തോറ്റു, മൈതാനത്ത് വീണ്ടും പന്ത്-ഗോയങ്ക ചർച്ച; വൈറലായി വീഡിയോ

#സ്പോർട്സ് ഡെസ്ക്
​ഗോയങ്കയും പന്തും ചർച്ചയിൽ | X.com/@FaiyazWhat
​ഗോയങ്കയും പന്തും ചർച്ചയിൽ | X.com/@FaiyazWhat

ലഖ്‌നൗ: തുടക്കത്തിൽ വിറച്ചെങ്കിലും യുവതാരം സമീർ റിസ്‌വിയുടെയും ട്രിസ്റ്റ്യൻ സ്റ്റബ്‌സിന്റേയും അവസരോചിത ബാറ്റിങ്ങിലാണ് ഡൽഹി, ലഖ്നൗവിനെതിരേ ജയം പിടിച്ചെടുത്തത്. ലഖ്നൗ ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. നായകൻ ഋഷഭ് പന്തുൾപ്പെടെ ലഖ്നൗവിന്റെ ഒട്ടുമിക്ക മുൻനിര താരങ്ങളും നിരാശപ്പെടുത്തി. മത്സരശേഷം പന്തും പരിശീലകൻ ജസ്റ്റിൻ ലാംഗറും ഉടമ സഞ്ജീവ് ഗോയങ്കയുമായി ചർച്ചയിലേർപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ലഖ്‌നൗ തോറ്റതിന് പിന്നാലെ ഗോയങ്ക മൈതാനത്തെത്തി ക്യാപ്റ്റൻ പന്തുമായി കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. പന്തുമായി ഏറെനേരം ഗോയങ്ക സംസാരിച്ചു. ലഖ്‌നൗ പരിശീലകൻ ജസ്റ്റിൻ ലാംഗറും ഒപ്പമുണ്ടായിരുന്നു. ടീം തോറ്റാൽ ഗോയങ്ക ക്യാപ്റ്റൻമാരുമായും കോച്ചുമാരുമായും ചർച്ചയിലേർപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ സീസണിലും പന്ത്-ഗോയങ്ക ചർച്ച ചർച്ചയായി. 2024 ൽ അന്നത്തെ നായകൻ കെ.എൽ. രാഹുലുമായി ഗോയങ്ക തർക്കത്തിലേർപ്പെട്ടത് വൻ വാർത്തയായിരുന്നു.

ലഖ്നൗ ക്യാപ്റ്റനായിരുന്ന കെ.എൽ രാഹുലിനോട് പരാജയപ്പെട്ട ഒരു മത്സരത്തിനു ശേഷം സഞ്ജീവ് ഗോയങ്ക അതൃപ്തി പ്രകടിപ്പിച്ചതാണ് വലിയ വിവാദമായിരുന്നു. കഴിഞ്ഞ തവണ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സര ശേഷമായിരുന്നു ആ സംഭവം. മത്സരശേഷം ലഖ്നൗ ഡഗ്ഔട്ടിനടുത്തുവെച്ചാണ് ഗോയങ്ക, രാഹുലിനോട് അതൃപ്തി പ്രകടമാക്കിയത്. തുടർച്ചയായി തന്നോട് സംസാരിക്കുന്ന സഞ്ജീവിനു മുന്നിൽ രാഹുൽ മറുപടിയില്ലാതെ നിസ്സഹായനായി നിന്നത് ആരാധകർ ഇന്നും മറന്നിട്ടില്ല. സീസണിനു പിന്നാലെ രാഹുൽ ടീം വിടുകയും ചെയ്തിരുന്നു.

മത്സരത്തിൽ നാലിന് 26 റൺസെന്ന നിലയിൽ തകർന്ന ഡൽഹിയെ സമീർ റിസ് വിയും (47 പന്തിൽ 70*), സ്റ്റബ്‌സും (32 പന്തിൽ 39*) ചേർന്നാണ് ജയത്തിലേക്ക് നയിച്ചത്. അഞ്ചാം വിക്കറ്റിൽ 76 പന്തിൽ 119 റൺസാണ് കൂട്ടിച്ചേർത്തത്. സമീർ അഞ്ച് ഫോറും നാല് സിക്സും നേടി. സ്റ്റബ്‌സിന്റെ ഇന്നിങ്‌സിൽ മൂന്ന് ഫോറും ഒരു സിക്‌സുമുണ്ട്. കെ.എൽ. രാഹുൽ (പൂജ്യം), പാത്തും നിസങ്ക (ഒന്ന്), നിധീഷ് റാണ (15), അക്‌സർ പട്ടേൽ (പൂജ്യം) എന്നിവരാണ് പെട്ടെന്ന് പുറത്തായത്. ലഖ്‌നൗവിനായി പ്രിൻസ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിനായി 28 പന്തിൽ 35 റൺസെടുത്ത ഓപ്പണർ മിച്ചൽ മാർഷ്, 25 പന്തിൽ 36 റൺസെടുത്ത അബ്ദു സമദ് എന്നിവരാണ് തിളങ്ങിയത്. ക്യാപ്റ്റൻ ഋഷഭ് പന്തിനെ റണ്ണൗട്ടാക്കിയാണ് ഡൽഹി തുടക്കമിട്ടത്. ഒൻപത് പന്തിൽ ഏഴ് റൺസായിരുന്നു പന്തിന്റെ സംഭാവന. എയ്ഡൻ മാർക്രം (11), ആയുഷ് ബദോനി (പൂജ്യം), നിക്കോളാസ് പൂരൻ (എട്ട്) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ നാലിന് 65 എന്ന നിലയിലായി ലഖ്നൗ. അബ്ദു സമദിന്റെ ഇന്നിങ്‌സിൽ മൂന്ന് ഫോറും രണ്ടുസിക്സുമുണ്ട്. ഡൽഹിക്കായി എൻഗിഡി 27 റൺസിനും നടരാജൻ 29 റൺസിനുമാണ് മൂന്ന് വീതം വിക്കറ്റെടുത്തത്. കുൽദീപ് യാദവ് 31 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

Content Highlights: Delhi secured a win against Lucknow chasing 142 runs., Sameer Rizvi (70*) and Tristan Stubbs (39*) built a match-winning 119-run partnership., Post-match tension observed between team owner Sanjiv Goenka and captain Rishabh Pant.