എല്ലാം സൈനികനായിരുന്ന അച്ഛനുവേണ്ടി; 'ജയ് ജവാൻ, ജയ് കിസാൻ' ടാറ്റൂ കാണിച്ച് ജുറെലിന്റെ ആഘോഷം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ വ്യത്യസ്ത ആഘോഷവുമായി ഇന്ത്യൻ താരം ധ്രുവ് ജുറെൽ. തന്റെ കൈയിലെ 'ജയ് ജവാൻ, ജയ് കിസാൻ' എന്ന ടാറ്റൂ കാണിച്ചാണ് താരം ആഘോഷിച്ചത്. ഇന്ത്യൻ സൈന്യത്തിൽനിന്ന് വിരമിച്ച ഹവിൽദാറായ അച്ഛൻ നേം ചന്ദിനുവേണ്ടിയായിരുന്നു ധ്രുവ് ജുറെലിന്റെ ഈ ആഘോഷം. സ്വയം വിരമിക്കുന്നതിന് മുമ്പ് അദ്ദേഹം 1999-ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിരുന്നു.
ഇതിന് മുമ്പും കളിക്കളത്തിലെ തന്റെ നേട്ടങ്ങൾ അച്ഛന് തന്നെയാണ് ധ്രുവ് സമർപ്പിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ അർദ്ധ സെഞ്ചുറിയിലെത്തിയപ്പോൾ സല്യൂട്ടോടെ ആയിരുന്നു ആഘോഷം. അച്ഛന് വേണ്ടിയായിരുന്നു ആ സല്യൂട്ടും. 2024-ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും ഇതേ സല്യൂട്ടുണ്ടായിരുന്നു. തനിക്കൊരു സല്യൂട്ട് കാണിക്കണമെന്ന് അച്ഛൻ പറഞ്ഞിരുന്നുവെന്നും അതിനാലാണ് അങ്ങനെ ചെയ്തതെന്നും അന്ന് ജുറെൽ പറഞ്ഞിരുന്നു.
ഹാർദിക് പാണ്ഡ്യക്കുശേഷം ശ്രീലങ്കയിൽ ഏഴാം നമ്പറിലോ അതിന് താഴെയോ ബാറ്റിങ്ങിനിറങ്ങിയ ടെസ്റ്റ് സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായും ധ്രുവ് ജുറെൽ. ഇന്ത്യ അഞ്ച് വിക്കറ്റിന് 296 റൺസ് എന്ന നിലയിലായിരിക്കുമ്പോൾ ബാറ്റിങ്ങിനിറങ്ങിയ ജുറെൽ ഇന്ത്യ 500 റൺസ് പിന്നിടുന്നതുവരെ ക്രീസിൽ തുടർന്നു. 177 പന്തിൽ 115 റൺസുമായി താരം പുറത്താകാതെ നിന്നു. ജുറെലിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറി കൂടിയാണിത്. വിദേശത്ത് ആദ്യത്തേതും. ഇതിന് മുമ്പ് അഹമ്മദാബാദിൽ വെസ്റ്റിൻഡീസിനെതിരെ 125 റൺസ് അടിച്ചിരുന്നു.
Content Highlights: Dhruv Jurel scored an unbeaten 115 runs off 177 balls against Sri Lanka., He celebrated his second Test century by showing a 'Jai Jawan, Jai Kisan' tattoo., The gesture was dedicated to his father, Nem Chand, a retired Havildar and Kargil War veteran.