ഏഴ് പേരെ പരീക്ഷിച്ച ഗംഭീറിന്റെ തലവേദന ഒഴിഞ്ഞു; മൂന്നാം നമ്പറിൽ ദേവ്ദത്ത് തന്നെ!

#സ്പോർട്സ് ഡെസ്ക്
ദേവ്ദത്ത് പടിക്കല്‍ | Photo: BCCI
ദേവ്ദത്ത് പടിക്കല്‍ | Photo: BCCI

കറങ്ങിക്കളിക്കുന്ന ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്റിങ് പൊസിഷൻ ഒടുവിൽ ഒരാളിലേക്ക് എത്തിച്ചേർന്നിരിക്കുന്നതുപോലെയായിരുന്നു ഗാലെയിൽ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിങ്. നങ്കൂരമിട്ട് കളിച്ച് സെഞ്ചുറിത്തീരത്തെത്തിയ ദേവ്ദത്തിന് പകരക്കാരനെ ഇനി ഗംഭീറിന് തേടേണ്ടി വരില്ല. 2024 ജൂലായ് മുതൽ മൂന്നാം നമ്പറിൽ ഏഴ് പേരേ പരീക്ഷിച്ച ഗംഭീറിന് ആ തലവേദന ഒഴിഞ്ഞിരിക്കുന്നു.

തന്റെ മൂന്നാം ടെസ്റ്റിലാണ് മലയാളിയായ ദേവ്ദത്ത് ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി പിന്നിട്ടത്. ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിലെ സെഞ്ചുറി പ്രകടനം ആദ്യ ടെസ്റ്റിലും യുവതാരം ആവർത്തിക്കുകയായിരുന്നു. 2024 മാർച്ച് ഏഴിന് ധരംശാലയിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ഏകദിനത്തിലും ട്വന്റി 20യിലും അരങ്ങേറി മൂന്ന് വർഷത്തിന് ശേഷമായിരുന്നു വെള്ള ജെഴ്‌സിയിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാം മത്സരത്തിൽ കെ.എൽ രാഹുലിന് പകരം അവസാന ഇലവനിൽ ഇടം നേടിയ ദേവ്ദത്ത് 103 പന്തിൽ 65 റൺസും നേടി. 10 ഫോറും ഒരു സിക്‌സും അന്ന് 26-കാരന്റെ ബാറ്റിൽ നിന്ന് പിറന്നു. പിന്നീട് എട്ട് മാസങ്ങൾക്കുശേഷം നവംബറിൽ പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരേയും കളത്തിലിറങ്ങി. അന്ന് പക്ഷേ തിളങ്ങാനായില്ല. ആദ്യ ഇന്നിങ്‌സിൽ 23 പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ ദേവ്ദത്ത് രണ്ടാം ഇന്നിങ്‌സിൽ 71 പന്തിൽ നിന്ന് കണ്ടെത്തിയത് 25 റൺസ് മാത്രമാണ്.

എന്നാൽ പിന്നീട് ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിലെ മത്സരങ്ങൾ കാരണം ദേവ്ദത്തിന് രണ്ട് വർഷത്തോളം പുറത്തിരിക്കേണ്ടി വന്നു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിൽ സായ് സുദർശന് പരിക്കേറ്റതോടെ ദേവ്ദത്തിനെ വൺഡൗണായി പരീക്ഷിക്കുകയായിരുന്നു. സന്നാഹത്തിൽ മികവ് തെളിയിച്ചതോടെ മറ്റൊരാളെ ഗംഭീറിന് തിരയേണ്ടി വന്നില്ല. പുറത്താകാതെ 142 റൺസാണ് സന്നാഹത്തിൽ ദേവ്ദത്ത് അടിച്ചത്. കോച്ചായി ചുമതലയേറ്റ ശേഷം പരീക്ഷിച്ച ഏഴ് പേരും കൂടെ 35 ഇന്നിങ്‌സ് കളിച്ചപ്പോൾ അമ്പതിൽ കൂടുതൽ സ്‌കോർ കണ്ടെത്തിയത് അഞ്ച് തവണ മാത്രമാണ്. ബാറ്റിങ് ശരാശരിയാകട്ടെ 27.28ഉം. അതിനേക്കാൾ എത്രയോ മികച്ച പ്രകടനമാണ് സന്നാഹത്തിലൂടെ ദേവ്ദത്ത് പുറത്തെടുത്തത്.

ലങ്കയ്‌ക്കെതിരായ ഏദ്യ ടെസ്റ്റിൽ സെഞ്ചുറിയിലേക്കെത്താൻ ദേവ്ദത്ത് എടുത്തത് 134 പന്തുകളാണ്. ഇതിൽ ഒമ്പത് ഫോറും ഒരു സിക്‌സറും ഉൾപ്പെടുന്നു. സൗരവ് ഗാംഗുലിക്ക് പിന്നാലെ മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങി സെഞ്ചുറി നേടുന്ന ഇടങ്കയ്യൻ ബാറ്റർ കൂടിയാണ് ദേവ്ദത്ത്. 2002-ൽ ഡൽഹിയിൽ സിംബാബ്​വെയ്‌ക്കെതിരെ 36 റൺസ് നേടിയ ഗാംഗുലിയുടെ പാതയാണ് ദേവ്ദത്തും പിന്തുടർന്നത്. ഇതിനടയിൽ ഈ നേട്ടത്തിലെത്തിയത് ശുഭ്മാൻ ഗിൽ മാത്രമാണ്. 2024 സെപ്റ്റംബറിൽ ചെന്നൈയിൽ ബംഗ്ലാദേശിനെതിരെയായിരുന്നു മൂന്നാം നമ്പറായി ഇറങ്ങി ഗില്ലിന്റെ സെഞ്ചുറി. മൂന്നാം നമ്പറിൽ ഇറങ്ങി നാല് സെഞ്ചുറി നേടിയ വിനോദ് കാംബ്ലിയാണ് ഇടങ്കയ്യൻ ബാറ്റർമാരുടെ പട്ടികയിൽ ഒന്നാമതുള്ളത്. ഗാംഗുലി മൂന്നെണ്ണം അടിച്ചെടുത്തിട്ടുണ്ട്. സലീം ദുരാനി, ബാപ്പു നദ്കർണി, അജിത് വഡേക്കർ, ഏകനാഥ് സോൾകർ, സുരീന്ദർ അമർനാഥ് എന്നിവരോടൊപ്പം മൂന്നാമതാണ് ഈ പട്ടികയിൽ ദേവ്ദത്ത്.

മലപ്പുറം ജില്ലയിൽ വേരുകളുള്ള ദേവ്ദത്തിന്റെ അച്ഛൻ ബാബുനു കുന്നത്ത് നിലമ്പൂരുകാരനാണ്. അമ്മ അമ്പിളി പടിക്കലിന്റെ നാടായ എടപ്പാളിലാണ് ദേവ്ദത്ത് ജനിച്ചത്. അവന് നാല് വയസുള്ളപ്പോൾ അച്ഛന്റെ ജോലിസ്ഥലമായ ഹൈദരാബാദിലേക്ക് പോയതാണ് കുടുംബം. കുട്ടിക്കാലത്ത് തന്നെ അവന്റെ ക്രിക്കറ്റ്പ്രേമം മനസിലാക്കിയ മാതാപിതാക്കൾ 2011-ൽ ബെംഗളൂരുവിലേക്ക് താമസം മാറി. 2019-ൽ വിജയ് ഹസാരെ ട്രോഫിയിൽ ടോപ് സ്‌കോററായി കർണാടകയെ ജേതാക്കളാക്കിയതോടെയാണ് ദേവ്ദത്ത് ശ്രദ്ധിക്കപ്പെട്ടത്. ഐപിഎല്ലിൽ 2020-ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിലെത്തി. പിന്നീട് രാജസ്ഥാൻ റോയൽസിനും ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലും കളിച്ചു. 2021-ൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ട്വന്റി-20 അരങ്ങേറ്റം.

Content Highlights: Devdutt Padikkal scored his maiden Test century against Sri Lanka., Coach Gautam Gambhir's search for a reliable number 3 batsman has successfully ended., Padikkal joins elite left-handed Indian batters like Sourav Ganguly with a number 3 Test century.