
Photo: twitter.com/ICC

ഹേഗ്‌ലി ഓവല്‍: ദക്ഷിണാഫ്രിക്കയെ 137 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട് വനിതാ ലോകകപ്പിന്റെ ഫൈനലില്‍. സെമി ഫൈനലില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക വെറും 156 റണ്‍സിന് ഓള്‍ ഔട്ടായി. ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളി. സ്‌കോര്‍: ഇംഗ്ലണ്ട് 50 ഓവറില്‍ എട്ടിന് 293. ദക്ഷിണാഫ്രിക്ക 38 ഓവറില്‍ 156 ന് ഓള്‍ ഔട്ട്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ഡാനി വ്യാട്ട് സെഞ്ചുറി നേടി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് പുറത്താവാതെ പിടിച്ചുനിന്ന വ്യാട്ട് 125 പന്തുകളില്‍ നിന്ന് 12 ഫോര്‍ ഉള്‍പ്പെടെ 129 റണ്‍സ് അടിച്ചെടുത്തു. വാലറ്റത്ത് സോഫിയ ഡ്യൂന്‍ക്ലേയും മികച്ച പ്രകടനം പുറത്തെടുത്തു. 72 പന്തുകളില്‍ നിന്ന് 60 റണ്‍സാണ് താരം നേടിയത്. 

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ശബ്‌നിം ഇസ്മായില്‍ 10 ഓവറില്‍ 46 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു. മരിസാന്‍ ക്യാപ്പും മസാബാറ്റ ക്ലാസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

294 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍പ്പോലും വിജയപ്രതീക്ഷ നിലനിര്‍ത്തിയില്ല. 96 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകള്‍ നിലംപൊത്തി. 30 റണ്‍സെടുത്ത മിഗ്നോന്‍ ഡു പ്രീസും 28 റണ്‍സ് നേടിയ ലാറ ഗുഡ്ഡാലും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചുനിന്നത്. 

ഇംഗ്ലണ്ടിനുവേണ്ടി സോഫി എക്‌സെല്‍സ്റ്റോണ്‍ എട്ടോവറില്‍ വെറും 36 റണ്‍സ് മാത്രം വിട്ടുനല്‍കി ആറുവിക്കറ്റ് വീഴ്ത്തി. അന്യ ഷ്‌റബ്‌സോള്‍ രണ്ട് വിക്കറ്റ് നേടി. 

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് അഞ്ചാം കിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഏഴാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിന് യോഗ്യത നേടുന്നത്. ഏപ്രില്‍ മൂന്ന് ഞായറാഴ്ച ഫൈനല്‍ നടക്കും. 

Content Highlights: England thrash South Africa to reach Women’s Cricket World Cup final